News - 2025

ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യ നില വീണ്ടും മെച്ചപ്പെട്ടു

പ്രവാചകശബ്ദം 28-02-2025 - Friday

വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷമുള്ള പതിനഞ്ചാം രാത്രി പാപ്പ ശാന്തമായി വിശ്രമിച്ചുവെന്നും ചികിത്സ തുടരുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു. മാർപാപ്പയുടെ ക്ലിനിക്കൽ അവസ്ഥ സങ്കീർണ്ണമായി തുടരുന്നുണ്ടെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് വത്തിക്കാന്‍ ഇന്നലെ വൈകീട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലും പറഞ്ഞിരിന്നു. ഇന്നലെ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് പ്രാർത്ഥനയിലും ഔദ്യോഗിക നിര്‍വ്വഹണത്തിനുമായി പാപ്പ സമയം ചെലവിട്ടു.

ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ശ്വാസനാളവീക്കംമൂലം റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ പാപ്പയെ പ്രവേശിപ്പിച്ചത്. പാപ്പയ്ക്കുവേണ്ടി ഫെബ്രുവരി 24 തിങ്കളാഴ്ച മുതൽ രാത്രി 9 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ജപമാല പ്രാർത്ഥന നടക്കുന്നുണ്ട്. ഓരോ ദിവസവും നടക്കുന്ന ജപമാല പ്രാര്‍ത്ഥനയ്ക്കു വത്തിക്കാനിലെ വിവിധ പദവികള്‍ വഹിക്കുന്ന കര്‍ദ്ദിനാളുമാരാണ് നേതൃത്വം നല്‍കുന്നത്. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാനാജാതിമതസ്ഥർ പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »