News - 2025

ഫ്രാന്‍സിസ് പാപ്പ ആശുപത്രിയില്‍ തുടരുന്നു; 17 വരെയുള്ള പരിപാടികള്‍ റദ്ദാക്കി

പ്രവാചകശബ്ദം 15-02-2025 - Saturday

റോം: ബ്രോങ്കൈറ്റിസ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പശ്ചാത്തലത്തില്‍ ഫെബ്രുവരി 17 വരെയുള്ള മാര്‍പാപ്പയുടെ പരിപാടികള്‍ റദ്ദാക്കി. ഇന്ന്‍ ശനിയാഴ്ച വത്തിക്കാനിൽ ക്രമീകരിച്ച ജൂബിലി പരിപാടിയിലും ഫെബ്രുവരി 17-ന് റോമിന് തെക്കുള്ള ചരിത്രപ്രസിദ്ധമായ സിനിസിറ്റ ഫിലിം സ്റ്റുഡിയോയിൽ കലാകാരന്മാരുമായുള്ള കൂടിക്കാഴ്ചയിലും അദ്ദേഹം പങ്കെടുക്കില്ലായെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.

ഇന്നലെ വത്തിക്കാൻ സന്ദർശിച്ച സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയുമായി കൂടിക്കാഴ്ച‌ നടത്തിയശേഷമാണ് ഫ്രാന്‍സിസ് പാപ്പ ആശുപത്രിയിലേക്കു പോയത്. റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്‌തീനോ ജെമെല്ലിയിൽ മാർപാപ്പമാർക്കായി ക്രമീകരിച്ച പ്രത്യേക സ്യൂട്ടിലാണ് ചികിത്സ. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനകളിൽ ശ്വാസകോശ സംബന്ധമായ അണുബാധ കണ്ടെത്തിയെന്നും നേരിയ പനിയുണ്ടെങ്കിലും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പശ്ചാത്തലത്തില്‍ മാര്‍പാപ്പയ്ക്കു വേണ്ടി വിവിധ രാജ്യങ്ങളിലെ സഭാനേതൃത്വം പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയിട്ടുണ്ട്. പാപ്പ ആശുപത്രിയിലായ സമയത്ത് പരിശുദ്ധ പിതാവിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ തങ്ങള്‍ പങ്കുചേരുകയാണെന്ന് യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് (USCCB) സോഷ്യൽ മീഡിയയിൽ കുറിച്ചു. 88 വയസുള്ള ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »