News - 2024

മറിയം നന്ദിയുടെ ഗുരുനാഥ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 3

സിസ്റ്റർ റെറ്റി FCC 03-05-2024 - Friday

നന്ദിയുടെ ഗുരുനാഥയായ പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചാണ് ഇന്നത്തെ മരിയ സ്പന്ദനം. എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു എന്റെ ചിത്രം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു, (ലൂക്കാ: 1: 46-47). പരിശുദ്ധ അമ്മ എപ്പോഴും നന്ദിയുള്ളവൾ ആയിരുന്നു. നന്ദിയുള്ള ഒരു ഹൃദയത്തിൽ നിന്നും എപ്പോഴും ദൈവത്തിന്റെ സ്തുതിപ്പുകൾ ഉയർന്നുകൊണ്ടിരിക്കും. ദൈവം നൽകിയ അനുഗ്രഹങ്ങളെ ഓർത്തപ്പോൾ പരിശുദ്ധ അമ്മ സന്തോഷം കൊണ്ട് നിറയുന്ന ഒരു വലിയ അവസ്ഥയിലേക്ക് കടക്കുന്നു, ദൈവത്തെ മഹത്വപ്പെടുത്തുന്നു, അവിടുത്തെ സ്തുതിക്കുന്നു.

ഒരു വലിയ കൃപ സ്വന്തം ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ മറിയത്തിന് ദൈവത്തെ സ്തുതിക്കാതിരിക്കുവാൻ കഴിഞ്ഞില്ല. മനുഷ്യർക്ക് പരസ്പരം ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതവും എന്നാൽ ശക്തവുമായ കാര്യങ്ങളിൽ ഒന്നാണ് നന്ദി പ്രകടിപ്പിക്കുക എന്നത്.

കൃതജ്ഞത ഏറ്റവും മനോഹരമായ ഒരു വികാരമാണ്. തർക്കങ്ങൾ പരിഹരിക്കാനും സൗഹൃദങ്ങൾ ശക്തിപ്പെടുത്താനും അതിനു കഴിയും.. കൃതജ്ഞതയുടെ തുടക്കമാണ് നന്ദി. നന്ദിയുടെ പൂർത്തീകരണമാണ് കൃതജ്ഞത. എപ്പോഴും ദൈവം നൽകിയ ദാനങ്ങളെ ഓർത്ത് ദൈവത്തെ സ്തുതിച്ചാൽ നമുക്ക് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കും. നന്ദിയുള്ള ഹൃദയം അത്ഭുതങ്ങളുടെ ഒരു കാന്തമാണ്. ചില സമയങ്ങളിൽ സ്വന്തം പ്രകാശം അണയുകയും മറ്റൊരു വ്യക്തിയിൽ നിന്നുള്ള തീപ്പൊരിയാൽ വീണ്ടും ജ്വലിക്കുകയും ചെയ്യുന്നു, നമ്മുടെ ഉള്ളിൽ ജ്വാല ജ്വലിപ്പിച്ചവരെ ഓർത്ത് നാം ദൈവത്തെ സ്തുതിക്കണം. നന്ദിയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.

ഉദാഹരണം പറഞ്ഞാൽ നമ്മൾ കടയിൽ നിന്ന് ഒരു കിലോ ഓറഞ്ച് വാങ്ങിക്കുന്നു എന്നിരിക്കട്ടെ. ഓറഞ്ച് എടുക്കുന്നത് മുതൽ നാം ആ കടക്കാരനെ സൂക്ഷിച്ചു നോക്കും. കാരണം പൈസ കൊടുത്തിട്ടാണ് നാം ഓറഞ്ച് വാങ്ങിക്കുന്നത്. ഇനി ആ ചേട്ടൻ കൂട്ടിലിട്ട ഓറഞ്ച് തന്നാൽ കൂടെ നാം ഒന്നുകൂടെ നോക്കും അതിൽ ഒരെണ്ണം മോശമാണെങ്കിൽ നമ്മുടെ മുഖം മാറും നമുക്ക് അയാളെ ചീത്ത പറയാൻ തോന്നും. എന്നാൽ എല്ലാം നല്ലതുതന്നെ കിട്ടിയാൽ നമ്മിൽ എത്ര പേർ നന്ദി പറയാറുണ്ട്. നന്ദി പറയുന്നതുകൊണ്ട് നാം ആരുടെയും മുമ്പിൽ താഴുന്നില്ല.

