News - 2024

ഞാനൊരു ക്രിസ്‌ത്യാനിയാണ്, ക്ഷമയുടെ പാഠമാണ് ലഭിച്ചിട്ടുള്ളത്: മോഷ്ട്ടാക്കളോട് ക്ഷമിച്ച അന്ധയായ വീട്ടമ്മയുടെ ക്രിസ്തീയ സാക്ഷ്യം വൈറല്‍

പ്രവാചകശബ്ദം 12-05-2024 - Sunday

കോട്ടയം: കാഴ്‌ച പരിമിതി മുതലാക്കി ലോട്ടറി മോഷ്ടിച്ചവരോട് ക്രിസ്തീയ വിശ്വാസത്തെ ചേര്‍ത്തു പിടിച്ച് ക്ഷമിച്ച കളത്തിപ്പടി പള്ളിക്കുന്ന് സ്വദേശി റോസമ്മയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. മോഷ്ട്ടാക്കളെ പെന്‍ കാമറയില്‍ കുടുക്കിയ ഈ വീട്ടമ്മ അവരോടു നിരുപാധികം ക്ഷമിക്കുകയായിരിന്നു. ഞാനൊരു ക്രിസ്‌ത്യാനിയാണെന്നും എല്ലാ ഞായറാഴ്‌ചയും പള്ളിയിൽ പോകുന്ന വ്യക്തിയാണെന്നും ക്ഷമയുടെയും സഹിഷ്‌ണുതയുടെയും സ്നേഹത്തിന്റെയും പാഠമാണ് അവിടെനിന്നു ലഭിക്കുന്നതെന്നും റോസമ്മ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ലോകത്തിനു മുമ്പിൽ ഞാൻ ദരിദ്രയാണെങ്കിലും ദൈവത്തിനു മുമ്പിൽ സമ്പന്നയാണെന്നും അവര്‍ പറഞ്ഞിരിന്നു.

കെകെ റോഡിൽ കളത്തിപ്പടിക്കു സമീപം തട്ടിൽ ലോട്ടറി വിൽക്കുന്ന വ്യക്തിയാണ് റോസമ്മ. വിൽപ്പന കഴിഞ്ഞ് പണവും ലോട്ടറിയുമായി ഒത്തുനോക്കുമ്പോൾ കണക്ക് പൊരുത്തപ്പെടാതെ വന്നതോടെയാണ് തട്ടിപ്പ് നേരിടുന്നതായി റോസമ്മയ്ക്ക് മനസിലായത്‌. കൂടുതൽ ലോട്ടറി എടുത്ത് എണ്ണം തെറ്റിച്ച് പറഞ്ഞും ടിക്കറ്റിന്റെ യഥാർഥ വില നൽകാതെയുമായിരുന്നു കാഴ്‌ചപരിമിതിയുള്ള റോസമ്മയെ പറ്റിച്ചിരുന്നത്.

പെൻകാമറയെക്കുറിച്ച് അറിഞ്ഞ റോസമ്മ ഇതുപയോഗിച്ച് കള്ളൻമാരെ പിടിക്കാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തിൻ്റെ സഹായത്തോടെ ഓൺലൈനായി പെൻകാമറ വാങ്ങി. പ്രവർത്തനം പഠിച്ചു. ഒരു മാസമായി ഇതും വസ്ത്രത്തിൽ ധരിച്ചായിരുന്നു ലോട്ടറി വിൽപ്പന. ദിവസവും മറ്റാരുടെയെങ്കിലും സഹായത്തോടെ ദൃശ്യം പരിശോധിക്കും. അപ്പോഴാണ് മൂന്നു പേർ പല ദിവസങ്ങളിലായി തന്നെ പറ്റിച്ചെന്നു മനസിലാക്കാൻ കഴിഞ്ഞത്. പിന്നീട് ഇതിൽ രണ്ടു പേർ ടിക്കറ്റ് വാങ്ങാൻ വന്നപ്പോൾ റോസമ്മ കാര്യം പറഞ്ഞു.

ആദ്യം അവർ എതിർത്തെങ്കിലും തെളിവുണ്ടെന്ന് പറഞ്ഞതോടെ കീഴടങ്ങി. പോലീസിനോട് പറയരുതെന്നും ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. തെറ്റ് സമ്മതിച്ചതിനാൽ അവരോടു ക്ഷമിച്ചതായും കേസിനു പോകുന്നില്ലെന്നുമാണ് റോസമ്മ പറയുന്നത്. നൂറുകണക്കിനാളുകളാണ് റോസമ്മയുടെ വിശ്വാസ തീക്ഷ്ണത നിറഞ്ഞു തുളുമ്പുന്ന വീഡിയോ ഷെയര്‍ ചെയ്യുന്നത്.

More Archives >>

Page 1 of 961