News

കേരള സഭയ്ക്കു ഇത് അഭിമാന നിമിഷം; മോൺ. ജോര്‍ജ് കൂവക്കാടിന് കര്‍ദ്ദിനാള്‍ പദവി

പ്രവാചകശബ്ദം 06-10-2024 - Sunday

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോൺസി‌ഞ്ഞോർ ജോര്‍ജ് കൂവക്കാടിനെ ഫ്രാൻസിസ് പാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി. ഇന്നു ഒക്ടോബർ ആറാം തീയതി, മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷമാണ് ഫ്രാൻസിസ് പാപ്പ ആഗോള കത്തോലിക്ക സഭയിലേക്ക് പുതിയതായി 21 കർദ്ദിനാളുന്മാരെ കൂടി പ്രഖ്യാപിച്ചത്. ഡിസംബർ എട്ടാം തീയതിയാണ് കർദ്ദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കുക. ഇറാൻ, ഇന്തോനേഷ്യ, ജപ്പാൻ, ഫിപ്പീൻസ് തുടങ്ങി വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളും പുതിയ പട്ടികയിൽ ഉൾപ്പെടുന്നു.

ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച പട്ടികയിൽ അവസാനം പ്രഖ്യാപിക്കപ്പെട്ട ആളാണ് ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമായ മോൺ. ജോര്‍ജ് കൂവക്കാട്. കർദ്ദിനാൾ ജോർ‍ജ് ആലഞ്ചേരിക്കും കർദ്ദിനാൾ ബസേലിയോസ് ക്ലീമിസിനും പുറമേയാണ് മറ്റൊരു മലയാളിയെത്തേടി കത്തോലിക്ക സഭയുടെ ഉന്നത പദവിയെത്തുന്നത്. 2021 മുതൽ ഫ്രാൻസിസ് പാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോൺ. കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചു വരികയാണ്.

1973 ആഗസ്റ്റ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോര്‍ജ് ജനിച്ചത്. 2004 ൽ ചങ്ങനാശേരി അതിരൂപതയിൽ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിൻ്റെ നയതന്ത്ര സേവനത്തിൽ പ്രവേശിക്കുകയും, അൾജീരിയ, കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാൻ പ്രതിനിധികേന്ദ്രങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തു. 2021-ലാണ് പുതിയ നിയോഗമായി ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ സംഘാടകചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.

മോൺ. ജോർജ് കൂവക്കാടിനു മുൻപ് ഇതേ തസ്തികകൾ വഹിച്ച മറ്റു രണ്ടുപേരെയും കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. പോൾ ആറാമൻ പാപ്പായ്ക്ക് വിശുദ്ധ നാട്ടിലേക്കുള്ള സന്ദർശനം സാധ്യമാക്കിയ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ വൈദികനായിരുന്ന ഫ്രഞ്ച് വംശജൻ മോൺസിഞ്ഞോർ ജാക്വേസ് മാർട്ടിനെ 1998-ൽ ജോൺ പോൾ രണ്ടാമൻ പാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി. ജോൺ പോൾ രണ്ടാമൻ പാപ്പായുടെ യാത്രകളുടെ സംഘാടകനും, വത്തിക്കാൻ റേഡിയോയുടെ ഡയറക്ടറുമായിരുന്ന ജെസ്യൂട്ട് വൈദികൻ റോബെർത്തോ തൂച്ചിയെ 2001 -ൽ കർദ്ദിനാൾ പദവിയിലേക്കുയർത്തിയിരിന്നു.

കർദ്ദിനാളായി ഡിസംബർ 8ന് ചുമതലയേൽക്കുന്ന മോൺസിഞ്ഞോർ ജോര്‍ജ്ജ് കൂവക്കാട് പ്രഖ്യാപനത്തിനു പിന്നാലെ ചങ്ങനാശേരിയിലുളള വീട്ടുകാരുമായി തന്‍റെ സന്തോഷം പങ്കിട്ടു. നിയുക്ത കർദ്ദിനാളിന്‍റെ അമ്മയുമായി ഫ്രാൻസിസ് മാർപാപ്പ വീ‍ഡിയോ കോളിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ടിന്‍റെ മാതൃകപരമായ സേവനങ്ങൾ സഭയ്ക്ക് എന്നും തുണയാണെന്നായിരുന്നു മാർപാപ്പ പറഞ്ഞത്.


Related Articles »