അത് ഒരു സന്തോഷമാണ് ദൈവം നൽകിയ അനുഗ്രഹങ്ങൾ കണ്ടെത്തി നമുക്ക് നമ്മുടെ ജീവിതത്തിൽ ഒരു സ്തോത്ര ഗീതം പാടാം. ദൈവം നൽകിയ അനുഗ്രഹങ്ങൾ കണ്ടെത്തിയാൽ മാത്രമേ ദൈവത്തിന് നന്ദി പറയാൻ സാധിക്കുകയുള്ളൂ. ദിവസവും യാത്രയ്ക്കു പോകുന്ന വാഹനം അപകടത്തിൽ പെടാൻ സർവ്വ സാധ്യതയും ഉണ്ടായിരുന്നിട്ടും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടാൽ നാം അറിയാതെ പറയും ദൈവമേ നന്ദി.. എന്നാൽ പലപ്പോഴും അപകടത്തിന്റെ യാതൊരു സാധ്യത പോലും ഇല്ലാതെ നാം ലക്ഷ്യത്തിലെത്തിയാൽ പലപ്പോഴും നന്ദി പറയാൻ മറന്നു പോകാറില്ലേ.

സർവ്വശക്തനായ ദൈവം അർഹിക്കാത്ത കാരുണ്യവും അനന്തമായ സ്നേഹവും നൽകി നടത്തിയ വഴികൾ നൽകിയ അനുഭവങ്ങൾ എല്ലാം ഓർത്ത് നമുക്കും നന്ദി പറയാം.

കാറ്റൊന്ന് ആഞ്ഞുവീശിയാൽ ഉലഞ്ഞുപോകും നമ്മുടെ ജീവിതം.. മഴയൊന്ന് തിമിർത്തു പെയ്താൽ ഒലിച്ചു പോകാൻ മാത്രം ബലമില്ലാത്തവർ. തിരയൊന്ന് ആഞ്ഞടിച്ചാൽ നമ്മുടെ സ്വപ്നങ്ങൾ ഇല്ലാതാവും. എന്തിന് നമ്മൾ സഞ്ചരിക്കുന്ന വാഹനത്തിന്റെ ഡ്രൈവർ ഒന്ന് ഉറങ്ങിപ്പോയാൽ മതി നമ്മുടെ ജീവിതം പൊലിഞ്ഞു തീരാൻ നമ്മുടെ വാഹനത്തിലെ ഡ്രൈവർ ഉറങ്ങണമെന്നില്ല എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവർ ഉറങ്ങിയാൽ മതി. ജീവിതങ്ങൾ ഇത്രമാത്രം നിസാരമാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന കാര്യങ്ങളാണ് നമുക്ക് ചുറ്റുപാടും നാം കണ്ടുകൊണ്ടിരിക്കുന്നത്.. അങ്ങനെയുള്ള ഈ ജീവിതത്തിൽ ദൈവമേ നന്ദി എന്ന് പറയാനല്ലാതെ നമുക്ക് എന്തിനാണ് ആവുക എപ്പോഴും ദൈവം നൽകി അനുഗ്രഹങ്ങൾക്ക് നിരന്തരം നമ്മുടെ ജീവിതത്തിൽ നന്ദിയുള്ളവരാകാം.

നമ്മുടെ ജീവിതം മുഴുവന്‍ ദൈവത്തോടും അപരനോടുമുള്ള “നന്ദി” ആക്കാന്‍, സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയുമായ അനുദിന ചെയ്തികളിൽ “ നന്ദി” മുഖമുദ്രയാക്കി മാറ്റാന്‍ നമ്മുടെ അമ്മയായ മറിയം നമ്മെ സഹായിക്കട്ടെ.

More Archives >>

Page 1 of 959