India - 2024
ചങ്ങനാശേരി അതിരൂപതയുടെ അല്‍ഫോന്‍സാ തീര്‍ത്ഥാടനം നാലിന്
സ്വന്തം ലേഖകന്‍ 01-08-2018 - Wednesday
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തിലുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ ഫൊറോനാ പള്ളിയിലേക്കുമുള്ള 30ാമത് അല്‍ഫോന്‍സാ തീര്‍ത്ഥാടനം നാലിനു നടക്കും. മിഷന്‍ലീഗ് അംഗങ്ങളോടൊപ്പം പ്രായഭേദമെന്യേ പതിനായിരങ്ങളും അണിചേരും. നാലിനു രാവിലെ 5.30ന് അതിരന്പുഴ മേഖലയുടെ തീര്‍ത്ഥാടനവും രാവിലെ 5.45ന് ചങ്ങനാശേരി പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ നിന്നുള്ള ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ത്ഥാടനവും ആരംഭിക്കും. രാവിലെ ഏഴിന് കുടമാളൂര്‍ മേഖലയുടെ തീര്‍ത്ഥാടനവും രാവിലെ 8.30ന് കോട്ടയം സിഎംഎസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം മേഖലകളുടെ തീര്‍ഥാടനങ്ങളും തുടങ്ങും. ഉച്ചയ്ക്ക് 12ന് കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനം ആരംഭിക്കും.
വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തില്‍ രാവിലെ 9.45ന് എത്തിച്ചേര്‍ന്നു മധ്യസ്ഥ പ്രാര്‍ത്ഥനക്കു ശേഷമാണ്ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചന്പക്കുളം മേഖലകളിലെ തീര്‍ത്ഥാടകര്‍ കുടമാളൂരിലേക്ക് നീങ്ങുക. രാവിലെ 7.30ന് അല്‍ഫോന്‍സാ ജന്മഗൃഹത്തില്‍ കുടമാളൂര്‍ ഫൊറോന പള്ളി വികാരി ഫാ. ഏബ്രഹാം വെട്ടുവയലില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം സന്ദേശം നല്‍കും. 9.30നുള്ള വിശുദ്ധകുര്‍ബാനയ്ക്ക് അതിരന്പുഴ ഫൊറോന വികാരി ഫാ.സിറിയക് കോട്ടയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12ന് ആലപ്പുഴ മേഖല ഡയറക്ടര്‍ ഫാ.തോമസ് മുട്ടേല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്കും. തുടര്‍ന്നു വിവിധ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന നടക്കും. തീര്‍ത്ഥാടനം ആരംഭിച്ചതിന്റെ രജതജൂബിലി സ്മാരകമായി ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചിട്ടുള്ള നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം നല്‍കുക എന്ന പദ്ധതിയും സംഘടന ആവിഷ്ക്കരിച്ചിട്ടുണ്ട്.