News
ദൈവസ്നേഹത്തിൽ ജ്വലിച്ച ഈ ഉത്തമ മനുഷ്യ സ്നേഹിയെ അറിയാതെ പോകരുതേ..!
ജില്‍സ ജോയ്/ പ്രവാചകശബ്ദം 27-09-2024 - Friday
താൻ കുറെ മാസങ്ങളായി നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചില്ലറ പൈസത്തുട്ടുകൾക്ക് വളരെയധികം മൂല്യമുണ്ടെന്നായിരുന്നു കഷ്ടിച്ച് പത്തുവയസ്സുള്ളപ്പോൾ വിൻസെന്റ് വിചാരിച്ചിരുന്നത്. അത് സൂക്ഷിച്ചിരിക്കുന്ന പേഴ്‌സ് എവിടെപ്പോയാലും അവൻ എടുത്തുകൊണ്ടുനടന്നു. കുറെ പൈസ ഉള്ള പോലെ എന്നും എടുത്ത് എണ്ണി തിരിച്ചുവെക്കും. ഒരു കിലോ ആട്ടിറച്ചിക്കുള്ള പൈസപോലുമില്ല. പക്ഷേ വിൻസെന്റ് വിചാരിച്ചത് അതിന് കുറെയേറെ ആടുകളെ വാങ്ങാൻ കിട്ടും എന്നായിരുന്നു. അങ്ങനെയിരിക്കെ കീറിയ വസ്ത്രങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഒരു കുട്ടിയെ ഒരു ദിവസം അവൻ കണ്ടു. തന്റെ കുഞ്ഞുസമ്പാദ്യം മുഴുവൻ അവന് വാരിക്കൊടുത്ത് നിറഞ്ഞ മനസ്സോടെ വിൻസെന്റ് വീട്ടിൽ പോയി.
പിന്നീട് തന്റെ ജീവിതം തന്നെ അശരണർക്കും രോഗികൾക്കും വേണ്ടി ചൊരിയുന്നവനായി മാറിയ വിൻസെന്റ്, കരുണയുടെ മധ്യസ്ഥനായ വിശുദ്ധൻ എന്ന് പോലും എല്ലാവരാലും വിളിക്കപ്പെടുന്ന തരത്തിൽ തന്റെ കാരുണ്യപ്രവൃത്തികളുടെ പേരിൽ തന്നെ ലോകപ്രസിദ്ധനായി.
കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത
ഇരുപത്തെട്ട് വയസ്സുവരെ വിൻസെന്റിന്റെ ജീവിതത്തിൽ, എടുത്തുപറയത്തക്ക സാഹസപ്രവൃത്തികൾ ഒന്നും ഉണ്ടായിരുന്നില്ല. ഏപ്രിൽ 24, 1576ൽ തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ഗാസ്കണിക്കടുത്തുള്ള 'പോയ്' പട്ടണത്തിലാണ് അവൻ ജനിച്ചത്. കർഷകരായ അവന്റെ മാതാപിതാക്കൾ ജീൻ ഡി പോളിനും ബെർട്രാൻഡ് ഡി മോറസിനും നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമായിരുന്നു. വിൻസെന്റ് മൂന്നാമത്തവൻ ആയിരുന്നു.
മകന്റെ ബുദ്ധിസാമർത്ഥ്യം കണ്ട് പിതാവ് ഡാക്‌സിലെ ഫ്രാൻസിസ്കൻ പിതാക്കന്മാരുടെ അടുത്തേക്ക് വിദ്യാഭ്യാസത്തിനായി അയച്ചു. പിന്നീട് ഒരു പുരോഹിതനാകണമെന്ന ആഗ്രഹം വിൻസെന്റ് പ്രകടിപ്പിച്ചപ്പോൾ സന്തോഷത്തോടെ സമ്മതം നൽകിക്കൊണ്ട് അവന്റെ പിതാവ് പറഞ്ഞു, 'അലിവുള്ള ഹൃദയം ഉള്ളതുകൊണ്ട് വിൻസെന്റ് നല്ലൊരു പുരോഹിതനാവും'..പഠിക്കാൻ പോവുന്ന ചിലവിനായി, അവർ ദരിദ്രരായതുകൊണ്ട് ഒരു ജോഡി കാളകളെ വിൽക്കേണ്ടി വന്നു.
ടുളൂസിലെ ഫ്രാൻസിസ്കൻ സഹോദരങ്ങളുടെ കീഴിൽ വിൻസെന്റ് ദൈവശാസ്ത്രപഠനം നടത്തി. 1600, സെപ്റ്റംബർ 23 ന് പുരോഹിതനായി അഭിഷിക്തനായി. ടാണിനപ്പുറത്ത് മലമുകളിലെ പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ചാപ്പലിലാണ് ആദ്യത്തെ വിശുദ്ധ കുർബ്ബാന അർപ്പിച്ചത്. ഏകാഗ്രത പോവില്ലെന്നതുകൊണ്ടും അങ്ങേയറ്റത്തെ ഭക്തിയോടും ശ്രദ്ധയോടും കൂടെ ആരാധിക്കാൻ സാധിക്കുമെന്നുള്ളതുകൊണ്ടുമാണ് ബലിയർപ്പണത്തിനായി അദ്ദേഹം ആ സ്ഥലം തിരഞ്ഞെടുത്തതെന്ന് അവിടെ എഴുതിവെച്ചിട്ടുണ്ട്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുക്കാൻ നാല് വർഷം കൂടെ വിൻസെന്റ് ടുളൂസിൽ തുടർന്നു.
അടിമയായി വിൽക്കപ്പെടുന്നു!
1605ൽ വിൻസെന്റ് ടുളൂസിൽ നിന്ന് വീട്ടിലേക്ക് കടൽമാർഗ്ഗം പോവുകയായിരുന്നു. പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകിടം മറിച്ചുകൊണ്ട് കടൽക്കൊള്ളക്കാരുടെ മൂന്ന് കപ്പലുകൾ അവരെ വളഞ്ഞു. വിൻസെന്റിന്റെ കൂടെയുണ്ടായിരുന്ന കുറേപേർ കൊല്ലപ്പെട്ടു. വിൻസെന്റടക്കം കുറേപ്പേർക്ക് മുറിവേറ്റു. ജീവനുള്ളവരെയൊക്കെ ചങ്ങലകളാൽ ബന്ധിച്ച് ആഫ്രിക്കയിലെ ട്യൂണിസിലേയ്ക്ക് കൊണ്ടുപോയി.
തെരുവിലൂടെ പുതിയ അടിമകളെ ചങ്ങലക്കിട്ട് നടത്തി പ്രദർശിപ്പിച്ച് കന്നുകാലികളെപ്പോലെ ചന്തയിൽ വിൽക്കാൻ വെച്ചു. ഒരു മീൻപിടുത്തക്കാരനാണ് വിൻസെന്റച്ചനെ വാങ്ങിയത് പക്ഷേ കടൽചൊരുക്ക് കൂടുതലായതുകൊണ്ട് ആളെ പണിക്ക് കൂടെ കൂട്ടാൻ പറ്റാതായപ്പോൾ ഒരു പ്രായമായ മുസ്ലിം രസതന്ത്രജ്ഞന് വിറ്റു.
