News

ജീവന്റെ ദിനാഘോഷത്തിന് ഒരുക്കങ്ങളുമായി ബ്രിട്ടീഷ് കത്തോലിക്ക സഭ

പ്രവാചകശബ്ദം 13-06-2024 - Thursday

ലണ്ടന്‍: അയർലണ്ടിലെയും സ്‌കോട്ട്‌ലന്റിലെയും ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കത്തോലിക്കാ രൂപതകളുടെ നേതൃത്വത്തിൽ വരുന്ന ജൂൺ പതിനാറാം തീയതി ഞായറാഴ്ച്ച, ജീവന്റെ ദിനമായി ആഘോഷിക്കും. മനുഷ്യജീവിതത്തിന്റെ ഓരോ ഘട്ടത്തിലും, ഓരോ അവസ്ഥയിലും ജീവന്റെ മൂല്യത്തെയും, അർത്ഥത്തേയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനത്തിലെ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

"കർത്താവ് എന്റെ ഇടയനാണ് - ജീവിതാവസാനത്തിൽ അനുകമ്പയും പ്രതീക്ഷയും" എന്നുള്ളതാണ് ദിനാചരണത്തിന്റെ പ്രമേയം. മാരകമായ രോഗങ്ങളാൽ ജീവിക്കുന്ന ആളുകളെ ഉപേക്ഷിക്കുന്നതിന് പകരം, അവര്‍ക്ക് അവശേഷിക്കുന്ന സമയത്തേക്ക് ജീവിതം കഴിയുന്നത്ര സന്തോഷത്തോടെ ജീവിക്കുവാൻ, സ്നേഹത്തോടെ അവരെ പരിചരിക്കേണ്ടത് ഏറെ ആവശ്യമാണെന്ന് ഐറിഷ് മെത്രാൻ സമിതിയുടെ ജീവന്റെ പരിപാലനത്തിനായുള്ള കമ്മീഷന്റെ ചെയർമാൻ മോൺസിഞ്ഞോർ കെവിൻ ഡോറൻ പറഞ്ഞു.

യേശു മരിച്ചപ്പോൾ മാതാവ് അവസാനം വരെ കുരിശിൻ്റെ ചുവട്ടിൽ നിന്നു. കാരുണ്യ സാന്നിധ്യത്തിൻ്റെയും പ്രാർത്ഥനയുടെയും മാതൃകയായ മറിയത്തെ അനുകരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. മരണത്തോട് അടുക്കുന്നവരും അവരുടെ പ്രിയപ്പെട്ടവരും പലപ്പോഴും സമാനമായ അന്ധകാരത്തിലൂടെയും വേദനയിലൂടെയും കടന്നുപോകുന്നുണ്ട്. എന്നാൽ ആത്മീയ പരിചരണത്തോടെ അമൂല്യമായ അവസാന നിമിഷങ്ങളിൽ കൂടുതൽ പൂർണ്ണമായ സ്വീകാര്യത കൈവരിക്കാനും സമാധാനം കണ്ടെത്താനും കഴിയുമെന്നും മോൺ. കെവിൻ ഡോറൻ കൂട്ടിച്ചേര്‍ത്തു.

2001 മുതലാണ് അയർലണ്ടിൽ എല്ലാ വർഷവും ജീവന്റെ ദിനാഘോഷം നടത്തിവരുന്നത്. ജീവന്റെ പവിത്രതയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഘോഷിക്കുന്നതിനും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ്, ഈ ദിനത്തിന് തുടക്കം കുറിച്ചത്. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ മഹത്വം പ്രഘോഷിക്കുന്നതിനായി സഭ സമർപ്പിച്ചിരിക്കുന്ന പ്രത്യേക ദിനം കൂടിയാണ് ഇത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

More Archives >>

Page 1 of 970