News - 2024

മറിയം ദരിദ്രരെ സഹായിക്കുന്ന അമ്മ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 10

സിസ്റ്റർ റെറ്റി FCC 10-05-2024 - Friday

ലോകം സൗഭാഗ്യമെന്ന് കരുതുന്ന നിർഭാഗ്യങ്ങളുണ്ട്. നിർഭാഗ്യമെന്ന് കരുതുന്ന ചില സൗഭാഗ്യങ്ങളും ഉണ്ട്. അതിലൊന്നാണ് ദാരിദ്ര്യം. മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി. ഇതാ എന്ന വാക്ക് പരിശുദ്ധയമ്മയുടെ ദൈവാശ്രയ ബോധത്തെ സൂചിപ്പിക്കുന്നു. ദൈവമേ നീയാണ് എന്റെ ആശ്രയം എന്റെ സർവ്വ സമ്പത്തും നീ തന്നെ. പരിശുദ്ധ അമ്മ ദൈവത്തിൽ ശരണം വച്ചതുമൂലം തന്റെ ആരോഗ്യവും സമയവും എല്ലാം മറ്റുള്ളവരെ സമ്പന്നരാക്കാൻ അവൾ വിനിയോഗിച്ചു ( Jn 2/1-11, LK1/39-42). ജീവിതയാത്രയിൽ ദൈവപുത്രന് ജന്മം നൽകാൻ പിതാവായ ദൈവം നിയോഗിച്ച ഒരു സൂക്ഷിപ്പുകാരി മാത്രമാണ് താനെന്ന ചിന്ത മറിയത്തിന് ഉണ്ടായിരുന്നു.

നിർമ്മലമായ ഒരു ജീവിതത്തിലൂടെ ഒന്നിനോടും ബന്ധിതയാകാതെ എല്ലാവർക്കും എല്ലാമായി പരിശുദ്ധ അമ്മ മാറി. ജീവിതത്തിന്റെ നശ്വരതയും നിത്യജീവിതത്തിന്റെ അനശ്വരതയും തിരിച്ചറിഞ്ഞ് സ്വന്തമായിട്ടുള്ളതും സ്വന്തമാക്കാവുന്നതും നഷ്ടപ്പെടുത്തി സർവ്വ സമ്പന്നനായ ദൈവത്തെ സ്വന്തമാക്കിയതിന്റെ ആനന്ദം ഉള്ളു നിറയെ അനുഭവിച്ച പരിശുദ്ധ അമ്മ നമുക്കും ഒരു മാതൃകയാണ്.

പരിശുദ്ധ അമ്മ ഒരിക്കൽ വിശുദ്ധ ബ്രിജിത്തിന് ഇങ്ങനെ വെളിപ്പെടുത്തിക്കൊടുത്തു. ആരംഭം മുതലേ ഈ ലോകത്തിലെ വസ്തുക്കൾ ഒന്നും ഒരിക്കലും സ്വന്തമാക്കരുതെന്ന് ഞാൻ എന്റെ ഹൃദയത്തിൽ വ്രതമെടുത്തിരുന്നു. പൂജ രാജാക്കന്മാർ അവരുടെ രാജകീയ പ്രതാപത്തിന്റെ പ്രതീകമായി കൊടുത്ത വിലയേറിയ സ്വർണ്ണം നാണയങ്ങൾ തനിക്കായി മാറ്റിവെച്ചില്ല പകരം യൗസേപ്പിലൂടെ ദരിദ്രർക്ക് വിതരണം ചെയ്തു.

പരിശുദ്ധ അമ്മ വിശുദ്ധയോട് വീണ്ടും ഇങ്ങനെ പറയുന്നു, എനിക്ക് നേടിയെടുക്കാമായിരുന്നതെല്ലാം ഞാൻ ദരിദ്രർക്ക് കൊടുത്തു. എനിക്ക് വേണ്ടി ദരിദ്രർക്കുള്ള ആഹാരവും വസ്ത്രവും അല്ലാതെ ഒന്നും ഞാൻ നീക്കി വെച്ചില്ല.പരിശുദ്ധ അമ്മയ്ക്ക് ദാരിദ്ര്യത്തോടുള്ള സ്നേഹം മൂലം ആശാരിയായ വിശുദ്ധ യൗസേപ്പിനെ വിവാഹം കഴിക്കുന്നത് ഒരു നാണക്കേടായി അവൾ കണ്ടില്ല. തന്റെ ജോലി ആകട്ടെ കരങ്ങൾ കൊണ്ട് ചെയ്യുന്ന തുന്നലും, നെയ്ത്തും ഒരു ഉപജീവനമാർഗമായി അവൾ കണ്ടു. ഒറ്റവാക്കിൽ പരിശുദ്ധ അമ്മ ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ ജീവിച്ചു, ദാരിദ്ര്യത്തിൽ മരിച്ചു.

വിശുദ്ധ ബർണാഡ് പറയുന്നതുപോലെ ദാരിദ്ര്യം എന്ന പുണ്യം അടങ്ങിയിരിക്കുന്നത് ദരിദ്രൻ ആകുന്നതിൽ അല്ല പകരം ദാരിദ്ര്യത്തെ സ്നേഹിക്കുന്നതിലാണ്.