അയാൾ മരിച്ചു കഴിഞ്ഞപ്പോൾ, മുൻപ് ക്രിസ്ത്യാനിയായിരുന്ന, പിന്നീട് മുസ്ലീം ആയി മാറിയ ഒരു ഇറ്റലിക്കാരനാണ് അവനെ വാങ്ങിയത്. അയാൾക്ക് 3 ഭാര്യമാരുണ്ടായിരുന്നു , അതിലൊരാൾ തുർക്കിവംശജയും. വിശുദ്ധ കുർബ്ബാനയോ യാമപ്രാർത്ഥനയോ ഓർമയില്ലാത്ത വിൻസെന്റച്ചൻ, ഭക്തിപൂർവ്വം സങ്കീർത്തനങ്ങൾ ഓർമയിൽ നിന്ന് പാടുന്നത് അവൾക്കിഷ്ടപ്പെട്ടു. പഴയ പോലെ ക്രിസ്ത്യാനി ആവാനും വിൻസെന്റച്ചനെ മോചിപ്പിക്കാനും അവൾ ഭർത്താവിനെ നിർബന്ധിച്ചു. 1607ൽ വിൻസെന്റച്ചൻ മോചിതനായി തിരികെ ഫ്രാൻസിലേക്ക് മടങ്ങി.
തെറ്റിദ്ധാരണയുടെ ഇര
വിൻസെന്റച്ചന്റെ ജീവിതത്തിലെ പരീക്ഷണകാലഘട്ടം കഴിഞ്ഞിരുന്നില്ല. അദ്ദേഹം താമസിച്ചിരുന്ന മുറിയിലുണ്ടായിരുന്ന വക്കീലിന്റെ കുറെ പണം മോഷണം പോയി. അയാൾ പരസ്യമായി വിൻസെന്റച്ചൻ കള്ളനാണെന്നും ആള് തന്നെയാണ് പണം കട്ടതെന്നു കൂട്ടുകാരോടും പറഞ്ഞു. 'ദൈവത്തിന് സത്യം അറിയാമെന്ന്' താഴ്മയായി വിൻസെന്റച്ചൻ പറഞ്ഞത് ആരും വിശ്വസിച്ചില്ല. ശരിയായ കള്ളന് കുറ്റം സമ്മതിക്കേണ്ടി വന്നത് വരെയുള്ള ആറുവർഷങ്ങൾ അദ്ദേഹം എല്ലാവരുടെയും നിന്ദനവും പരിഹാസവും സഹിച്ചു.
ഒരു ഇടവകയിലും അദ്ദേഹത്തെ വേണ്ടാതെ വന്ന സമയമെല്ലാം പാരീസിലെ ആശുപത്രിയിൽ വളരെ ശോചനീയാവസ്ഥയിൽ കഴിഞ്ഞിരുന്നവരെ അദ്ദേഹം ശുശ്രൂഷിച്ചു. ഭ്രഷ്ഠരാക്കപെട്ടവരുടെയും വെറുക്കപ്പെട്ടിരുന്നവരുടെയും അപ്പസ്തോലനും യോദ്ധാവുമാകേണ്ടതിന് ദൈവം അദ്ദേഹത്തെ ഒരുക്കുകയായിരുന്നു പരീക്ഷണങ്ങൾ കൊണ്ടും അവരുമായുള്ള ഇടപെടലുകൾ കൊണ്ടും.
മുന്നോട്ട് നയിച്ച കഴിവുകൾ
ഫ്രാൻസിൽ യുദ്ധം പ്ളേഗ് പോലെ പടർന്നു പിടിച്ച സമയമായിരുന്നു അത്. 1618 മുതൽ 1648 വരെ 'മുപ്പത് കൊല്ലത്തെ' യുദ്ധം, ആഭ്യന്തരയുദ്ധങ്ങളിൽ മുങ്ങിപ്പോയ ഫ്രാൻസിൽ 1648 മുതൽ 1653 വരെ രാജവംശവും പ്രഭുകുടുംബങ്ങളും ചേരിതിരിഞ്ഞു നടന്ന യുദ്ധങ്ങൾ, അതുകഴിയുമ്പോഴേക്ക് 1659 വരെ സ്പെയിനുമായി നടന്ന യുദ്ധം.
