News

ഇസ്രായേലിന്റെ മിസൈൽ ആക്രമണത്തില്‍ ലെബനോനില്‍ കത്തോലിക്ക ദേവാലയം തകർന്നു; 8 പേർ മരിച്ചു

പ്രവാചകശബ്ദം 12-10-2024 - Saturday

ബെയ്റൂട്ട്: ലെബനോനിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക രൂപതയുടെ കീഴില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന് നേരെ ഇസ്രായേലി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് എട്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) പൊന്തിഫിക്കൽ സംഘടനയുടെ ബ്രിട്ടീഷ് വിഭാഗമാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ദെർദ്ഘായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. ഒരു വൈദികന്‍ താമസിച്ച ഭവനവും ഇടവക ഓഫീസുകൾ സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടവും മറ്റൊരു മിസൈൽ ആക്രമണത്തിൽ പൂർണ്ണമായും തകർന്നു.

ലെബനോനില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ഒക്ടോബർ 11നു ഫ്രാന്‍സിസ് പാപ്പ എക്സില്‍ പ്രസ്താവനയിറക്കിയിരിന്നു. "ലെബനോൻ ഉൾപ്പെടെ മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധത്തിൻ്റെ എല്ലാ മുന്നണികളിലും ഉടനടി വെടിനിർത്തലിന് ഞാൻ ആഹ്വാനം ചെയ്യുന്നു. ലെബനീസ് ജനതയ്ക്കുവേണ്ടി, പ്രത്യേകിച്ച് അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായ തെക്കൻ നിവാസികൾക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം". അങ്ങനെ അവർക്ക് എത്രയും വേഗം തിരിച്ചെത്താനും സമാധാനത്തോടെ ജീവിക്കാനും കഴിയുമെന്നും പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്നു തെക്കൻ ലെബനോനിലെ മൂന്ന് ഗ്രാമങ്ങളിലെ 9000 ക്രിസ്ത്യാനികൾ അപകടത്തിലാണെന്ന് സേക്രഡ് ഹാര്‍ട്സ് ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മായ എൽ ബെയ്‌നോ അടുത്തിടെ വെളിപ്പെടുത്തിയിരിന്നു. സ്ഥിതി ഭയാനകമാണെന്നും ക്രൈസ്തവര്‍ നിരന്തരമായ അപകടത്തിലാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പൊന്തിഫിക്കൽ ഫൗണ്ടേഷനു നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ വെളിപ്പെടുത്തി.

എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ലെബനോനില്‍ ഇരുന്നൂറോളം പ്രോജക്റ്റുകൾക്ക് ധനസഹായം നൽകുന്നുണ്ട്. നിലവിലെ പ്രതിസന്ധിയില്‍ സഹായം എന്താണ് വേണ്ടതെന്ന് വിലയിരുത്തുന്നതിന് നിരവധി രൂപതകളുമായും സന്യാസ സമൂഹങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്ന് സംഘടന പ്രസ്താവിച്ചു. കഴിഞ്ഞ മാസങ്ങളിൽ, എ‌സി‌എന്‍ ആയിരക്കണക്കിന് കുടുംബങ്ങൾക്കുള്ള ഭക്ഷണപ്പൊതികളും തെക്കൻ ലെബനോനിൽ താമസിച്ച ആയിരത്തിഇരുനൂറുപേർക്ക് വൈദ്യസഹായവും ലഭ്യമാക്കിയിരിന്നു.


Related Articles »