News - 2024

ആകാശ് ബഷീറിന്റെ നാമകരണ നടപടിയില്‍ ഇസ്ലാം മത വിശ്വാസികളും ആഹ്ളാദത്തില്‍

പ്രവാചകശബ്ദം 15-05-2024 - Wednesday

ലാഹോര്‍: സ്നേഹിതന് വേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ലായെന്ന യേശുവിന്റെ പാഠം ജീവിതത്തില്‍ പകര്‍ത്തി രക്തസാക്ഷിത്വം വരിച്ച ആകാശ് ബഷീറിൻ്റെ നാമകരണ നടപടിയില്‍ ഇസ്ലാം മത വിശ്വാസികളും ആഹ്ളാദത്തില്‍. പാക്കിസ്ഥാനിലെ മുസ്ലീങ്ങളും ഇരുപതാം വയസ്സില്‍ മരണമടഞ്ഞ ആകാശിനെ നന്ദിയോടെ ഓര്‍ക്കുകയാണെന്ന് നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ ജനറൽ പിയർലൂജി കാമറോണി പറഞ്ഞു. മറ്റുള്ളവരുടെ ജീവന് വേണ്ടി ആകാശ് തൻ്റെ ജീവൻ അർപ്പിച്ചുവെന്നും ഇത് പാക്കിസ്ഥാനിലെ കത്തോലിക്ക, ആംഗ്ലിക്കൻ സമൂഹത്തെയും മുസ്ലീം സമുദായത്തെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്ലാം മതസ്ഥരായ പലർക്കും ആകാശിന്റെ വിശ്വാസ സാക്ഷ്യത്തോട് ആരാധനയുണ്ട്, അതിനാൽ ഇത് അനുരഞ്ജനത്തിൻ്റെ രൂപമായ ഒരു വിത്താണെന്ന് താന്‍വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആരായിരിന്നു ആകാശ്? ‍

1994 ജൂൺ 22ന് ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നൗഷേരയിലെ റിസാൽപൂരിലായിരിന്നു ആകാശിന്റെ ജനനം. 2008-ല്‍ ആകാശിന്റെ കുടുംബം യൗഹാനാബാദില്‍ താമസമാക്കുന്നത്. 2013-ല്‍ പെഷവാറിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനു ശേഷം തങ്ങളുടെ ദേവാലയത്തെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹം ആകാശ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.

2014-ലാണ് ദേവാലയത്തിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം ആകാശും ചേരുന്നത്. പിറ്റേവര്‍ഷം യൗഹാനാബാദിലെ രണ്ടു ദേവാലയങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും, എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാശ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്.

“ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാശിന്റെ അവസാന വാക്കുകള്‍. ആകാശ് ബഷീറും, മറ്റ് രണ്ട് പേരും പള്ളിക്ക് പുറത്തും ആയിരത്തിലധികം വിശ്വാസികൾ പള്ളിക്കകത്തും തിങ്ങിനിറഞ്ഞിരുന്നു. ആകാശ് അക്രമിയെ ദേവാലയത്തിന്റെ അകത്ത് പ്രവേശിക്കാൻ തടഞ്ഞത് കൊണ്ട് വലിയ ഒരു കൂട്ടക്കൊലയാണ് അന്ന് ഒഴിവായത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ആകാശ് ബഷീറിൻ്റെ നാമകരണ നടപടിയിലെ സുപ്രധാന ഘട്ടം ലാഹോർ അതിരൂപത പിന്നിട്ടിരിന്നു. രൂപതാ അന്വേഷണത്തിനു സമാപനം കുറിച്ചുക്കൊണ്ട് മാര്‍ച്ച് 15നു നടന്ന ബലിയര്‍പ്പണത്തിലും സമാപന സമ്മേളനത്തിലും നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

More Archives >>

Page 1 of 962