News - 2024

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടര്‍ക്ക് മോചനം

പ്രവാചകശബ്ദം 08-11-2024 - Friday

എഡോ : നൈജീരിയയിലെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ നിന്നു തട്ടിക്കൊണ്ടു പോയ സെമിനാരി റെക്ടറായ വൈദികന് മോചനം. ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനാണ് മോചനം ലഭിച്ചിരിക്കുന്നത്. ഔച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ മോചന വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ വൈദികനെ നവംബർ 6 ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ മോചിപ്പിച്ചതായി ഫാ. എഗിലേവ പറഞ്ഞു. രൂപതയ്‌ക്കകത്തും പുറത്തുമുള്ള കത്തോലിക്ക വിശ്വാസികൾ ഉള്‍പ്പെടെ അനേകരുടെ പ്രാർത്ഥനയ്ക്കും ധാർമ്മിക പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ കുറിച്ചു.

വൈദികനെ തിരയുന്നതിനായി രാവും പകലും അധ്വാനിച്ച നൈജീരിയൻ സുരക്ഷാ ഏജൻസികൾക്കും ജാഗ്രത ഗ്രൂപ്പുകൾക്കും അദ്ദേഹം നന്ദി അര്‍പ്പിച്ചിട്ടുണ്ട്. എഡോ സംസ്ഥാനത്തിന് ചുറ്റുമുള്ള സുരക്ഷാ സാഹചര്യം മോശമാകുന്നത് പരിഹരിക്കാൻ നൈജീരിയൻ ഗവൺമെൻ്റ് എല്ലാ തലങ്ങളിലും പ്രവർത്തിക്കണമെന്നും ജനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ഉറപ്പുനൽകുന്ന നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ ആവശ്യപ്പെട്ടു.

ഒക്‌ടോബർ 27 ഞായറാഴ്ചയാണ് രാജ്യത്തിൻ്റെ മധ്യ തെക്കൻ മേഖലയിലെ എഡോ സ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. സെമിനാരിയിൽ തോക്കുധാരികൾ ആക്രമണം നടത്തിയതിന് ശേഷമായിരിന്നു തട്ടിക്കൊണ്ടുപോകല്‍. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വൈദികനെ കണ്ടെത്തിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളാല്‍ കുപ്രസിദ്ധമായ നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

More Archives >>

Page 1 of 1019