News

നൈജീരിയയില്‍ സായുധ സംഘത്തിന്റെ തടങ്കലില്‍ കഴിയുന്ന വൈദികരുടെ എണ്ണം നാലായി

പ്രവാചകശബ്ദം 05-03-2025 - Wednesday

ഔച്ചി: നൈജീരിയയിലെ ഔച്ചി കത്തോലിക്കാ രൂപതാംഗമായ വൈദികനെയും മേജര്‍ സെമിനാരി വിദ്യാര്‍ത്ഥിയെയും സായുധ സംഘം തട്ടിക്കൊണ്ടുപോയതോടെ തടങ്കലില്‍ കഴിയുന്ന വൈദികരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് (മാർച്ച് 3) ഏറ്റവും അവസാനത്തെ തട്ടിക്കൊണ്ടുപോകല്‍ നടന്നത്. എഡോ സംസ്ഥാനത്തു എറ്റ്‌സാക്കോ ഈസ്റ്റ് എൽജിഎയിലെ ഇവിയുഖുവ-അജെനെബോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റർ കത്തോലിക്കാ ദേവാലയ റെക്ടറി ആക്രമിച്ചതിന് ശേഷമായിരിന്നു ഇരുവരെയും തട്ടിക്കൊണ്ടുപോയത്. ഫാ. ഫിലിപ്പ് എക്‌വേലി എന്ന വൈദികനും മേജര്‍ സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും വേണ്ടി പ്രാര്‍ത്ഥന യാചിക്കുകയാണെന്ന് ഇന്നലെ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഔച്ചി രൂപത പറഞ്ഞു.

റെക്ടറിയിലെയും ദേവാലയത്തിലെയും വാതിലുകളും ജനലുകളും വെടിവയ്പ്പില്‍ തകർക്കപ്പെട്ടുവെന്നും പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയവരുമായി പോരാടിയെന്നും രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. എഗിലെവ വെളിപ്പെടുത്തി. ചുറ്റുമുള്ള വനങ്ങളിലേക്കാണ് ഇരുവരെയും കൊണ്ടുപോയേക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തട്ടിക്കൊണ്ടുപോയവരുമായി നിലവില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലായെന്നും പരിക്കുകള്‍ കൂടാതെ ഇരുവരും മോചിതരാകുന്നതിന് വേണ്ടി രൂപതയിലെ വിശ്വാസികളോടൊപ്പം എല്ലാവരും പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു.

നൈജീരിയ തട്ടിക്കൊണ്ടുപോകുന്നവരുടെ ഒരു ബിസിനസ് കേന്ദ്രമായി മാറിയിരിക്കുകയാണെന്നും എഡോ നോർത്തിലും എഡോ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിലനിൽക്കുന്ന ഈ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ പശ്ചിമാഫ്രിക്കൻ സര്‍ക്കാര്‍ ഇടപെടണമെന്നും ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ പറഞ്ഞു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, ഔച്ചി രൂപതയില്‍ നിന്നു മാത്രം എട്ടിലധികം വൈദികരെയാണ് തട്ടിക്കൊണ്ടുപോയത്. 2022-ൽ ഒരു വൈദികന്‍ ക്രൂരമായി കൊല്ലപ്പെട്ടു.

അതേസമയം നൈജീരിയയില്‍ സായുധധാരികളുടെ തടങ്കലില്‍ കഴിയുന്ന വൈദികരുടെ എണ്ണം നാലായി. ഫെബ്രുവരി 19ന്, തട്ടിക്കൊണ്ടുപോയ ഷെൻഡാം രൂപതാംഗമായ ഫാ. മോസസ് ഗ്യാങ് ജാ, ഫെബ്രുവരി 22ന്, യോള കത്തോലിക്കാ രൂപത പരിധിയില്‍ നിന്നു തട്ടിക്കൊണ്ടുപോയ ഫാ. മാത്യു ഡേവിഡ് ഡട്സെമി, ഫാ. എബ്രഹാം സൗമ്മമം എന്നീ വൈദികര്‍ ഇതുവരെ മോചിതരായിട്ടില്ല. ഇവര്‍ ജീവിച്ചിരിപ്പുണ്ടോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മോചനദ്രവ്യം ലക്ഷ്യമിട്ട് ഇസ്ളാമിക തീവ്രവാദികളും സായുധധാരികളുമാണ് ആക്രമണം നടത്തുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

More Archives >>

Page 1 of 1058