Editor's Pick - 2024
ബ്രിട്ടനിലെ സീറോമലബാർ രൂപതയെ സംബന്ധിച്ച വിശ്വാസികളുടെ സംശയങ്ങൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ മറുപടി നൽകുന്നു
സ്വന്തം ലേഖകന്‍ 03-09-2016 - Saturday
കരുണയുടെ വർഷത്തിൽ ദൈവം ബ്രിട്ടനിലെ സീറോമലബാർ വിശ്വാസികൾക്കു മാത്രമല്ല യൂറോപ്പിലെ ജനതയ്ക്കു മുഴുവനായി നൽകിയ സമ്മാനമാണ് ബ്രിട്ടനിലെ സീറോമലബാർ രൂപത. ഈ രൂപതയുടെ ആദ്യത്തെ മെത്രാനായി ആഴമായ ആത്മീയജീവിതത്തിന്റെ ഉടമയായ മാർ ജോസഫ് സ്രാമ്പിക്കലിനെ മാർപാപ്പ നിയമിച്ചത് ഈ സമ്മാനത്തിനു മാറ്റുകൂട്ടുന്നു. സ്രാമ്പിക്കൽ പിതാവിനെ ബ്രിട്ടനിലെ സീറോമലബാർ മക്കൾ ഇതിനോടകം തന്നെ നെഞ്ചിലേറ്റിക്കഴിഞ്ഞു എന്നത് ഒരു വലിയ സത്യമാണ്.
മാർ ജോസഫ് സ്രാമ്പിക്കലുമായി ഒരു അഭിമുഖത്തെക്കുറിച്ച് ആലോചിച്ചപ്പോൾ തന്നെ അതിനുള്ള ചോദ്യങ്ങൾക്കായി വിശ്വാസികളിലേക്കു തന്നെ തിരിയാനാണ് പ്രവാചക ശബ്ദം ആഗ്രഹിച്ചത്. കാരണം പ്രസ്റ്റൺ രൂപതയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നതുമുതൽ വിശ്വാസികളുടെ ഇടയിൽ ഇതേപ്പറ്റി നിരവധി സംശയങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സംശയങ്ങൾക്കും ആശങ്കകൾക്കും രൂപതയുടെ നിയുക്ത മെത്രാൻ തന്നെ മറുപടി നൽകുമ്പോൾ അത് അവരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും, വിശ്വാസികൾക്ക് ഇടവക വികാരിയോടും മെത്രാനോടും രൂപതയോടും കൂടുതൽ അടുക്കുന്നതിനും; അങ്ങനെ വിശ്വാസ ജീവിതത്തിൽ ആഴപ്പെടുന്നതിനും കാരണമാകും എന്ന് കരുതുന്നു.
മാർ ജോസഫ് സ്രാമ്പിക്കലുമായി പ്രവാചക ശബ്ദം നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണ രൂപം:
പ്രവാചക ശബ്ദം: യൂറോപ്പില്‍ ആദ്യമായി സീറോമലബാര്‍ സഭക്ക് ഒരു രൂപത ലഭിക്കുകയും അങ്ങയെ അതിന്‍റെ ആദ്യത്തെ മെത്രാനായി മാര്‍പ്പാപ്പ നിയമിക്കുകയും ചെയ്തപ്പോള്‍ അങ്ങേക്ക് എന്തു തോന്നി?
മാർ ജോസഫ് സ്രാമ്പിക്കല്‍: കരുണയുടെ അസാധരണ ജൂബിലി വര്‍ഷത്തില്‍ ദൈവം കനിഞ്ഞുനല്‍കിയ വലിയ അനുഗ്രഹമായി പുതിയ ഉത്തരവാദിത്വത്തെ നന്ദിനിറഞ്ഞ ഹൃദയത്തോടെ കാണുന്നു. പ്രത്യേകിച്ചും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അനുസ്മരണ ദിനത്തില്‍ ഈ നിയോഗമെത്തിയത് പ്രത്യേക ദൈവികദാനമായി കാണുന്നു. പരിശുദ്ധ ദൈവമാതാവിന്റെ ചിത്രമാണ് ആദ്യം മനസില്‍ തെളിഞ്ഞത്. 'എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. ശക്തനായവന്‍ എന്നില്‍ വലിയ കാര്യങ്ങള്‍ ചെയ്തിരുക്കുന്നു' എന്ന പരിശുദ്ധ അമ്മയുടെ വചനങ്ങളാണ് കാതുകളില്‍ മുഴങ്ങിയത്.
പ്രവാചക ശബ്ദം: "മെത്രാനായി തിരഞ്ഞെടുത്തിരിക്കുന്നു" എന്നുള്ള വാര്‍ത്ത ആദ്യം അറിഞ്ഞത് ആരില്‍ നിന്നുമാണ്?
