News

കർത്താവിനാൽ സ്പർശിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കുന്നുണ്ടോ?: ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 01-07-2024 - Monday

വത്തിക്കാന്‍ സിറ്റി: കർത്താവിനാൽ, അവിടുത്തെ വചനത്താൽ, അവിടുത്തെ സ്നേഹത്താൽ സ്പർശിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കുന്നുണ്ടോയെന്ന ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂണ്‍ 30 ഞായറാഴ്ച വത്തിക്കാനില്‍ മധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ആത്മശോധന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത്.

വീണ്ടും എഴുന്നേൽക്കുന്നതിന് കൈകൊടുത്തുകൊണ്ട് നമ്മുടെ സഹോദരങ്ങളുമായി നാം ബന്ധം സ്ഥാപിക്കുന്നുണ്ടോ, അതോ, നമ്മൾ അകലം പാലിക്കുകയും നമ്മുടെ അനുഭവങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി ആളുകളെ മുദ്രകുത്തുകയുമാണോ? നമ്മൾ ആളുകളെ മുദ്രയടിക്കുന്നു. ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണ്: ദൈവം - കർത്താവായ യേശു, ആളുകളെ മുദ്രകുത്തുന്നുണ്ടോ? ഓരോരുത്തരും ഉത്തരം പറയുക. ദൈവം ആളുകളെ മുദ്രകുത്തുമോ? പാപ്പ ചോദ്യമുയര്‍ത്തി.

ശരീരത്തിന്റെയും ആത്മാവിൻറെയും കഷ്ടപ്പാടുകൾ, ആത്മാവിൻറെ മുറിവുകൾ, നമ്മെ ഞെരുക്കുന്ന സാഹചര്യങ്ങൾ എന്നിവയ്ക്കു മുന്നിലും പാപത്തിൻറെ മുന്നിൽ പോലും, ദൈവം നമ്മെ അകറ്റി നിർത്തുന്നില്ലായെന്ന് സന്ദേശത്തിന്റെ ആമുഖത്തില്‍ പാപ്പ പറഞ്ഞു. ദൈവം നമ്മെക്കുറിച്ച് ലജ്ജിക്കുന്നില്ല, ദൈവം നമ്മെ വിധിക്കുന്നില്ല; നേരെമറിച്ച്, തന്നെ തൊടാൻ സാധിക്കുന്നതിനു വേണ്ടിയും നമ്മെ സ്പർശിക്കുന്നതിനുവേണ്ടിയും അവിടന്ന് സമീപസ്ഥനാകുന്നു.

നമ്മെ മരണത്തിൽ നിന്ന് ഉയർത്തുന്നു. അവിടുന്ന് എപ്പോഴും നമ്മെ കൈപിടിച്ചു നടത്തുന്നു. നിന്നെ കൈപിടിച്ച് ഉയർത്തുന്നവനാണ്, നിന്റെ വേദനയാൽ തന്നെ സ്പർശിക്കാൻ അനുവദിക്കുകയും നിന്നെ സുഖപ്പെടുത്താനും നിനക്ക് ജീവൻ തിരികെ നൽകാനും നിന്നെ സ്പർശിക്കുകയും ചെയ്യുന്നവനാണ് - ദൈവം. എല്ലാവരേയും സ്നേഹിക്കുന്നതിനാൽ അവിടുന്ന് ആരോടും വിവേചനം കാണിക്കുന്നില്ല.

സഭയും സമൂഹവും ആരെയും ഒഴിവാക്കാതിരിക്കുന്നതിനും ആരെയും "അശുദ്ധി"ഉള്ളവരായി ആയി കണക്കാക്കാതിരിക്കുന്നതിനും ഓരോരുത്തരും സ്വന്തം ചരിത്രത്തോടെയും മുദ്രയടിക്കപ്പെടാതെയും മുൻവിധികളില്ലാതെയും നാമവിശേഷണങ്ങളില്ലാതെയും സ്വാഗതം ചെയ്യപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിനും വേണ്ടി നമുക്ക് ദൈവത്തിന്റെ ഹൃദയത്തിലേക്ക് നോക്കാം. പരിശുദ്ധ കന്യകയോട് നമുക്ക് പ്രാർത്ഥിക്കാം: ആർദ്രതയുടെ മാതാവായ അവൾ, നമുക്കും ലോകം മുഴുവനും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.


Related Articles »