News - 2024

മറിയം: അമ്മ സാന്നിധ്യം വഴി അനുഗ്രഹം വർഷിക്കുന്നവൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസചിന്തകൾ 14

സിസ്റ്റർ റെറ്റി FCC 14-05-2024 - Tuesday

ഒരു വ്യക്തി ഈ ഭൂമിയിൽ ആദ്യം ദൈവിക സാന്നിധ്യം അനുഭവിക്കുന്നത് അമ്മ സാന്നിധ്യം വഴിയാണ്. അമ്മയുടെ സാന്നിധ്യം വഴി അവൻ ദൈവീകമായ സുരക്ഷിതത്വവും സമാധാനവും അനുഭവിക്കുന്നു. ചില ജീവിതങ്ങൾ അത്രമേൽ സുന്ദരമാകുന്നത് ചിലരുടെയൊക്കെ സാന്നിധ്യം കാരണമാണ്. മറ്റൊരാൾക്ക് നമുക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം എന്താണെന്ന് ചോദിച്ചാൽ അത് നമ്മുടെ സമയവും സാന്നിധ്യവും ആണ്. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നാം അനുഭവിക്കുന്നത് വ്യക്തിപരമായും സമൂഹപരമായും ആണ്. നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ നാം ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ, അമ്മയെ സ്നേഹിക്കുമ്പോൾ,ബഹുമാനിക്കുമ്പോൾ നിരന്തരമായിട്ട് പരിശുദ്ധ അമ്മയുടെ ഒരു സംരക്ഷണവും സാന്നിധ്യം നമ്മുടെ കൂടെയുണ്ട്.

എല്ലാവിധ തിന്മകളിൽ നിന്നും അമ്മ നമ്മെ സംരക്ഷിക്കുന്നു. ജപമാലയിൽ ഉടനീളം നാം പ്രാർത്ഥിക്കുന്നുണ്ട് തിന്മയിൽ നിന്നും ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്ന്. എല്ലാ പോരാട്ടങ്ങളിലും വിജയം സമ്മാനിക്കുന്ന ആയുധം എന്നാണ് വിശുദ്ധ പാദ്രേ പിയോ ജപമാലയെ വിശേഷിപ്പിക്കുന്നത്. എപ്പോഴും സഹായം അരുളന്ന അമ്മയാണ് അവിടുന്ന്. ദൈവത്തിന്റെ ചോദ്യത്തിനു മുൻപിൽ ആമേൻ പറഞ്ഞ നാൾ മുതൽ പിന്നീട് അങ്ങോട്ട് അവളുടെ ജീവിതം മറ്റുള്ളവർക്കായി മാറ്റിവയ്ക്കപ്പെട്ടതായിരുന്നു. അതുകൊണ്ടുതന്നെയാണ് മറിയം എലിസബത്തിനെ കാണാൻ യാത്രയാകുന്നതും. മറിയം എലിസബത്തിനെ നൽകുന്ന ഏറ്റവും വലിയ സമ്മാനവും അവരുടെ സമയവും സാന്നിധ്യവും തന്നെയാണ്.

വാർദ്ധക്യത്തിൽ ഗർഭിണിയായതിന്റെ നാണക്കേടിൽ വീടിനുള്ളിൽ കഥകടച്ചിരുന്ന എലിസബത്തിനെ കാണുവാൻ ഒട്ടും വൈകാതെ മറിയം തിടുക്കത്തിൽ യാത്രയാവുകയാണ് അതും അവളുടെ ഉദരം ദിവ്യസക്രാരി ആയിരിക്കുമ്പോൾ തന്നെ. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് മാലാഖ തന്നോട് പറഞ്ഞ വാക്കുകൾ നിരന്തരം ഓതിക്കൊടുത്തു കൊണ്ടാവണം മറിയം എലിസബത്തിനെ ബലപ്പെടുത്തിയത്.

അതുപോലെതന്നെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം 19/27 യോഹന്നാന് തന്റെ അമ്മയെ നൽകിയപ്പോൾ യോഹന്നാൻ അവളെ തന്റെ അമ്മയായി സ്വീകരിച്ചു.. തന്റെ പ്രിയ ഗുരുവിന്റെ വേർപാടിൽ ദുഃഖിതനായിരുന്ന യോഹന്നാന് തന്റെ സാന്നിധ്യവും സമയവും വഴി മറിയം അനുഗ്രഹമായി മാറി. സെഹിയോൻ മാളികയിൽ ഒരുമിച്ചിരുന്ന് ശിഷ്യന്മാർക്കും അമ്മ തന്റെ സാന്നിധ്യവും സമയവും വഴി പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ തക്കവിധം അവരെ ബലപ്പെടുത്തി.

ഇതുപോലെ നിരന്തരം തന്റെ ജീവിതത്തെ അവൾ മറ്റുള്ളവർക്ക് ആയി മാറ്റിവയ്ക്കുകയായിരുന്നു.ക്രിസ്തുവും ക്രിസ്തു ശിഷ്യൻ അനുഭവിച്ചറിഞ്ഞതാണ് ഈ സ്നേഹ സാന്നിധ്യം. മറിയത്തെ പോലെ നമുക്കും മറ്റുള്ളവർക്കായി നമ്മുടെ സമയവും സാന്നിധ്യവും മാറ്റിവയ്ക്കാം മറിയത്തെ പോലെ നമ്മുടെ സാന്നിധ്യവും അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും സാന്നിധ്യമായി മാറട്ടെ!! സിസ്റ്റർ റെറ്റി FCC


Related Articles »