News - 2024
മറിയം നല്ല സഹയാത്രിക | മരിയ സ്പന്ദനങ്ങൾ | മെയ് മാസചിന്തകൾ 13
സിസ്റ്റർ റെറ്റി FCC 13-05-2024 - Monday
മെയ് 13 നു തിരുസഭ ഫാത്തിമ മാതാവിൻ്റെ തിരുസഭ ആഘോഷിക്കുന്നു. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്താ എന്നിവർക്കു 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ആറുതവണ പ്രത്യക്ഷപ്പെട്ടു. ഓരോ പ്രത്യക്ഷപെടലുകളിലും പാപത്തിൻ്റെ കരാളഹസ്തങ്ങളിൽ മനുഷ്യവംശത്തെ രക്ഷിക്കാൻ മറിയം സഹയാത്രികയായി കൂടെയുണ്ടാകും എന്ന ഉറപ്പുതരുന്നു അതിനായി ജപമണികൾ ഉയർത്തുവാൻ അവൾ ആവശ്യപ്പെടുന്നു.
ദൈവഹിതം അനുസരിച്ച് യാത്ര ചെയ്യുന്ന യാത്രക്കാരിയാണ് മറിയം. ജീവിതം ഒരു യാത്രയാണല്ലോ.യാത്ര സന്തോഷകരമായ തീർത്ഥയാത്രയാകണമെങ്കിൽ ഒരു സഹയാത്രികൻ അല്ലെങ്കിൽ സഹയാത്രിക കൂടെ വേണം. അപകടസാധ്യതകൾ തിരിച്ചറിയാൻ ഇതുവഴി സഹായിക്കും. ജീവിതയാത്രയിൽ ലക്ഷ്യം തെറ്റിയവരെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതുവരെ സഹായിക്കുന്ന സഹയാത്രികയാണ് പരിശുദ്ധ മറിയം. മംഗള വാർത്തയ്ക്കുശേഷം അവൾ ഇരുന്നിട്ട് ഇല്ല. എലിസബത്തിന്റെ അരികിലേക്ക് യൂദയായിലേക്ക് ആദ്യത്തെ യാത്ര.. കണക്കെടുക്കാനായി ബത്ലഹേമിലേക്ക്... അവിടുന്ന് ഈജിപ്തിലേക്ക്.. വീണ്ടും തിരികെ നസ്രത്തിലേക്ക്... എല്ലാവർഷവും മൂന്നുപ്രാവശ്യം ജെറുസലേം ദേവാലയത്തിലേക്ക്.. അവസാനമായി ഈശോയോടൊപ്പം കാൽവരിയിലേക്ക്.
ഇങ്ങനെ നിരന്തരം യാത്ര ചെയ്യുന്ന ഒരു യാത്രക്കാരിയായിരുന്നു പരിശുദ്ധ മറിയം.. നമ്മുടെ ലക്ഷ്യവും സ്വർഗ്ഗമാണ് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ഈ ഭൂമിയിൽ തീർത്ഥാടനം ചെയ്യുന്ന ദൈവജനം ആണ് നാം. പഴയ നിയമത്തിൽ പുറപ്പാടിന്റെ പുസ്തകത്തിൽ22/21 പരദേശികളായ ഇസ്രായേൽക്കാരെ കുറിച്ച് പറയുന്നുണ്ട്. നമുക്കെല്ലാവർക്കും ഈ പാട്ടിന്റെ ശീലുകൾ സുപരിചിതമാണ് അക്കരയ്ക്കു യാത്ര ചെയ്യും സീയോൻ സഞ്ചാരി.... ഇവിടെ നാം പരദേശവാസിയല്ലോ.. വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ ഈശോ പറയുന്നു നമുക്ക് അക്കരയ്ക്ക് പോകാംMk4/36.. ഈശോയും എപ്പോഴും സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാൻ നമ്മെ ഒരുക്കുകയായിരുന്നു.
വിശുദ്ധ പൗലോസ് ശ്ലീഹാ ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പറയുന്നു3/20 നമ്മുടെ പൗരത്വം സ്വർഗ്ഗത്തിലാണ് എന്ന്. ഈ ലോകത്തിൽ ജീവിക്കുമ്പോഴും സ്വർഗത്തെ ലക്ഷ്യമാക്കി ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇവിടെയെല്ലാം നാം കാണുന്നത്.. ഈ യാത്രയ്ക്ക് നമുക്ക് വഴികാട്ടിയാണ് പരിശുദ്ധ മറിയം.
ബോബി ജോസ് കട്ടിക്കാട് അച്ചൻ തന്റെ ഒരു പുസ്തകത്തിൽ പറയുന്നു, നമ്മൾ ഈ ലോകത്തിലെ ആയമാരാണ്..ഒരു ആയയുടെ ജോലി എന്താണ്.. വീട് വൃത്തിയായി സൂക്ഷിക്കും കൊച്ചിനെ സംരക്ഷിക്കും ഇതൊക്കെയാണ്.. എന്നാൽ ചിലപ്പോൾ ആയമാർ ഉടമസ്ഥർ ആയി മാറാറുണ്ട്.നമ്മുടെ ജീവിതത്തിലും പരിശുദ്ധ അമ്മയെപ്പോലെ ഒരു നല്ല സഹയാത്രിക ആകുവാൻ നമുക്ക് പരിശ്രമിക്കാം.
ഒരിക്കലും വഴിതെറ്റിക്കാത്ത ഉത്തമയായ സഹയാത്രികയാണ് പരിശുദ്ധമറിയം. ആ സഹയാത്രികയെ നമുക്കു മറക്കാതിരിക്കാം. ആ അമ്മയോടു ചേർന്നുനിൽക്കാം, ആ മാതൃത്വത്തിൻ്റെ സംരക്ഷണയിൽ പ്രത്യാശയോടെ നമുക്കു വ്യാപരിക്കാം