India - 2024

ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധ കുർബാന: മാർ ജോസഫ് പെരുന്തോട്ടം

പ്രവാചകശബ്ദം 15-02-2024 - Thursday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത 25-ാമത് ബൈബിൾ കൺവെൻഷന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളി മൈതാനത്ത് തുടക്കമായി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.ക്രൈസ്തവ ജീവിതത്തിന്റെ ശക്തിസ്രോതസാണ് വിശുദ്ധകുർബാനയെന്നും ഈ സ്രോതസിൽ നിന്നും വിശ്വാസികൾ ദൈവികജീവനും കൃപകളും ആർജിക്കണമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. സഭയുടെ ഐക്യവും കെട്ടുറപ്പും ശിഥിലമാക്കാൻ തിന്മയുടെ ശക്തികൾ ഇന്നു വളരെ പ്രബലമായി പ്രവർത്തിക്കുന്നുണ്ട്. മിശിഹായിൽ പണിയപ്പെട്ട സഭയിൽ തിന്മയുടെ ശക്തി പ്രബലപ്പെടുകയില്ലെന്നും മാർ പെരുന്തോട്ടം പറഞ്ഞു.

വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, കത്തീഡ്രൽ വികാരി യും ജനറൽ കൺവീനറുമായ റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ, ബൈബിൾ അപ്പസ്ത‌ലേറ്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ പരിശുദ്ധ കുർബാന അർപ്പി ച്ചു. എത്രമാത്രം ഒരാൾ സഭയെ സ്നേഹിക്കുന്നുവോ അത്രമാത്രം പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിക്കുമെന്നും സഭയെ അമ്മയായി കാണുവാൻ സാധിക്കാത്തവർക്ക് ദൈവത്തെ പിതാവ് എന്നു വിളിക്കുവാൻ കഴിയില്ലെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. അതിരുപതയിലെ സന്യസ്‌ത നവവൈദികർ സഹകാർമികരായിരുന്നു.


Related Articles »