News - 2024

പുഞ്ചിരി ഒരു തിരി വെട്ടമാണ് | അല്‍ഫോന്‍സാമ്മയോടൊപ്പം ഒരു പുണ്യയാത്ര | 04

സിസ്റ്റർ റെറ്റി FCC 04-07-2024 - Thursday

"പുഞ്ചിരി ഒരു തിരിവട്ടമാണ് സങ്കടപ്പെടുന്നവരുടെ മുഖത്തേക്ക് നോക്കി കരുണയോടെ ഞാൻ പുഞ്ചിരിക്കും" - വിശുദ്ധ അൽഫോൻസ.

എന്താണ് പുഞ്ചിരി? സന്തോഷം, ഊഷ്മളത എന്നിവയുടെ ശക്തവും സാർവത്രികവുമായ പ്രകടനമാണ് പുഞ്ചിരി! മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണിത്. പറയാറുള്ളതുപോലെ പുഞ്ചിരിക്ക് നിരവധി ഗുണങ്ങൾ ഉണ്ട്.

- സമ്മർദ്ദവും ഉൽക്കണ്ഠയും കുറയ്ക്കുന്നു.

- ആത്മവിശ്വാസം വർധിപ്പിക്കുന്നു.

- പരസ്പരമുള്ള ബന്ധം അത് മെച്ചപ്പെടുത്തുന്നു.

- വേദന കുറയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ആരെങ്കിലും പുഞ്ചിരിക്കുന്നത് നമ്മൾ കാണുമ്പോൾ അത് നമ്മിൽ ഒരു ഒരു പുഞ്ചിരി ഉണർത്തുന്നു. സൗഹൃദവും ആതിഥ്യ മര്യാദയും ബഹുമാനവും അഭിനന്ദനവും കളിയും നർമ്മവും സഹാനുഭൂതിയും ധാരണയും നമ്മിൽ വളർത്തുകയും ചെയ്യുന്നതിന്റെ ഒരു അടയാളമാണ് പുഞ്ചിരി. ധൈര്യമറ്റ അവരെ നോക്കി ഞാന്‍ പുഞ്ചിരിച്ചു. എന്റെ മുഖപ്രസാദം അവര്‍ അവഗണിച്ചില്ല (ജോബ്‌ 29 : 24).

ധൈര്യമറ്റവർക്ക് അൽഫോൻസാമ്മ നല്കിയത് പുഞ്ചിരിയുടെ ഈ തിരിവെട്ടമാണ്. ചെറുപ്പം മുതലേ വളരെ നിർമലമായ ജീവിതമാണ് അൽഫോൻസാമ്മ നയിച്ചത്. വളരെയധികം തേജസ്സോടുകൂടിയ ഒരു മുഖം, നിഷ്കളങ്കമായ നയനങ്ങൾ, ഭവ്യമായ പെരുമാറ്റം, ആകർഷകമായ പുഞ്ചിരിയും സംസാരവും ഇതെല്ലാം അൽഫോൻസാമ്മയുടെ പ്രത്യേകതകൾ ആയിരുന്നു.

മുല്ലപ്പൂ പോലെ നിർമ്മലമായിരുന്നു അമ്മയുടെ മനസ്സ്. നിഷ്കളങ്കതയുടെ നിറകുടമായിരുന്നു അവൾ. അതിനാൽ തന്നെ ദ്രോഹിച്ചവരോടും തനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരോടും, തന്നെപ്പറ്റി കുറ്റം പറയുന്നവരോടും ഒരേ മനോഭാവമായിരുന്നു അൽഫോൻസമ്മക്ക്. അതിനാൽ എല്ലാവർക്കും അവൾക്ക് കൊടുക്കാൻ ഉണ്ടായിരുന്നത് നിഷ്കളങ്കമായ പുഞ്ചിരി ആയിരുന്നു. അതിനാൽ പുഞ്ചിരിക്കുകയും സന്തോഷം പകരുകയും ചെയ്യുക.ഭോഷന്‍ ഉറക്കെച്ചിരിക്കുന്നു; ബുദ്‌ധിമാന്‍ നിശ്‌ശബ്‌ദം പുഞ്ചിരിക്കുന്നു. (പ്രഭാഷകന്‍ 21:20) അവൾ ബുദ്ധിമതിയായ (മത്തായി 25:9) കന്യകയായിരുന്നു അതിനാൽ അവൾ പുഞ്ചിരിക്കുക മാത്രം ചെയ്തു. "പുഞ്ചിരിയാണ് ആളുകൾ തമ്മിലുള്ള ഏറ്റവും ചെറിയ ദൂരം" എന്ന സത്യം നമുക്കു മറക്കാതിരിക്കാം.


Related Articles »