India - 2024
കെസിബിസി സമ്മേളനം ഇന്ന് ആരംഭിക്കും
പ്രവാചകശബ്ദം 05-08-2024 - Monday
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സമ്മേളനം ആരംഭിക്കും. ഇന്ന് ആഗസ്റ്റ് 5 തിങ്കളാഴ്‌ച വൈകിട്ട് 5-നാണ് കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഓസിയില്‍ സമ്മേളനം ആരംഭിക്കുക. വയനാട് ജില്ലയിലെ മേപ്പാടി മേഖലയിൽ ചൂരൽമലയിലും മുണ്ടക്കൈയിലും, കോഴിക്കോട് ജില്ലയിലെ വിലങ്ങാടും മറ്റും പ്രകൃതി ദുരന്തമുണ്ടായ ഇടങ്ങളിലെ പുനരധിവാസം ഉൾപ്പടെ അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യും. തുടർന്ന് ആഗസ്റ്റ് 9 വരെ മെത്രാന്മാരുടെ വാർഷിക ധ്യാനം നടക്കും. കോട്ടയം സെൻ്റ് ജോസഫ്‌സ് പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഡോ. മാത്യു കക്കാട്ടുപള്ളിലാണ് ആണ്ട് ധ്യാനം നയിക്കുന്നത്.
കത്തോലിക്കാ സഭയിലെ മെത്രാന്മാരും തിരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്രപണ്ഡിതരും മേജർ സെമിനാരികളിലെ റെക്ടർമാരും ദൈവശാസ്ത്ര പ്രഫസർമാരും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും ഏകദിന ദൈവശാസ്ത്രസമ്മേളനത്തിൽ സംബന്ധിക്കുന്ന ഏകദിന ദൈവശാസ്ത്ര സമ്മേളനം മൗണ്ട് സെൻ്റ് തോമസിൽ ഇന്നു നടക്കുന്നുണ്ട്. കേരളത്തിലെ വൈദിക രൂപീകരണ പരിപാടിയുടെ നവീകരണം - വെല്ലുവിളികളും വാഗ്‌ദാനങ്ങളും ഉപായങ്ങളും എന്ന വിഷയത്തെ സംബന്ധിച്ച് തൃശ്ശൂർ മേരി മാതാ സെമിനാരി അധ്യാപകരായ റവ. ഡോ. സൈജോ തൈക്കാട്ടിലും, റവ. ഡോ. സജി കണയങ്കൽ സി.എസ്.റ്റിയുമാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.