News - 2024

കാമറൂണില്‍ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 10-10-2024 - Thursday

യോണ്ടേ: കാമറൂണിലെ യാഗുവയിലെ കത്തോലിക്ക രൂപതയില്‍ സേവനം ചെയ്തു വരികയായിരിന്ന വൈദികന്‍ കൊല്ലപ്പെട്ടു. ഒക്ടോബർ 7 തിങ്കളാഴ്ച രാത്രി കാമറൂണിൻ്റെ തലസ്ഥാന നഗരമായ യോണ്ടേയില്‍വെച്ചാണ് ഫാ. ക്രിസ്റ്റോഫ് ബാഡ്ജോഗൗ എന്ന വൈദികന്‍ കൊല്ലപ്പെട്ടത്. എംവോലിയിലെ മിഷ്ണറീസ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി (സിഐസിഎം) സന്യാസ സമൂഹത്തിന്റെ വസതിക്ക് മുന്നിൽ വൈകുന്നേരം 7:30 മണിയോടെയാണ് ആക്രമണം നടന്നത്. അക്രമികൾ മൂന്ന് തവണ വെടിയുതിർത്തതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ ആർച്ച് ബിഷപ്പ് ജീൻ എംബർഗ ദുഃഖം രേഖപ്പെടുത്തി. ഈ ദുഃഖകരമായ അവസരത്തിൽ രൂപതയിലെ ദൈവജനത്തോടും ഫാ. ക്രിസ്റ്റഫിൻ്റെ കുടുംബത്തിനോടും യോണ്ടേ അതിരൂപത ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയാണെന്നും ആത്മശാന്തിയ്ക്കായി പ്രാർത്ഥിയ്ക്കുകയാണെന്നും ആർച്ച് ബിഷപ്പ് എംബർഗ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഫാർ നോർത്ത് റീജിയണിലെ യാഗുവരൂപതയിൽ സ്ഥിതി ചെയ്യുന്ന സൂസോയിയിലെ സെയിന്‍റ് പീറ്റർ ആൻഡ് പോൾ ഇടവകയുടെ വികാരിയായിരുന്നു ഫാ. ക്രിസ്റ്റോഫ്. ഇറ്റലിയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് നരഹത്യ നടന്നത്.


Related Articles »