News - 2024

നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ല; ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 04-05-2024 - Saturday

വത്തിക്കാന്‍ സിറ്റി: ഇടവക വൈദികരുടെ വിശേഷാല്‍ പ്രാധാന്യം പരാമര്‍ശിച്ച് വൈദികര്‍ക്ക് കത്തുമായി ഫ്രാൻസിസ് മാർപാപ്പ. ഇടവക വൈദികരെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ തയാറാക്കിയ കത്ത് വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. മാമ്മോദീസ സ്വീകരിച്ചവരെല്ലാം സുവിശേഷം പ്രഘോഷിക്കുന്ന ദൗത്യത്തിൽ പങ്കുചേരുന്ന ഒരു മിഷ്ണറി ദൗത്യത്തില്‍ പങ്കുചേരണമെന്നും കർത്താവ് പ്രവർത്തിച്ച അത്ഭുതങ്ങൾ പങ്കുവയ്ക്കാൻ കഴിയണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

വത്തിക്കാനിൽ നടന്ന ഇടവക വൈദികരുടെ ലോകസമ്മേളനത്തില്‍ പങ്കെടുത്ത വൈദികർക്ക് പാപ്പ കത്ത് നൽകി. ലോകത്തിലെ എല്ലാ ഇടവക വൈദികരെയും എൻ്റെ പ്രാർത്ഥനയിൽ ഓർക്കാനുള്ള അവസരമായി ഇതിനെ കാണുകയാണെന്നും നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ലായെന്നും പാപ്പ കുറിച്ചു. ആഗോള മെത്രാന്‍ സിനഡിന്റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രിൽ 29 മുതൽ മെയ് 2 വരെ റോമിൽവെച്ചാണ് നടന്നത്.

ഏകദേശം മുന്നൂറോളം അംഗങ്ങളാണ് സമ്മേളനത്തിൽ സംബന്ധിച്ചത്. എല്ലാ രാജ്യങ്ങളിൽ നിന്നും, വ്യക്തിഗത സഭകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി. സിനഡ് സെക്രട്ടറിയേറ്റ്, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററി എന്നിവ സംയുക്തമായിട്ടാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.


Related Articles »