News

ഡമാസ്കസ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ 14 പേരുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്‌ടോബർ 20ന്: കാർളോയുടെ തീയതി പിന്നീട്

പ്രവാചകശബ്ദം 02-07-2024 - Tuesday

വത്തിക്കാന്‍ സിറ്റി: സിറിയയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഡമാസ്കസിലെ 11 രക്തസാക്ഷികൾ ഉൾപ്പെടെ 14 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മ്മം ഒക്‌ടോബർ 20 ഞായറാഴ്ച നടക്കും. ഇന്നലെ ജൂലൈ 1-ന് സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ അസംബ്ലിയിൽ 15 പേരുടെ വിശുദ്ധപദവികൾക്ക് കർദ്ദിനാൾ കോളേജിന്റെ അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് വത്തിക്കാന്‍ വിശുദ്ധ പദവി പ്രഖ്യാപിക്കുന്ന തീയതി ലോകത്തെ അറിയിച്ചത്. അതേസമയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യൂട്ടിസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇത് സംബന്ധിച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

1860 ജൂലൈ 9 അര്‍ദ്ധരാത്രിയിൽ ഡമാസ്കസിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു ഡ്രൂസ് കമാൻഡോയുടെ ക്രൂര കൃത്യത്തിന് ഇരയായി മരണം വരിച്ച 11 പേരാണ് ഡമാസ്ക്കസ് രക്തസാക്ഷികള്‍. ചിലരെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തായിരിന്നു കൊലപ്പെടുത്തിയത്. മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, സഹോദരങ്ങളായ ഫ്രാൻസിസ്, അബ്ദുൽ മൊഹ്തി, റാഫേൽ മസാബ്കി എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരെ കൂടാതെ പരിശുദ്ധാത്മാവിന്റെ അപ്പസ്തോല എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സുഹൃത്തും വിശുദ്ധ ജമ്മ ഗൽഗാനിയുടെ അധ്യാപികയുമായിരിന്ന എലേന ഗുവേര, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ കനേഡിയൻ സന്യാസിനി വാഴ്ത്തപ്പെട്ട മേരി-ലിയോണി, ഇറ്റാലിയൻ സ്വദേശിയും കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹങ്ങളുടെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ഗ്യൂസെപ്പെ അല്ലമാനോ എന്നിവരെയാണ് ഒക്‌ടോബർ 20നു ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക.


Related Articles »