മാർ ജോസഫ് സ്രാമ്പിക്കല്‍: സീറോമലബാര്‍ സഭയുടെ അധ്യക്ഷനായ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവാണ് എന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. 2016 ജൂലൈ 19നായിരുന്നു ആ വിളി. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ഗ്രേറ്റ് ബ്രിട്ടണിലെ സീറോമലബാര്‍ സഭ വിശ്വാസികള്‍ക്കായി പുതിയ രൂപത സ്ഥാപിയ്ക്കുകയാണെന്നും ഇതിന്റെ പ്രഥമ മെത്രാനായി അച്ചനെ നിയമിക്കാന്‍ ആഗ്രഹിക്കുന്നതായും എന്നെ അറിയിച്ചു. ഈ നിയോഗം ഏറ്റെടുക്കുന്നതില്‍ എന്റെ സമ്മതം ചോദിച്ചായിരുന്നു ആലഞ്ചേരി പിതാവ് എന്നെ വിളിച്ചത്.
പ്രവാചക ശബ്ദം: ഈ വാര്‍ത്ത അങ്ങയുടെ കുടുംബാംഗങ്ങള്‍ പ്രത്യേകിച്ച് മാതാപിതാക്കള്‍ അറിഞ്ഞപ്പോള്‍ അവരുടെ പ്രതികരണം എന്തായിരുന്നു?
മാർ ജോസഫ് സ്രാമ്പിക്കല്‍: എന്റെ പിതാവിനെ എനിക്ക് 15 വയസുള്ളപ്പോള്‍ നഷ്ടപ്പെട്ടിരുന്നു. ഞാന്‍ മെത്രാനായി നിയോഗിക്കപ്പെടുന്നുവെന്ന വാര്‍ത്ത അമ്മ ടിവിയിലൂടെയാണ് അറിഞ്ഞത്. ഇക്കാര്യം ഞാന്‍ അമ്മയോട് സംസാരിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൂലൈ 28ന് കാക്കനാട്ടേയ്ക്ക് മെത്രാന്‍ നിയമന പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള യാത്രമധ്യേ അമ്മയെ ഫോണില്‍ വിളിച്ച് പ്രാര്‍ത്ഥിക്കണമെന്നും അനുഗ്രഹിക്കണമെന്നും മൂന്നരമണിക്ക് ടിവി ഓണ്‍ ചെയ്ത് വാര്‍ത്ത കാണണമെന്നും മാത്രമേ പറഞ്ഞിരുന്നുള്ളൂ.
പ്രവാചക ശബ്ദം: മെത്രാനാകും എന്നുള്ളതിന്‍റെ സൂചനകള്‍ അങ്ങേക്ക് റോമില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ലഭിച്ചിരുന്നോ?
മാർ ജോസഫ് സ്രാമ്പിക്കല്‍: ഇത്തരത്തിലുള്ള ശുശ്രൂഷകളെക്കുറിച്ചുള്ള സൂചനകള്‍ ഒരിക്കലും ഒരിടത്തും നല്‍കാറില്ല. സഭയിലെ ഔദ്യോഗിക തീരുമാനങ്ങളില്‍ പൂര്‍ണ്ണമായ രഹസ്യസ്വഭാവം സൂക്ഷിക്കപ്പെടുന്നുണ്ട്.
പ്രവാചക ശബ്ദം: ഇന്ത്യക്കു പുറത്തുള്ള മറ്റു സീറോമലബാര്‍ രൂപതകളില്‍ നിന്നും (അതായത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും) വ്യത്യസ്തമായി ബ്രിട്ടനിലെ സീറോമലബാർ രൂപതയ്ക്കുള്ള പ്രത്യേകത എന്താണ്?
മാർ ജോസഫ് സ്രാമ്പിക്കല്‍: ഭൂമിശാസ്ത്രപരമായി ഈ രൂപത മറ്റ് രണ്ട് രൂപതകളില്‍ നിന്നും ചെറുതാണ്. അടുത്തകാലങ്ങളില്‍ ഇവിടേയ്ക്ക് കുടിയേറിയവാരണ് ഇവിടുത്തെ വിശ്വാസ സമൂഹമെന്നതിനാല്‍ മാതൃസഭയോട് അടുത്ത ബന്ധവും സ്‌നേഹവും ഇവര്‍ തുടരുന്നുമുണ്ട്.
പ്രവാചക ശബ്ദം: തീര്‍ച്ചയായും ഈ രൂപത എല്ലാ സീറോമലബാര്‍ വിശ്വാസികള്‍ക്കും സന്തോഷം പകരുന്ന ഒരു കാര്യമാണ്. എങ്കിലും "ഇങ്ങനെ ഒരു രൂപതയുടെ ആവശ്യമുണ്ടോ? ഇപ്പോഴുള്ള സംവിധാനങ്ങളുടെ ആവശ്യമല്ലേ ഉള്ളൂ" എന്നു ചിന്തിക്കുന്ന നിരവധി വിശ്വാസികള്‍ ഇന്ന് ബ്രിട്ടനിലുണ്ട്. അതുകൊണ്ട് ഇപ്പോഴുള്ള സംവിധാനങ്ങളില്‍ നിന്നും ഒരു രൂപതയുടെ സംവിധാനത്തിലേക്ക് ഉയരുമ്പോള്‍ അത് വിശ്വാസികള്‍ക്ക് ഏതു രീതിയാണ് ഗുണം ചെയ്യുക?
മാർ ജോസഫ് സ്രാമ്പിക്കല്‍: രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ കാഴ്ചപ്പാടനുസരിച്ച് എല്ലാ വ്യക്തി സഭകളും അവര്‍ എവിടെയായിരുന്നാലും അവരുടെ ആരാധനക്രമവും ആധ്യാത്മികതയും ദൈവശാസ്ത്രവും ശിക്ഷണക്രമവും പാലിക്കണമെന്നാണ് നിര്‍ദേശം. ഈ പൈതൃകം പുതിയ തലമുറയ്ക്ക് ഗ്രാഹ്യമായ ഭാഷയില്‍ പകർന്നുകൊടുക്കണം. മാതൃസഭയോടുള്ള അഭേദ്യമായ ബന്ധം ലോകത്തെല്ലായിടത്തുമുള്ള സീറോമലബാര്‍ സഭ മക്കള്‍ പുലര്‍ത്തണം. രൂപതാസംവിധാനം എത്തുന്നതോടെ ഗ്രേറ്റ്ബിട്ടണിലെ സീറോമലബാര്‍ സഭാസമൂഹം മാതൃസഭയോട് ചേര്‍ന്നുള്ള വിശ്വാസത്തില്‍ കൂടുതല്‍ കരുത്തുള്ളതാകും.
പ്രവാചക ശബ്ദം: പ്രസ്റ്റണ്‍ രൂപതയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു ശേഷം ഇംഗ്ലണ്ടിലെ Local Parish കളിലെ ചില വൈദികര്‍ പറഞ്ഞ അഭിപ്രായം ഇപ്രകാരമാണ്:- "ഇത്തരം രൂപതാ സംവിധാനങ്ങള്‍ക്ക് മൂന്നു തലമുറക്കപ്പുറം പിടിച്ചു നില്‍ക്കാന്‍ സാധ്യമല്ല" അതിന് അവര്‍ പറയുന്ന കാരണം ഭാഷയും സംസ്ക്കാരവുമാണ്. ഇന്ന് ഇംഗ്ലണ്ടില്‍ ജോലി ചെയ്യുന്ന സീറോമലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവര്‍ ജനിച്ചു വളര്‍ന്നത് കേരളത്തിലായിരുന്നതു കൊണ്ട് അവര്‍ക്ക് മലയാളത്തിലുള്ള കുര്‍ബ്ബാനയും മറ്റ് ആരാധനാ രീതികളും ആവശ്യമാണ്. മാത്രവുമല്ല തിരുനാള്‍ പോലുള്ള ആഘോഷങ്ങളും പ്രദക്ഷിണങ്ങളും അവര്‍ക്ക് പരിചയമുള്ളതായതു കൊണ്ട് തീര്‍ച്ചയായും അവര്‍ സ്വീകരിക്കും.
എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന അടുത്ത തലമുറ മലയാളം അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്നവരാണ്. സീറോമലബാര്‍ സഭയുടെ സംസ്ക്കാരം അവര്‍ക്ക് വളരെ ചെറിയ തോതില്‍ മാത്രമാണ് അറിയാവുന്നത്. ഈ പുതിയ തലമുറ വളര്‍ന്ന്‍ അവര്‍ക്ക് മക്കളുണ്ടായി, അടുത്ത തലമുറയിലേക്കെത്തുമ്പോള്‍ മലയാളം സംസാരിക്കുന്നവര്‍ തന്നെ വിരളമായിരിക്കും. ഇങ്ങനെയുള്ള ഒരു ഭാവി സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഭാവിതലമുറകളിലേക്ക് വിശ്വാസം പകര്‍ന്നു നല്‍കുന്ന കാര്യത്തിൽ പ്രസ്റ്റണ്‍ രൂപതക്ക് എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കും?
മാർ ജോസഫ് സ്രാമ്പിക്കല്‍: തലമുറകള്‍ ആഗ്രഹിക്കുന്ന അതേ രീതിയിലും ഭാഷയിലുമാകും സീറോമലബാര്‍ സഭാ പാരമ്പര്യം അവര്‍ക്ക് പകര്‍ന്നു നല്‍കുക. സഭകള്‍ തമ്മിലുള്ള വ്യത്യാസം ആരാധനക്രമത്തിലും ആധ്യാത്മികതയിലും ദൈവശാസ്ത്രത്തിലും ശിക്ഷണക്രമത്തിലുമാണ്. ഭാഷയും സംസ്‌കാരവും സീറോമലബാര്‍ സഭയുടെ വളര്‍ച്ചയ്ക്ക് പ്രതിസന്ധിയാകില്ല. കാരണം സഭ എവിടെയായിരിക്കുന്നുവോ അവിടുത്തെ ഭാഷയും സംസ്‌കാരവും ഉള്‍ക്കൊള്ളാന്‍ സജ്ജമാണ്.
പ്രവാചക ശബ്ദം: ഇപ്പോള്‍ വളര്‍ന്നു വരുന്ന പുതിയ തലമുറ അഭിമുഖീകരിക്കുന്ന ഒരു മുഖ്യപ്രശ്നമാണ് മലയാളത്തിലുള്ള ആരാധനക്രമങ്ങള്‍. മലയാളം കുര്‍ബ്ബാന എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചില കുട്ടികള്‍ പറയും: "It is boring". അതിനുകാരണം സീറോമലബാര്‍ കുര്‍ബ്ബാനയിലെ പ്രാര്‍ത്ഥനകള്‍ ഒന്നും തന്നെ അവര്‍ക്ക് മനസ്സിലാകുന്നില്ല എന്നതാണ്. മിക്ക സ്ഥലങ്ങളിലും പാട്ടും പ്രസംഗവും അറിയിപ്പുകളുമൊക്കെയായി ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കുര്‍ബ്ബാനയില്‍ അവര്‍ വെറും കാഴ്ചക്കാര്‍ മാത്രമായി തീരുന്നു.
ഈ പ്രശ്നം പരിഹരിക്കാന്‍ വേണ്ടി ചില സ്ഥലങ്ങളില്‍ ഇംഗ്ലീഷിലുള്ള സീറോമലബാര്‍ കുര്‍ബ്ബാനകള്‍ നടത്തി നോക്കി എന്നാല്‍ അതും വിജയിച്ചില്ല. കാരണം ഇവിടുത്തെ Local ദേവാലയങ്ങളിലെ ലത്തീന്‍ ക്രമത്തിലുള്ള ഇംഗ്ലീഷ് കുര്‍ബ്ബാനയില്‍ പങ്കെടുത്ത് ശീലമാക്കിയവര്‍ക്ക് അതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു കുര്‍ബ്ബാനയെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഈ കാരണം കൊണ്ടു തന്നെ ഇത് മിക്ക സ്ഥലങ്ങളിലും തുടർന്നുകൊണ്ട് പോകുവാൻ സാധിച്ചില്ല. ബ്രിട്ടനിലെ പുതിയ സീറോമലബാർ രൂപത നിലവില്‍ വരുമ്പോള്‍ അങ്ങ് ഈ പ്രശ്നം എങ്ങനെയായിരിക്കും പരിഹരിക്കുക?
മാർ ജോസഫ് സ്രാമ്പിക്കല്‍: അവര്‍ക്ക് മനസിലാകുന്ന ഭാഷയിലും മാധ്യമങ്ങളിലൂടേയും സീറോ മലബാര്‍ സഭ ആരാധനാനുഭവം അവര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ പരിശ്രമിക്കും.
പ്രവാചക ശബ്ദം: പ്രസ്റ്റണ്‍ രൂപതയെക്കുറിച്ച് അറിഞ്ഞശേഷം ഇവിടുത്തെ ചില മാതാപിതാക്കള്‍ പങ്കുവച്ച ഒരു ആശങ്ക ഇപ്രകാരമാണ്:- "ഞങ്ങളുടെ മക്കള്‍ Local Parish മായി വളരെ അടുപ്പത്തില്‍ കഴിയുന്നവരാണ്. അവര്‍ അവിടുത്തെ Altar Boys ഉം ആണ്. Local Parishലെ വികാരിയുമായി നല്ല സൗഹൃദത്തിലുമാണ്. ഇവിടുത്തെ സംസ്ക്കാരവും ഇവിടെ വളരുന്ന കുട്ടികള്‍ അനുഭവിക്കുന്ന വെല്ലുവിളികളും കൂടുതല്‍ അറിയുന്നത് ഇവിടെയുള്ള വൈദികരല്ലേ. അവരുമായുള്ള അടുപ്പവും Local Parish നോടു ചേര്‍ന്നു നില്‍ക്കുന്നതും ഞങ്ങളുടെ മക്കള്‍ക്ക് ആത്മീയമായി വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു. എന്നാല്‍ ഈ കുട്ടികളെ സീറോമലബാര്‍ സംവിധാനങ്ങളിലേക്ക് പറിച്ചു നടുവാന്‍ ശ്രമിച്ചാല്‍ അത് അവര്‍ക്ക് എങ്ങനെ ഗുണം ചെയ്യും?" ഇത്തരം ആശങ്കകള്‍ക്ക് അങ്ങ് നല്‍കുന്ന മറുപടി എന്താണ്?
മാർ ജോസഫ് സ്രാമ്പിക്കല്‍: ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. സീറോമലബാര്‍ സഭ ഇടവകസംവിധാനവും വൈദികരുടെ ശ്രുശ്രൂഷയും ലഭ്യമാക്കിയതിലൂടെ ഇത്തരം ആശങ്കകള്‍ ഇല്ലാതാകും.
പ്രവാചക ശബ്ദം: UKയില്‍ ഇപ്പോള്‍ തന്നെ ചില രൂപതകളില്‍ സീറോമലബാര്‍ സഭയിലെ Mass Centre കളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു സ്ഥലത്ത് വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും അതിനോട് ചേര്‍ന്ന്‍ വേദപാഠം എല്ലാ കുട്ടികള്‍ക്കുമായി ഒരുമിച്ചു നടത്തുകയും ചെയ്യാന്‍ ആരംഭിച്ചു കഴിഞ്ഞു. ചില ആളുകള്‍ക്ക് ഇത് ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടുന്നതായി പറയുന്നു. കാരണം അവര്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്തു വേണം ഇവിടെ എത്താന്‍. വേദപാഠവും മറ്റും കഴിഞ്ഞ് കുട്ടികളെ കൂട്ടികൊണ്ട് പോകേണ്ടതുകൊണ്ട് പലരും അവിടെ തന്നെ കഴിച്ചു കൂട്ടി, അവസാനം വേദപാഠവും കഴിഞ്ഞതിനു ശേഷമാണ് തിരിച്ചു പോവുക. ഇത്തരം അവസരങ്ങളില്‍ അവര്‍ക്ക് ഒരു ഞായറാഴ്ച ദിവസം മുഴുവന്‍ ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. പുതിയ രൂപത നിലവില്‍ വരുമ്പോള്‍ ഇത്തരം രീതികള്‍ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമോ അതോ മറ്റെന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടാകുമോ?
മാർ ജോസഫ് സ്രാമ്പിക്കല്‍: സാധ്യമായ എല്ലാ സംവിധാനങ്ങളും വൈദികരോടും വിശ്വാസികളോടും ആലോചിച്ചും മാത്രമായിരിക്കും നടപ്പാക്കുക.
പ്രവാചക ശബ്ദം: UKയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കിടയില്‍ മിക്ക സ്ഥലങ്ങളിലും വേദപാഠം വളരെ കാര്യക്ഷമമായി നടക്കുന്നു എന്നുള്ളത് ദൈവത്തിന് പ്രത്യേകം നന്ദി പറയേണ്ട ഒരു വസ്തുതയാണ്. ഇവിടെ പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ കേരളത്തിലെ പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയാണ്. കുട്ടികളുടെ വിശ്വാസ പരിശീലനത്തിലെ ഒരു പ്രധാന ഘടകം അവര്‍ക്ക് വിശ്വാസത്തില്‍ വളരുവാന്‍ ആഴമായ ബോധ്യങ്ങള്‍ നല്‍കുക എന്നുള്ളതാണല്ലോ. കേരളത്തില്‍ വളരുന്ന കുട്ടികളുടെ സംസ്ക്കാരിക പശ്ചാത്തലമല്ല ഇവിടെയുള്ളത്. പുതിയ തലമുറ നേരിടുന്ന വിശ്വാസത്തിന്‍റെ വെല്ലുവിളികള്‍ കേരളത്തിലും ബ്രിട്ടനിലും വളരെ വ്യത്യസ്തമാണ്.
ഉദാഹരണമായി "ഞാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചു" എന്ന്‍ ഒരു കുട്ടി കേരളത്തിലെ സ്ക്കൂളുകളില്‍ ചെന്ന് സഹപാഠികളോടും അദ്ധ്യാപകരോടും പറഞ്ഞാല്‍ അത് ഒരു നല്ല പ്രവൃത്തിയാണെന്നു പറഞ്ഞ് അവര്‍ അതിനെ പ്രോത്സാഹിപ്പിക്കും. എന്നാല്‍ ഒരു കാര്യം ബ്രിട്ടനിലെ ഒരു സ്കൂളില്‍ ചെന്നു പറഞ്ഞാല്‍ സഹപാഠികള്‍ അവരെ കളിയാക്കും. മാത്രവുമല്ല, ഇവിടെ സ്കൂളുകളില്‍ നിന്നും കുട്ടികള്‍ക്കുണ്ടാകുന്ന തിന്മയുടെ പ്രലോഭനങ്ങള്‍ വളരെ അധികവുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികൾക്കു വിശ്വാസത്തില്‍ വളരുവാനും പ്രലോഭനങ്ങളെ അതിജീവിക്കാനും കേരളത്തില്‍ പഠിപ്പിക്കുന്ന ഒരു വേദപാഠ പുസ്തകം മാത്രം പഠിപ്പിച്ചതുകൊണ്ട് സാധിക്കുമോ? സംസ്ക്കാരത്തിനും വെല്ലുവിളികള്‍ക്കും അനുസരിച്ച് മതബോധനത്തിന്റെ രൂപത്തിലും പുസ്തകങ്ങളുടെ ഘടനയിലും മാറ്റങ്ങള്‍ വരുത്തുകയും കുട്ടികളുടെ വിശ്വാസ വളര്‍ച്ചയ്ക്ക് മറ്റ് ആത്മീയ ശുശ്രൂഷകള്‍ കൂടുതലായി ഒരുക്കുകയും ചെയ്യേണ്ടതല്ലേ?
മാർ ജോസഫ് സ്രാമ്പിക്കല്‍: സംസ്‌ക്കാരത്തിനും വര്‍ത്തമാനകാല വെല്ലുവിളികള്‍ക്കും അനുസരിച്ച് മതബോധനത്തിന്റെ രൂപത്തിലും പുസ്തകങ്ങളുടെ ഘടനയിലും മാറ്റങ്ങള്‍ വരുത്തും.
പ്രവാചക ശബ്ദം: UKയിലെ സീറോമലബാര്‍ സഭയുടെ ചരിത്രം പരിശോധിച്ചാല്‍, ഇവിടെ സീറോമലബാര്‍ സഭയെ വളര്‍ത്തിയത് അല്‍മായര്‍ ആണ് എന്നു പറയുവാന്‍ സാധിക്കും. കാരണം, മലയാളികള്‍ കൂടുതലായി UK യിലേക്ക് കുടിയേറുവാന്‍ ആരംഭിച്ച 2000 മുതല്‍ കുറേ വര്‍ഷത്തേക്ക് ഇവിടെ സീറോമലബാര്‍ ചാപ്ലിന്‍സികള്‍ ഒന്നുംതന്നെയില്ലായിരുന്നു. ആ കാലങ്ങളിലെല്ലാം മലയാളികള്‍ ഒരുമിച്ചുകൂടി, ഉപരിപഠനത്തിനായി ഇവിടെ എത്തിയ ഏതെങ്കിലും മലയാളി വൈദികരെ അന്വേഷിച്ചു കണ്ടെത്തി മലയാളം കുര്‍ബ്ബാന നടത്തുകയും വേദപാഠവും മറ്റു കാര്യങ്ങളും നടത്തുവാന്‍ വേണ്ടി മുന്‍കൈ എടുക്കുകയും ചെയ്തത് ഇവിടുത്തെ അല്‍മായരാണ്. അന്നൊന്നും ഇവിടെ സീറോമലബാര്‍ സഭയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം ചില സ്ഥലങ്ങളില്‍ സീറോമലബാര്‍ ചാപ്ലിന്‍സി ലഭിച്ചപ്പോഴും നിരവധി സ്ഥലങ്ങളില്‍ അതില്ലാതിരുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ഇത്തരം അവസരങ്ങളിലെല്ലാം UK യിലെ സീറോമലബാര്‍ വിശ്വാസികളുടെ വിശ്വാസസംരക്ഷണത്തിനായി അക്ഷീണം പരിശ്രമിച്ചത് അല്‍മായരായിരുന്നു. ഇവിടുത്തെ തിരക്കു പിടിച്ചതും ക്ലേശങ്ങൾ നിറഞ്ഞതുമായ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ് അവർ ഇപ്രകാരം ചെയ്തത്. എന്നാല്‍ ഈ അടുത്ത കാലത്തായി, വൈദികരും സഭാ സംവിധാനവും എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന വെറും ഉപകരണങ്ങള്‍ മാത്രമായി അല്‍മായരെ കാണുന്നു എന്ന ഒരു പരാതി ഉയര്‍ന്നു വരുന്നുണ്ട്.
ഇവിടുത്തെ സാഹചര്യങ്ങൾ കേരളത്തിലുള്ളതിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് നാട്ടിൽ നിന്നും ഇവിടെ എത്തിയ ഉടനെ ചില വൈദികർ എടുക്കുന്ന തീരുമാനങ്ങൾ ഇവിടുത്തെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെയാണ് എന്നുമുള്ള ഒരു ആരോപണവുമുണ്ട്. പുതിയ രൂപത നിലവില്‍ വരുമ്പോള്‍ രൂപതയുടെ ഭരണസംവിധാനങ്ങളിലും നയപരമായ തീരുമാനങ്ങളെടുക്കുന്നതിനും ഇവിടുത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചുകൊണ്ട് അല്‍മായര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമോ?
മാർ ജോസഫ് സ്രാമ്പിക്കല്‍: അല്‍മായര്‍ എന്നും സഭയുടെ സമ്പത്താണ് എന്നകാഴ്ചപ്പാടാണ് എനിക്കുള്ളത്. അത്മായപ്രേഷിതരുടെ സംഭാവനയും ത്യാഗവും സഭ എന്നും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഗ്രേറ്റ്ബ്രിട്ടണിലെ സീറോമലബാര്‍ രൂപതയിലും ഇക്കാര്യത്തില്‍ കുറവുണ്ടാകില്ല.
പ്രവാചക ശബ്ദം: ഇന്ന് UK യിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കിടയില്‍ നിരവധി കുടുംബങ്ങളാണ് തകര്‍ച്ചയിലൂടെ കടന്നു പോകുന്നത്. Divorce ന്‍റെ വക്കിലെത്തി നില്‍ക്കുന്ന ദമ്പതികള്‍ ധാരാളമുണ്ട്. ഇവിടുത്തെ സംസ്ക്കാരത്തിന്‍റെ സ്വാധീനത്തില്‍പെട്ട് വഴിതെറ്റിപ്പോകുന്ന ധാരാളം കൗമാരക്കാരും യുവാക്കളുമുണ്ട്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യക്ഷമമായ കൗണ്‍സിലിംഗ് സൗകര്യങ്ങൾ ഇവിടുത്തെ സീറോമലബാര്‍ സംവിധാനത്തിൽ നിലവിലില്ല എന്നത് ഒരു വസ്തുതയാണ്. ആകെയുള്ള മാര്‍ഗ്ഗം സീറോമലബാര്‍ ചാപ്ലിയനോട് അവരുടെ പ്രശ്നം പങ്കു വയ്ക്കുക എന്നതാണ്. എന്നാല്‍ ഇപ്പോള്‍ പുതിയതായി ഇവിടേക്ക് വരുന്ന മിക്ക വൈദികരും തീര്‍ത്തും ചെറുപ്പക്കാരായതിനാല്‍ പല ദമ്പതികളും തങ്ങളുടെ കുടുംബ ജീവിതത്തിലെ രഹസ്യ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ തയ്യാറാവുന്നില്ല. പുതിയ രൂപത ഇതിന് എങ്ങനെയാണ് പരിഹാരം കാണുക?
മാർ ജോസഫ് സ്രാമ്പിക്കല്‍: കുടുംബബന്ധങ്ങള്‍ സുവിശേഷാധിഷ്ഠിതവും കെട്ടുറുപ്പും ഉള്ളതുമാക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തും. കുടുംബം സഭയുടെ അടിസ്ഥാനഘടകമാണ്. കുടുംബങ്ങളുടെ വളര്‍ച്ചയും കെട്ടുറപ്പമെന്നാന്‍ സഭയുടെ വളര്‍ച്ചയാണ്. കൗണ്‍സിലിങ്ങിലും കുടുംബപ്രേക്ഷിതത്വത്തിലും പരിജ്ഞാനമുള്ള വൈദികരുടേയും സമര്‍പ്പിതരുടേയും സേവനം ഇക്കാര്യത്തില്‍ ഒരുക്കും.
പ്രവാചക ശബ്ദം: കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രസ്റ്റണ്‍ രൂപതയും അതിന്‍റെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അങ്ങും BBC അടക്കമുള്ള ബ്രിട്ടിഷ് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ ചില മാധ്യമങ്ങള്‍ UK യിലെ സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് കാരണമെന്തെന്ന് അന്വേഷിക്കുകയുണ്ടായി. UK യില്‍ എത്തിയ ശേഷവും വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനും വളരുവാനും സീറോമലബാര്‍ വിശ്വാസികളെ സഹായിക്കുന്ന പ്രധാന ഘടകമായി കാത്തലിക് ഹെരാള്‍ഡ് അടക്കമുള്ള മാധ്യമങ്ങള്‍ എടുത്തു പറയുന്നത് സെഹിയോന്‍ UK യുടെ നേതൃത്വത്തില്‍ Birmingham ല്‍ നടക്കുന്ന Second Saturday ശുശ്രൂഷയാണ്. മൂവായിരത്തോളം പേര്‍ എല്ലാ മാസവും ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ചു കൂടുന്ന ഈ ശുശ്രൂഷയെ UK യിലെ ഏറ്റവും വലിയ കത്തോലിക്കാ കൂട്ടായ്മ എന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത്. വിശ്വാസികള്‍ക്ക് താമസിച്ചു ധ്യാനിക്കുവാന്‍ അവസരമൊരുക്കുന്ന Darlingtonലെയും Ramsgateലെയും Divine ധ്യാനകേന്ദ്രങ്ങളും ഇക്കാര്യത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നു. ഇത്തരം കരിസ്മാറ്റിക് ശുശ്രൂഷകളെ ബ്രിട്ടനിലെ സീറോമലബാർ രൂപത എങ്ങനെയായിരിക്കും പ്രോത്സാഹിപ്പിക്കുക?
മാർ ജോസഫ് സ്രാമ്പിക്കല്‍: എന്റെ ദൈവവിളിയിലും പൗരോഹിത്യശുശ്രൂഷയിലും കരിസ്മാറ്റിക് ശുശ്രൂഷകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്. ഈ ശുശ്രൂഷകളെ പരമാവധി പ്രോത്സാഹിപ്പിക്കും.
പ്രവാചക ശബ്ദം: പ്രസ്റ്റണ്‍ രൂപത നിലവില്‍ വരുന്നതുകൊണ്ട് ബ്രിട്ടനിലെ കത്തോലിക്കാ സഭക്ക് അത് എപ്രകാരമായിരിക്കും ഗുണം ചെയ്യുക?
മാർ ജോസഫ് സ്രാമ്പിക്കല്‍: സഭാ പഠനങ്ങളില്‍ ആഴപ്പെടാന്‍ വിശ്വാസ സമൂഹത്തിന് അവസരം ഉറപ്പാകും. സീറോമലബാര്‍ സഭയുടെ കെട്ടുറപ്പും വളര്‍ച്ചയും കത്തോലിക്കാസഭയുടെ കെട്ടുറപ്പും വളര്‍ച്ചയും തന്നെയാണ്.
പ്രവാചക ശബ്ദം: ബ്രിട്ടണിലെ സീറോമലബാര്‍ സഭാസമൂഹം അവര്‍ക്ക് ലഭിച്ച രൂപതയുടെ ആദ്യത്തെ മെത്രാനായ അങ്ങയെ മനസ്സില്‍ സ്വീകരിച്ചു കഴിഞ്ഞു. നിരവധി പേര്‍ അങ്ങയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങയുടെ സോഷ്യല്‍ മീഡിയ post കള്‍ക്ക് ഇവിടുത്തെ വിശ്വാസികള്‍ക്കിടയില്‍ ലഭിക്കുന്ന വമ്പിച്ച സ്വീകരണം തന്നെ ഇതിന് വലിയൊരു തെളിവാണ്. ഒക്ടോബര്‍ ഒമ്പതാം തീയതിയിലെ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് വമ്പിച്ച ഒരുക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. ഈ അവസരത്തില്‍ അങ്ങയെ കാത്തിരിക്കുന്ന അങ്ങയുടെ മക്കള്‍ക്ക് അങ്ങ് എന്നു സന്ദേശമാണ് നല്‍കുന്നത്?
മാർ ജോസഫ് സ്രാമ്പിക്കല്‍: ഇക്കാര്യത്തില്‍ എല്ലാവരോടുമുളള നന്ദി അറിയിക്കുന്നു. ജൂലൈ 28 മുതല്‍ നിങ്ങള്‍ ഓരോരുത്തരും എന്നോട് കാണിക്കുന്ന സ്‌നേഹത്തിനും വാത്സല്യത്തിനും താല്‍പര്യത്തിനും വാക്കുകളിലൂടെ നന്ദി പറയുന്നത് പോരായ്മയാകും. അന്നുമുതല്‍ എന്റെ പ്രാര്‍ത്ഥനകളില്‍ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയില്‍ നിങ്ങളെല്ലാവരുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്‍പതിലെ മെത്രാഭിഷേക തിരുകര്‍മ്മങ്ങളില്‍ നമ്മുടെ വിശ്വാസസമൂഹം ഒന്നാകെ എത്തി നമ്മുടെ കെട്ടുറപ്പ് പ്രകടമാക്കണം. ഇത് ഗ്രേറ്റ്ബ്രിട്ടണിലും ആഗോളതലത്തിലും സീറോ മലബാര്‍ സഭയുടെ ചൈതന്യത്തിന്റെ നേര്‍സാക്ഷ്യമായി മാറണം.