News
19 രാജ്യങ്ങളിൽ നിന്നുള്ള 29 പേര്‍ റോമില്‍ വൈദികരായി അഭിഷിക്തരായി
പ്രവാചകശബ്ദം 27-05-2024 - Monday
റോം: വിശുദ്ധ ജോസ് മരിയ എസ്ക്രിവ ആരംഭിച്ച ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 29 ഡീക്കന്‍മാര്‍ വൈദികരായി അഭിഷിക്തരായി. മെയ് 25 ശനിയാഴ്ച, റോമിലെ സെൻ്റ് യൂജിൻ ബസിലിക്കയിൽ ജപ്പാനിലെ ഒസാക്ക-തകാമത്സുവിൻ്റെ സഹായ മെത്രാൻ ബിഷപ്പ് പോൾ തോഷിഹിറോ സകായിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുർബാനയിലാണ് 29 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചത്. 5 ഭൂഖണ്ഡങ്ങളിലെ 19 രാജ്യങ്ങളിൽ നിന്നുള്ളവരാണ് നവാഭിഷിക്തര്‍. 9 പേർ അമേരിക്കയിൽ നിന്നുള്ളവരും യൂറോപ്പിൽ നിന്നു 11 പേരും ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും നാലു പേരും ഓഷ്യാനിയയിൽ നിന്നു ഒരാളുമാണുള്ളത്.
പുതിയ വൈദികരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ബസിലിക്കയിൽ, വൈദികന്‍ അപരനു വേണ്ടി ജീവിക്കുന്ന ഒരാളാണെന്ന് ബിഷപ്പ് പറഞ്ഞു: “നാളെ മുതൽ, നിങ്ങൾ ആകാൻ ആഗ്രഹിക്കുന്നതുപോലെയല്ല, നിങ്ങൾ ചുറ്റുമുള്ളവരായി മാറാനുള്ള പാത ആരംഭിക്കും. വൈദികന്‍ യേശുവിൻ്റെ സാക്ഷിയും അവനെപ്പോലെയുള്ള ഒരു നല്ല ഇടയനും അതുപോലെ കർത്താവിനെ ശ്രവിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്ന ഒരു 'നല്ല ആടും' ആയിരിക്കണമെന്നും ബിഷപ്പ് എടുത്തുപറഞ്ഞു. നൈജീരിയ, പരാഗ്വേ, മെക്സിക്കോ, ചൈന, ഹോങ്കോങ്ങ്, ബ്രസീല്‍ തുടങ്ങീയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നവവൈദികര്‍.
1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി സമൂഹം ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ 80 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്.