അതുകൊണ്ടുതന്നെ ഈശോ പറഞ്ഞു ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ് (Mt5/3).. അവർ അനുഗ്രഹീതരാണ് എന്തെന്നാൽ അവർ ദൈവത്തെയല്ലാതെ മറ്റൊന്നിനെയും അന്വേഷിക്കുന്നില്ല. അവർ എല്ലാ വസ്തുക്കളിലും ദൈവത്തെ കണ്ടെത്തും അവർ തങ്ങളുടെ പറുദീസ ഈ ഭൂമിയിലെ ദാരിദ്ര്യത്തിൽ കണ്ടെത്തുന്നു.

നവംബർ പതിനേഴാം തീയതി ആചരിക്കുന്ന മൂന്നാം ലോക ദരിദ്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശത്തിൽ പറയുന്നു :"ലോകത്തിൽ നിന്ന് ഉയർത്തപ്പെടുന്ന നിലവിളികളിൽ ഏറ്റവും പ്രധാനപ്പെട്ട നിലവിളിയായി ദാരിദ്ര്യം രൂപപ്പെട്ടു കഴിഞ്ഞു. നാം ജീവിക്കുന്ന ഈ ലോകത്തിൽ നമുക്ക് ചുറ്റും പാവപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന ദുരന്തങ്ങളെ കാണുമ്പോൾ അവരുടെ ക്ഷതങ്ങളും മുറിപ്പാടുകളും മരണവും വ്യക്തമായി മനസ്സിലാക്കുവാൻ നമുക്കു കഴിയും.

ഓരോ ദിവസവും ഒരായിരം ജീവിതങ്ങളെ ദാരിദ്ര്യം കവർന്നെടുക്കുന്നു. വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കും സമൂഹത്തിൽ നിന്നും നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിലേക്കും ആഗോളമായി വ്യാപിച്ചിരിക്കുന്ന ദാരിദ്ര്യത്തിന്റെ കൈകൾ നമ്മെയും വലിച്ചുമുറുക്കാതിരിക്കാൻ ശ്രദ്ധേയും അധ്വാനവും നീതിബോധവും സമത്വവും ആവശ്യമാണ്.

ഒരിക്കൽ ഹോം മിഷനിടയിൽ ഒരു വീട്ടിൽ കടന്നു ചെന്നപ്പോൾ റബർ വെട്ടുകാരനായ ഒരു യുവാവ് പരിശുദ്ധ അമ്മ സഹായിച്ച ഒരു അനുഭവം പങ്കുവച്ചു: ഒത്തിരിയേറെ ആഗ്രഹിച്ച ഒരു വീട് പണിതു. അഞ്ചാറു ലക്ഷം രൂപ കടമുണ്ടായിരുന്നു കുറച്ചു പൈസ എല്ലാം റബർ വെട്ടി അടച്ചു. എങ്കിലും കുറച്ചു പൈസ കടമായി പിന്നെയും ബാക്കി അത് വീട്ടി തീർക്കുവാൻ യാതൊരു നിവൃത്തിയുമില്ലെന്നായി. അദ്ദേഹത്തിന്റെ വീട്ടില് പരിശുദ്ധ മറിയത്തിൻ്റെ ഒരു രൂപമുണ്ടായിരുന്നു.

ആ മാതാവിനോട് ചോദിച്ചാലും അതു സാധിച്ചു കിട്ടുമായിരുന്നു. അങ്ങനെ ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു, എന്റെ മാതാവേ നീ എന്ന രക്ഷിച്ചില്ലെങ്കിൽ ഞാൻ ആകെ തകർന്നു പോകും എന്ന്. പ്രാർത്ഥന കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് രണ്ട് സ്ഥലത്തായിട്ട് സ്ഥലം വിൽക്കാൻ ഉണ്ടായിരുന്നു. ഇദ്ദേഹം പറഞ്ഞു, ആ സ്ഥലം വിൽക്കുവാൻ ഇടയായതിന്റെ പേരില് മൂന്ന് ലക്ഷം രൂപ അദ്ദേഹത്തിന് കിട്ടി എന്ന്. പരിശുദ്ധ അമ്മ ദരിദ്രരെ സഹായിക്കാൻ കഴിവുള്ള ഒരു അമ്മയാണ്.

ഓ എന്റെ പരിശുദ്ധ അമ്മേ അങ്ങയെ സന്തോഷം ദൈവത്തിലാണല്ലോ ഈ ലോകത്തിൽ ദൈവം അല്ലാതെ വേറെന്നിനെയും വസ്തുവിനെയോ വ്യക്തികളെയോ അന്വേഷിക്കുകയോ ആഗ്രഹിക്കുകയോ സ്നേഹിക്കുകയോ ചെയ്യാത്ത നിന്നെപ്പോലെ ദൈവോന്മുഖരായി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

More Archives >>

Page 1 of 961