News

ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം രൂക്ഷം; ഒരു വര്‍ഷത്തിനിടെ 4476 ക്രൈസ്തവര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 16-01-2025 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: ലോകമെമ്പാടും ക്രൈസ്തവ വിരുദ്ധ പീഡനം വർദ്ധിച്ചുവരികയാണെന്ന് വെളിപ്പെടുത്തി അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ട്. 2023 ഒക്ടോബർ മുതൽ 2024 സെപ്തംബർ വരെ 4476 ക്രൈസ്തവരാണ് ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതെന്ന് സംഘടന വെളിപ്പെടുത്തി. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും 28,000 ആക്രമണങ്ങൾ ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ നടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഒരു വർഷത്തിനിടയിൽ, ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ പീഡനത്തിനും വിവേചനത്തിനും ഇരയായ ക്രൈസ്തവരുടെ എണ്ണം 365 ദശലക്ഷത്തിൽ നിന്ന് 380 ദശലക്ഷമായി ഉയർന്നു. ആഗോളതലത്തിൽ ഏഴിൽ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ വിശ്വാസപരമായ വിവേചനത്തിനും പീഡനത്തിനും ഇരയാകുന്നുണ്ടെന്നും സംഘടന വെളിപ്പെടുത്തുന്നു. 1955 മുതൽ ലോകത്തിലെ എല്ലാ വിഭാഗങ്ങളിലെയും ക്രിസ്ത്യൻ സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുവാന്‍ ഇടപെടുന്ന ഇവാഞ്ചലിക്കൽ സംഘടനയായ ഓപ്പണ്‍ ഡോഴ്സ്, പുറത്തിറക്കിയ വാർഷിക വേൾഡ് വാച്ച് ലിസ്റ്റ് 2025 (WWL) ഏറ്റവും ഉയർന്ന രീതിയില്‍ ക്രൈസ്തവ പീഡനം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്.

ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇത്തവണയും ഒന്നാം സ്ഥാനത്ത് കിം ജോംഗ് ഉന്നിന്റെ കീഴിലുള്ള ഉത്തര കൊറിയയാണ്. രാജ്യത്തു നിർബന്ധിത ലേബർ ക്യാമ്പുകളിൽ 50,000 മുതൽ 70,000 വരെ ക്രിസ്ത്യാനികളെ പാർപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. സൊമാലിയ, യെമൻ, ലിബിയ, സുഡാൻ, എറിത്രിയ, നൈജീരിയ, പാകിസ്ഥാൻ, ഇറാൻ എന്നീ ക്രമത്തിലാണ് പിന്നീടുള്ള ഒന്‍പത് സ്ഥാനങ്ങള്‍.

2021 മുതൽ താലിബാൻ ഭരണത്തിൻ കീഴിലായ അഫ്ഗാനിസ്ഥാൻ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. അനേകം ക്രൈസ്തവര്‍ രാജ്യത്തു കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ വിദേശത്തേക്ക് പലായനം ചെയ്തുവെന്നും ഓപ്പണ്‍ ഡോഴ്സ് വെളിപ്പെടുത്തുന്നു. അഫ്ഗാനിസ്ഥാന് തൊട്ടുപിന്നാലേ ക്രൈസ്തവര്‍ക്ക് നേരെ ഏറ്റവും അധികം പീഡനം അരങ്ങേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »