News

അന്ത്യ അത്താഴ അവഹേളനത്തില്‍ 'ക്ഷമാപണവും ന്യായീകരണ'വുമായി ഒളിമ്പിക്സ് കമ്മറ്റി; ക്ഷമാപണം ശരിയായ രീതിയില്‍ അല്ലായെന്ന് ബിഷപ്പ് ബാരണ്‍

പ്രവാചകശബ്ദം 29-07-2024 - Monday

പാരീസ്: ഫ്രാന്‍സിലെ പാരീസില്‍ നടന്ന ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ക്രൈസ്‌തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുന്ന പരിപാടി ഉൾപ്പെട്ടതിൽ സംഘാടകർ ക്ഷമ ചോദിച്ചു. തിരുവത്താഴം ചിത്രത്തെ ആസ്‌പദമാക്കിയ ആക്ഷേപഹാസ്യമാണ് വിവാദമായത്. സമുദായ സഹിഷ്ണു‌ത എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികളെന്നും ഏതെങ്കിലും മതത്തെ നിന്ദിക്കുക എന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും 'പാരിസ് 2024' വക്താവ് ആനി ഡെകാംപ്‌സ് ഇന്നലെ പറഞ്ഞു.

സ്ത്രീവേഷം കെട്ടിയ പുരുഷ ന്മാരും ട്രാൻസ്ജെൻഡർ മോഡലും നഗ്ന ഗായകനും ഉൾപ്പെട്ട സ്‌കിറ്റിനെതിരേ ആഗോളതലത്തിൽ പ്രതിഷേധവുമായി ക്രൈസ്തവര്‍ രംഗത്ത് വന്നിരിന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി വക്താവ് കൂട്ടിച്ചേർത്തു. ഇതിനിടെ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന്റെ ക്രിയേട്ടീവ് ഡയറക്ടര്‍ തോമസ് ജോളിയുടെ പ്രസ്താവനയില്‍ വിഷയത്തെ പരോക്ഷമായി ന്യായീകരിക്കുന്നുണ്ടെന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്.

അമേരിക്കന്‍ ബിഷപ്പും പ്രമുഖ വചനപ്രഘോഷകനുമായ ബിഷപ്പ് റോബര്‍ട്ട് ബാരണ്‍, ഒളിമ്പിക്സ് കമ്മറ്റിയുടെ ക്ഷമാപണം ശരിയായ രീതിയില്‍ അല്ലായിരിന്നുവെന്ന് ചൂണ്ടിക്കാട്ടി. ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരിന്നുവെന്നും ഖേദിക്കുന്നുവെന്നും ക്രൈസ്തവരെ അവഹേളിക്കണമെന്ന് കരുതിയില്ലായെന്നുമാണ് പറയേണ്ടിയിരിന്നതെന്ന് മുപ്പതു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബിഷപ്പ് റോബര്‍ട്ട് ബാരണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും ബിഷപ്പ് തന്റെ പ്രസ്താവന ആവര്‍ത്തിച്ചിട്ടുണ്ട്.


Related Articles »