News - 2025
ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പ്രവാചകശബ്ദം 14-02-2025 - Friday
വത്തിക്കാൻ: ശ്വാസകോശത്തിലെ ശ്വാസ നാളികളിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ തുടർന്ന് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന അപ്പോയിൻ്റ്‌മെൻ്റുകൾ പൂർത്തിയാക്കിയ ശേഷമാണ് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി ബ്രോങ്കൈറ്റിസ് സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പ ബുദ്ധിമുട്ട് നേരിടുകയായിരിന്നു.
ആവശ്യമായ ചില രോഗനിർണ്ണയ പരിശോധനകൾക്ക് വിധേയനാക്കുന്നതിനും ബ്രോങ്കൈറ്റിസ് ചികിത്സ തുടരുന്നതിനുമായാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ലഘു പ്രസ്താവനയിൽ വ്യക്തമാക്കി. എണ്‍പത്തിയെട്ടുകാരനായ പരിശുദ്ധ പിതാവ് കഴിഞ്ഞ ആഴ്ചയുടെ ആരംഭം മുതല്‍ ബ്രോങ്കൈറ്റിസിൻ്റെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടായിരിന്നു. ഫെബ്രുവരി 5 ബുധനാഴ്ച, പോൾ ആറാമൻ ഹാളിൽ കടുത്ത ജലദോഷമുണ്ടെന്നും സന്ദേശം വായിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുകയാണെന്നും പാപ്പ പറഞ്ഞിരിന്നു.
ഫെബ്രുവരി 6 വ്യാഴാഴ്ച, പാപ്പയ്ക്കു ശ്വസിക്കാൻ പ്രയാസമുണ്ടെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തിയിരിന്നു. ഇതേ തുടര്‍ന്നു വിവിധ കൂടിക്കാഴ്കകള്‍ പേപ്പല്‍ വസതിയായ കാസ സാന്താ മാർത്തയിലേക്ക് മാറ്റി. വലത് കാൽമുട്ടിലെ തുടർച്ചയായ വേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു ഏതാനും വര്‍ഷങ്ങളായി ഫ്രാന്‍സിസ് പാപ്പ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഫ്രാന്‍സിസ് പാപ്പയെ ഇതിന് മുന്‍പ് അവസാനമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
![](/images/close.png)