ഫെര്‍മോ രൂപതയിലെ സാന്റ് ആഞ്ചലോയില്‍ ഏതാണ്ട് 1245-ലാണ് വിശുദ്ധ നിക്കോളാസ് ടൊളെന്റിനോ ജനിച്ചത്. വിശുദ്ധന്റെ മാതാവിന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു വിശുദ്ധ നിക്കോളാസ്. മധ്യവയസ്കരായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വിശുദ്ധന്റെ മാതാവ് തന്റെ ഭര്‍ത്താവിന്റെ കൂടെ ബാരിയിലെ വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി. ഒരു മകന് വേണ്ടി പ്രാര്‍ത്ഥിക്കുകയും, ഒരു മകനുണ്ടാവുകയാണെങ്കില്‍ അവനെ ദൈവസേവനത്തിനായി സമര്‍പ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അവരുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അപ്രകാരം അവര്‍ക്ക് ഒരു മകനുണ്ടാവുകയും അവര്‍ അവന് നിക്കോളാസ് എന്ന് പേരിടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ആ കുട്ടി ഒരു വിശുദ്ധന്റേതായ അസാധാരണമായ അടയാളങ്ങള്‍ കാണിക്കുവാന്‍ തുടങ്ങി. അവന് ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ പര്‍വ്വതങ്ങളില്‍ താന്‍ കണ്ടിട്ടുള്ള സന്യാസിമാരെ അനുകരിച്ച് അവനും തന്റെ വീടിന്റെ അടുത്തുള്ള ഗുഹയില്‍ രഹസ്യമായി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു.
നിക്കോളാസിന് പ്രായമായപ്പോള്‍ അവന്‍ അഗസ്തീനിയന്‍ ഫ്രിയാര്‍ സഭയില്‍ ചേര്‍ന്നു. അവന്റെ ദയയും മാന്യമായ പെരുമാറ്റവും നിരീക്ഷിച്ച മേലധികാരികള്‍ അവനെ ആശ്രമ കവാടത്തിങ്കല്‍ പാവങ്ങള്‍ക്ക് ഭക്ഷണം ദാനം ചെയ്യുന്ന ദൗത്യമേല്‍പ്പിച്ചു. 1271-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും വളരെയേറെ ഭക്തിയോടു കൂടി തന്റെ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. അതിനു ശേഷം, എപ്പോഴൊക്കെ വിശുദ്ധന്‍ ദിവ്യബലിയര്‍പ്പിക്കുന്നുവോ തന്റെ ജ്വലിക്കുന്ന സ്നേഹത്തിന്റെ അഗ്നിയില്‍ തിളങ്ങുന്നതായി കാണപ്പെടാറുണ്ടായിരുന്നു.
വിശുദ്ധന്റെ പ്രബോധനങ്ങളും, ഉപദേശങ്ങളും, വഴി നിരവധി പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തിന്റെ നിരവധിയായ അത്ഭുതപ്രവര്‍ത്തനങ്ങള്‍ വഴിയും അനേകം പേര്‍ വിശ്വാസമാര്‍ഗ്ഗത്തിലേക്ക് വന്നു. എന്നിരുന്നാലും ഈ അത്ഭുതപ്രവര്‍ത്തനങ്ങളുടെ കീര്‍ത്തിയില്‍ അദ്ദേഹം മതിമറന്നില്ല. “ഇതിനെക്കുറിച്ച് ഒന്നും പറയാതിരിക്കുക, എനിക്കല്ല ദൈവത്തിനു നന്ദി പറയുക, ഞാന്‍ ദൈവത്തിന്റെ കയ്യിലെ ഒരു കളിമണ്‍ പാത്രം മാത്രം, വെറും ദരിദ്രനായ പാപി” ഇതായിരിന്നു വിശുദ്ധന്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നത്.
നിക്കോളാസ് തന്റെ അവസാന മുപ്പത് വര്‍ഷങ്ങള്‍ ടൊളെന്റിനോയിലാണ് ചിലവഴിച്ചത്. അക്കാലത്ത് അവിടെ ഗുയെല്‍ഫുകളും ഗീബെല്‍സിയനുകളും തമ്മില്‍ നിരന്തര ലഹളയിലായിരുന്നു. ഈ ആക്രമണങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ വിശുദ്ധനു മാത്രമേ കഴിഞ്ഞുള്ളൂ. തെരുവു തോറുമുള്ള പ്രബോധനങ്ങള്‍, വിശുദ്ധന്റെ ഈ അപ്പസ്തോലിക പ്രവര്‍ത്തനത്തിന്റെ വിജയം അപാരമായിരുന്നു. “സ്വര്‍ഗ്ഗത്തിലേ കാര്യങ്ങളെക്കുറിച്ചായിരുന്നു അവന്‍ പറഞ്ഞിരുന്നത്” എന്ന് വിശുദ്ധന്റെ ജീവചരിത്രം എഴുതിയ വിശുദ്ധ അന്റോണിന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
വിശുദ്ധ നിക്കോളാസിന്റെ അവസാന അഞ്ച് വര്‍ഷക്കാലം അദ്ദേഹം കിടപ്പിലായിരുന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ ഒരുപാട് സഹനങ്ങള്‍ അനുഭവിക്കുകയുണ്ടായി. 1305-ല്‍ ടൊളെന്റിനോയില്‍ തന്റെ സന്യാസസമൂഹത്തിന്റെ നടുവില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്. 1345-ല്‍ ഒരു അത്മായ സഹോദരന്‍ തിരുശേഷിപ്പുകളായി ജെര്‍മ്മനിയിലേക്ക് കൊണ്ട് പോകുന്നതിനായി വിശുദ്ധന്റെ ഭൗതീകശരീരത്തില്‍ നിന്നും കരങ്ങള്‍ മുറിച്ചെടുത്തു. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ സംഭവിക്കാതിരിക്കുന്നതിനായി അവിടത്തെ സന്യാസികള്‍ വിശുദ്ധന്റെ ഭൗതീകശരീരം രഹസ്യമാക്കി വെച്ചു. എന്നാല്‍ അത് പിന്നീട് കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍ മുറിച്ചെടുക്കപ്പെട്ട കരങ്ങള്‍ സുരക്ഷിതമായി ഇപ്പോഴും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. പലപ്പോഴും അതില്‍ നിന്നും രക്തം പ്രവഹിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി സഭയിലോ, ലോകത്തോ ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇപ്രകാരം രക്തം പ്രവഹിക്കുന്നതെന്ന് പറയപ്പെടുന്നു.
ഇതര വിശുദ്ധര്‍
1. അപെല്ലാസ് ലൂസിയൂസു
2. അവ്രാഞ്ചസ് ബിഷപ്പായിരുന്ന ഔത്ത് ബര്ത്തൂസ്
3. ബാരിപ്സബാസ് ഡല്‍മേഷൃ
4. നേപ്പിള്‍സിലെ കാന്‍റിഡാ ജൂനിയര്‍
5. നേപ്പിള്‍സിലെ കാന്‍റിഡാ ജൂനിയര്‍
6. സിസിലിയിലെ കോസ്മാസ്
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക