News
ആശുപത്രിയില്‍ നിന്ന് അപ്രതീക്ഷിത സന്ദേശം; പാപ്പയുടെ ശബ്ദം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മുഴങ്ങി
പ്രവാചകശബ്ദം 07-03-2025 - Friday
വത്തിക്കാന്‍ സിറ്റി: 21 ദിവസങ്ങളായി ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ശബ്ദം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീണ്ടും മുഴങ്ങി. ഇന്നലെ വ്യാഴാഴ്ച രാത്രി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ജപമാല പ്രാർത്ഥനാ ശുശ്രൂഷയോട് അനുബന്ധിച്ചാണ് ഫ്രാൻസിസ് മാർപാപ്പയുടെ മുൻകൂട്ടി തയാറാക്കിയ സന്ദേശം ഓഡിയോ കേള്‍പ്പിച്ചത്. തന്റെ ആരോഗ്യത്തിനായുള്ള പ്രാർത്ഥനകൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുകയാണെന്നും താന്‍ ഇവിടെ നിന്ന് (ആശുപത്രിയില്‍ നിന്ന്‍) അനുഗമിക്കട്ടെയെന്നും പാപ്പ പറഞ്ഞു.
“ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, ദൈവമാതാവ് നിങ്ങളെ സംരക്ഷിക്കട്ടെ. നന്ദി.” - പാപ്പ കൂട്ടിച്ചേര്‍ത്തു. പരിശുദ്ധ പിതാവിന്റെ അടഞ്ഞ ശബ്ദമായിരിന്നു സ്പാനിഷ് ഭാഷയിലുള്ള ഓഡിയോ സന്ദേശത്തിലുണ്ടായിരിന്നത്. 21 ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഫ്രാൻസിസ് പാപ്പയുടെ ശബ്ദം ആഗോള സമൂഹം പരസ്യമായി കേൾക്കുന്നത് ഇതാദ്യമായാണ്. പാപ്പയുടെ സന്ദേശം അപ്രതീക്ഷിതമായി കേട്ടതോടെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തടിച്ചുകൂടിയവർ ഇത് കരഘോഷത്തോടെ സ്വീകരിച്ചു. ഇന്നലെ നടന്ന ജപമാല പ്രാര്‍ത്ഥന സമര്‍പ്പിതര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രോ-പിഫെക്ട് കർദ്ദിനാൾ ആഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ നേതൃത്വം നല്‍കി.
അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്. ശ്വസന, മോട്ടോർ ഫിസിയോതെറാപ്പി സഹായം നല്‍കുന്നുണ്ട്. രക്തപരിശോധനയില്‍ ഫലം തൃപ്തികരമാണ്. നിലവില്‍ അദ്ദേഹത്തിന് പനിയില്ല. ഇന്നലെ രാവിലെയും ഉച്ചയ്ക്കും വിശ്രമത്തിനും പ്രാർത്ഥനയ്ക്കും ഇടയിൽ പരിശുദ്ധ പിതാവ് ചില ജോലികളില്‍ ഏർപ്പെട്ടുവെന്നും ഉച്ചഭക്ഷണത്തിന് മുമ്പ്, അദ്ദേഹം വിശുദ്ധ കുര്‍ബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
