News

രണ്ടരവര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നൈജീരിയന്‍ ക്രൈസ്തവ വനിതയ്ക്കു മോചനം

പ്രവാചകശബ്ദം 22-12-2024 - Sunday

അബൂജ: രണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അഞ്ചുകുട്ടികളുടെ അമ്മയായ നൈജീരിയന്‍ കത്തോലിക്ക വനിത മതനിന്ദാക്കുറ്റത്തില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തയായി. 19 മാസക്കാലം ജയിലില്‍ നരകയാതന അനുഭവിച്ച ശേഷമാണ് റോഡാ ജടാവുവിന് മോചനം ലഭിച്ചത്. ജടാവുവിനെ കുറ്റവിമുക്തയാക്കിക്കൊണ്ടുള്ള ബൗച്ചി സംസ്ഥാന കോടതി വിധി ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്നുവെന്ന്‍ നിയമപോരാട്ടത്തില്‍ ജടാവുവിനെ സഹായിച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എ.ഡി.എഫ് ഇന്റര്‍നാഷ്ണല്‍ വ്യക്തമാക്കി.

പരീക്ഷ പാസാകുവാന്‍ സഹായിച്ചതിന് യേശുവിനോട്‌ നന്ദിപറഞ്ഞുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തതിന്റെ പേരില്‍ നൈജീരിയയിലെ സോകോട്ടോ സംസ്ഥാനത്തിലെ ദെബോറ ഇമ്മാനുവല്‍ എന്ന ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ രോഷാകുലരായ മുസ്ലീം ജനക്കൂട്ടം കല്ലെറിഞ്ഞു കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചതിനെ അപലപിക്കുന്ന വാട്സാപ്പ് വീഡിയോ ഷെയര്‍ ചെയ്തതാണ് ജടാവു ചെയ്ത കുറ്റം. 2022 മെയ് മാസത്തിലാണ് ജടാവു അറസ്റ്റിലാവുന്നത്. ബൗച്ചി സംസ്ഥാന പീനല്‍കോഡിലെ 114 (പൊതു ശല്യം), 210 (മതനിന്ദ) എന്നീ വകുപ്പുകളാണ് ജടാവുവിന് മേല്‍ ചുമത്തിയിരുന്നത്.

5 വര്‍ഷക്കാലം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ജടാവു നിരവധി പ്രാവശ്യം ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുമ്പോഴൊക്കെ അഭിഭാഷകനെയോ, കുടുംബാംഗങ്ങളേയോ കാണുവാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല. വാദിഭാഗത്തിന്റെ സമീപനത്തിലെ നിയമപോരായ്മകള്‍ ചൂണ്ടിക്കാട്ടുകയും, കേസിന്റെ അടിസ്ഥാനവാദങ്ങള്‍ പോലും സ്ഥാപിച്ചെടുക്കുന്നതില്‍ വാദിഭാഗം പരാജയപ്പെട്ടുവെന്നും ജടാവുവിന്റെ അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.

നിരവധി പ്രാവശ്യം നീതി നിഷേധിക്കപ്പെട്ടശേഷം 2023-ല്‍ ജാമ്യം ലഭിച്ച ജടാവു അജ്ഞാതമായൊരു സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ജടാവുവിന്റെ കേസിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ അന്തിമവിധി പുറത്തുവന്നിരിക്കുന്നത്. കുറ്റവിമുക്തയായതിനും, നീണ്ടകാല സഹനങ്ങള്‍ക്ക് അറുതിവന്നതിനും ജടാവുവിന്റെ അഭിഭാഷകനും എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ നിയമോപദേഷ്ടാവുമായ സീന്‍ നെല്‍സണ്‍ ദൈവത്തോട് നന്ദി പറഞ്ഞു.

സമാധാനപരമായ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ ആരും ശിക്ഷിക്കപ്പെടരുതെന്നും, നൈജീരിയയില്‍ അന്യായമായി തടവിലാക്കപ്പെടുകയും, ക്രൂരമായ മതനിന്ദ നിയമങ്ങളാല്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവര്‍ക്കും മറ്റ് മതന്യൂനപക്ഷങ്ങള്‍ക്കും നീതിലഭിക്കുന്നതിനുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും നെല്‍സണ്‍ പറഞ്ഞു. 'ക്രൈസ്തവരുടെ കുരുതിക്കളം' എന്നറിയപ്പെടുന്ന നൈജീരിയയില്‍ മതനിന്ദാനിയമങ്ങള്‍ മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപകരണമായി മാറിയിരിക്കുകയാണ്. ജടാവുവിന്റെ തടവിലെ അനീതി ചൂണ്ടിക്കാട്ടിക്കൊണ്ട് നൈജീരിയയിലെ മതനിന്ദനിയമങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന കടുത്ത ആരോപണവുമായി 2023 ഒക്ടോബറില്‍ ഐക്യരാഷ്ട്രസഭാ വിദഗ്ദര്‍ നൈജീരിയന്‍ സര്‍ക്കാരിന് ഒരു സംയുക്ത കത്തയച്ചിരുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »