News
സിറിയയിലെ ക്രൈസ്തവര്‍ക്ക് പാപ്പയുടെ സാമീപ്യവുമായി പേപ്പല്‍ പ്രതിനിധി
പ്രവാചകശബ്ദം 23-01-2025 - Thursday
ആലപ്പോ: സിറിയയിലെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി രാജ്യത്തെ പ്രാദേശിക ക്രൈസ്തവ മേഖലകള്‍ സന്ദര്‍ശിക്കും. പരിശുദ്ധ പിതാവിൻ്റെ സാമീപ്യവും പ്രാര്‍ത്ഥനയും പ്രതീക്ഷയും പകരുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പസ്തോലിക പ്രതിനിധി സിറിയയിലെ ക്രൈസ്തവ മേഖലകള്‍ സന്ദര്‍ശിക്കുക. ജനുവരി 30 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ സിറിയ കൂടാതെ ലെബനോനും സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം സന്ദര്‍ശന വേളയില്‍ രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ബാഷർ ആസാദിൻ്റെ ഭരണത്തിന്റെ അവസാനത്തിനും ഇസ്ലാമിക മാതൃകയിലുള്ള പുതിയ സർക്കാർ വന്നതിനും ഏതാനും ആഴ്ചകള്‍ മാത്രമായിരിക്കെ, നടക്കാന്‍ പോകുന്ന സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടിയോട് സിറിയയിലെ കത്തോലിക്കർക്ക് തൻ്റെ പ്രാര്‍ത്ഥനയും ആശംസയും എത്തിക്കാൻ പരിശുദ്ധ പിതാവ് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡിക്കാസ്റ്ററി പ്രസ്താവനയിൽ അറിയിച്ചു. സിറിയക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുകയും നാടകീയമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിയന്ത്രണങ്ങൾ നീക്കം ചെയ്യപ്പെടുമെന്ന് മാർപാപ്പ പ്രതീക്ഷിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
സിറിയയിലേക്കുള്ള അപ്പസ്‌തോലിക് ന്യൂൺഷ്യോ കർദിനാൾ മരിയോ സെനാരിയോടൊപ്പം ജനുവരി 24 മുതൽ 29 വരെ ഗ്രീക്ക്-മെൽക്കൈറ്റ്, മാരോണൈറ്റ്, കല്‍ദായന്‍, സിറിയന്‍, അർമേനിയൻ, ലാറ്റിൻ തുടങ്ങീ രാജ്യത്തെ വിവിധ കത്തോലിക്കാ സമൂഹങ്ങളുമായി പേപ്പല്‍ പ്രതിനിധി കൂടിക്കാഴ്ച നടത്തും.
ഡമാസ്കസിലും ആലപ്പോയിലും അദ്ദേഹം പ്രാദേശിക കമ്മ്യൂണിറ്റി നേതാക്കളുമായും വിവിധ ക്രൈസ്തവ സന്നദ്ധ സംഘടനകളുമായും കൂടിക്കാഴ്ച നടത്തും. ഹോംസിൽ നടന്ന അദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരുടെ പ്ലീനറി അസംബ്ലിയിലും കർദ്ദിനാൾ ക്ലോഡിയോ പങ്കെടുക്കും. ഡിസംബര്‍ ആദ്യവാരത്തിലാണ് അന്‍പത് കൊല്ലം നീണ്ട അസദ് കുടുംബത്തിന്‍റെ വാഴ്‌ച അവസാനിപ്പിച്ച് വിമതര്‍ അധികാരം പിടിച്ചെടുത്തത്. വിമതര്‍ തീവ്ര ഇസ്ലാമിക നിലപാടുള്ളവര്‍ ആയതിനാല്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആശങ്ക ഇപ്പോഴും തുടരുകയാണ്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