കർഷകരായിരുന്നു ഇതിന്റെ കെടുതികൾ ഏറ്റവുമധികം അനുഭവിച്ചത്. അവരുടെ വീടുകളിലും നിലങ്ങളിലും പടയാളികൾ കേറി നിരങ്ങി. എങ്ങും കാണുന്ന ശവശരീരങ്ങൾ രോഗവും മഹാമാരികളും പരത്താൻ തുടങ്ങി.മുറിവേറ്റവരും മരിക്കാറായവരും പരിചരണത്തിനായി കൊതിച്ചു. അനാഥരാവുന്നവരും ഉപേക്ഷിക്കപ്പെട്ടവരുമായ നൂറുകണക്കിന് കുട്ടികൾ ഓരോ കൊല്ലവും വർദ്ധിച്ചുവന്നു. നഗരങ്ങളിൽ ഭിക്ഷക്കാർ പതിന്മടങ്ങായി. ജയിലുകളിൽ കുറ്റവാളികൾക്ക് സ്ഥലം തികയാതെ ആയി, കഴുവേറാൻ വിധിക്കപ്പെട്ടവർ നിരാശയിൽ ഉഴറി.
ഒരാൾക്ക് തനിച്ച് എങ്ങനെയാണ് ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുക.
വിൻസെന്റിന് ദൈവം സമ്മാനമായി നൽകിയത് പാവങ്ങളോട് അലിവുള്ള ഹൃദയം മാത്രമല്ല, സംഘടനകൾ ഉണ്ടാക്കാനുള്ള പ്രായോഗികപരിജ്ഞാനം കൂടിയാണ്.മൂന്ന് വലിയ സമൂഹങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് കാരുണ്യപ്രവൃത്തികൾക്കായുള്ള പടയാളികളെ വിൻസെന്റച്ചൻ വാർത്തെടുത്തു.
'കോൺഗ്രിഗേഷൻ ഓഫ് മിഷൻ' , ദരിദ്രഗ്രാമങ്ങളിൽ പോയി സുവിശേഷം പറയാനും പഠിപ്പിക്കാനും മുറിവുകൾ സുഖപ്പെടുത്താനും വേണ്ടിയുള്ള സമൂഹമാണ്. സെമിനാരികളിൽ പോയി തീക്ഷ്‌ണതയുള്ള വൈദികരെ രൂപപ്പെടുത്താനുള്ളവർ ലാസറിസ്റ്റ്സ് എന്നറിയപ്പെട്ടു കാരണം അവരുടെ മാതൃഭവനം വിശുദ്ധ ലാസറിന്റെ നാമത്തിൽ ആയിരുന്നു.
പ്രഭ്വികളും സമ്പന്നയുവതികളുമൊക്കെ അടങ്ങിയ വനിതാസംഘം 'ഉപവിയുടെ സഹോദരിമാർ' എന്നറിയപ്പെട്ടു. പാവങ്ങൾക്കും കഷ്ടപ്പെടുന്നവർക്കും വിൻസെന്റ് നൽകുന്ന സേവനം വളരെ ആകർഷകമായി ഈ സ്ത്രീകൾക്ക് തോന്നിയതുകൊണ്ട് അവർ ഉദാരമനസ്സോടെ തങ്ങളുടെ സമയവും പണവും അദ്ദേഹത്തിന്റെ ആശുപത്രികൾക്കും ബാലഭവനങ്ങൾക്കുമായി നൽകി.
വിശുദ്ധ ലൂയിസ് ഡി മേരിലാക്കിന്റെയും വിൻസെന്റച്ചന്റെയും നേതൃത്വത്തിൽ Daughters of Charity(ഉപവിയുടെ പുത്രിമാർ ) സ്ഥാപിക്കപ്പെട്ടതോടെ സന്യാസിനിമാർ ആവൃതി വിട്ട് പുറത്തിറങ്ങി, ഇടവകപള്ളി അവരുടെ ചാപ്പൽ ആയും തെരുവുകളും ആശുപത്രി വാർഡുകളും ആവൃതി ആയും മാറി.
തന്റെ ആത്മീയപുത്രന്മാരെയും പുത്രിമാരെയും ദൗത്യത്തിനായി അയക്കുമ്പോൾ വിൻസെന്റച്ചൻ വ്യക്തമായ, ലളിതമായ നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. ഉദാഹരണമായി, ഗ്രാമങ്ങളിൽ അവർ ആദ്യം ചെയ്യേണ്ടത് പട്ടിണി കിടക്കുന്നവരെ ഊട്ടാനായി ചെറിയ അടുക്കളകൾ പണിയുകയാണ്, അടുത്തതായി മരിച്ചവരെ അടക്കണം, അടുത്തത് നടാനുള്ള വിത്തുകൾ സംഘടിപ്പിക്കുകയാണ്, നാലാമതാണ് ആത്മരക്ഷക്കായുള്ള പ്രവർത്തനങ്ങളിലുള്ള ശ്രദ്ധ.
സുഹൃത്തുക്കളില്ലാത്തവരുടെ സുഹൃത്ത്
പാവപെട്ടവരെ അവർ കാണപ്പെടുന്നതുപോലെ വെറുതെ അങ്ങ് സേവിക്കാനല്ല, പ്രഭുക്കന്മാരും പ്രഭ്വികളുമാണ് അവരെന്ന പോലെ, അവരെ സേവിക്കുന്നത് അഭിമാനർഹമാണ് എന്ന പോലെ, അവർക്ക് പാദസേവ ചെയ്യാനാണ് വിൻസെന്റ് തന്റെ മക്കളെ മുഴുവൻ പഠിപ്പിച്ചത്. പാവങ്ങളിൽ യേശുവിനെ തന്നെയാണ് വിൻസെന്റച്ചൻ കണ്ടിരുന്നതും.
രോഗികൾക്കും അശരണർക്കും വേണ്ടി, തന്റെ ജീവിതത്തിന്റെ അവസാനതുള്ളിയും ചിലവാക്കിയതിനു ശേഷം സെപ്റ്റംബർ 27, 1660 ൽ വിൻസെന്റ് ഡി പോൾ തന്റെ സൃഷ്ടാവിന്റെ അടുക്കലേക്ക് യാത്രയായി. 1737ൽ ക്ലമെന്റ് ഏഴാമൻ പാപ്പ അദ്ദേഹത്തെ വിശുദ്ധവണക്കത്തിലേക്കുയർത്തി. ലിയോ പതിമൂന്നാമൻ പാപ്പ എല്ലാ പരസ്നേഹ ( ഉപവി) പ്രവർത്തനങ്ങളുടെയും മധ്യസ്ഥനായി വിശുദ്ധനെ പ്രഖ്യാപിച്ചു.അദ്ദേഹത്തിന്റെ ശരീരം അഴുകാതിരിക്കുന്നു.
1835-ല്‍ ഫ്രഞ്ച് പണ്ഡിതനും വാഴ്ത്തപ്പെട്ടവനുമായ ഫ്രെഡറിക്ക് ഓസാനം വിശുദ്ധനെ പ്രചോദനമായി കണ്ട് പാവങ്ങളുടെ ആശ്വാസത്തിനായി പ്രവര്‍ത്തിക്കുന്ന ‘വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി' എന്ന, നമുക്ക് സുപരിചിതമായ സംഘടനക്ക് രൂപം നൽകി.
"നമ്മുടെ നിയോഗം ഒരു ഇടവകയിലേക്കോ ഒരു രൂപതയിലേക്കോ മാത്രം പോവാനല്ല, പിന്നെയോ ലോകം മുഴുവനിലേക്കുമാണ്. എന്തുചെയ്യാൻ വേണ്ടിയാണ്? മനുഷ്യഹൃദയങ്ങൾ ജ്വലിപ്പിക്കാൻ. എന്റെ അയൽക്കാരൻ ശരിയാം വണ്ണം ദൈവത്തെ സ്നേഹിക്കണം, ഞാൻ മാത്രം ദൈവത്തെ സ്നേഹിച്ചാൽ പോരാ".
ദൈവസ്നേഹത്തിൽ ജ്വലിച്ച ഉത്തമമനുഷ്യസ്നേഹി വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുന്നാൾ ആശംസകൾ.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