News

വത്തിക്കാനിലെ പീഡാനുഭവ ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് യുഎസ് വൈസ് പ്രസിഡന്‍റും കുടുംബവും

പ്രവാചകശബ്ദം 19-04-2025 - Saturday

വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തില്‍ റോമില്‍ സന്ദര്‍ശനം തുടരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും വത്തിക്കാനില്‍ പീഡാനുഭവ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. ഇന്നലെ ദുഃഖവെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പീഡാനുഭവ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ജെ.ഡി. വാൻസും കുടുംബവും ഒന്നിച്ച് എത്തുകയായിരിന്നു. ഇന്നലെ ദുഃഖവെള്ളിയാഴ്ച (18/04/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി പീഡാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

റോമിൽ വന്നിറങ്ങിയ ശേഷം വാൻസ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി താന്‍ മികച്ച ഒരു കൂടിക്കാഴ്ച നടത്തിയെന്നും മനോഹരമായ നഗരത്തിലെ ദേവാലയത്തിലേക്ക് കുടുംബത്തോടൊപ്പം പള്ളിയിലേക്ക് പോകുകയാണെന്നും വാന്‍സ് 'എക്സില്‍' കുറിച്ചു. ദുഃഖവെള്ളിയാഴ്ച റോമില്‍ ആയിരിക്കുവാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും അനുഗ്രഹീതമായ പീഡാനുഭവ വെള്ളി ആശംസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈസ് പ്രസിഡന്റും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ഔപചാരികമായ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും കത്തോലിക്ക പ്രബോധനങ്ങളെ കുറിച്ചും ആഴമേറിയ കാഴ്ചപ്പാടുള്ള വ്യക്തി കൂടിയാണ് വാന്‍സ്. ഭ്രൂണഹത്യയെ ശക്തമായി അപലപിച്ചും ജീവന്‍ ദൈവത്തിന്റെ സമ്മാനമാണെന്ന് പ്രഘോഷിച്ചും അദ്ദേഹം നിരവധി തവണ പ്രസ്താവന നടത്തിയിട്ടുണ്ട്. നോമ്പുകാലത്തിലേക്ക് പ്രവേശിച്ച വിഭൂതി ബുധനാഴ്ച എയര്‍പോര്‍ട്ടില്‍ നിന്ന് നെറ്റിയില്‍ കുരിശ് സ്വീകരിച്ച വാന്‍സിന്റെ ചിത്രങ്ങള്‍ വൈറലായിരിന്നു.


Related Articles »