Title News - 2025
31 ദിവസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാന്‍
പ്രവാചകശബ്ദം 17-03-2025 - Monday
വത്തിക്കാന്‍ സിറ്റി; റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു 31 ദിവസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് വത്തിക്കാന്‍. ഫെബ്രുവരി 14ന് ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം വത്തിക്കാൻ പങ്കുവെയ്ക്കുന്നത്. ആശുപത്രി ചാപ്പലിലെ കസേരയില്‍ ഊറാറ ധരിച്ചിരിന്ന് പാപ്പ അള്‍ത്താര അഭിമുഖമായി പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് പരിശുദ്ധ സിംഹാസനം പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ ഞായറാഴ്ച രാവിലെ, ജെമെല്ലി പോളിക്ലിനിക്കിലെ പത്താം നിലയിലുള്ള അപ്പാർട്ട്മെന്റിലെ ചാപ്പലിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചുവെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.
മാർപാപ്പയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നും ഞായറാഴ്ച വിശുദ്ധ കുർബാന അർപ്പണത്തിന് ശേഷം ശ്വസനത്തിന് വേണ്ടിയുള്ള ചികിത്സ ഉൾപ്പെടെയുള്ള നിർദ്ദേശിക്കപ്പെട്ട ചികിത്സകൾ നല്‍കിയെന്നും വത്തിക്കാൻ വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ആരെയും സന്ദർശകരായി സ്വീകരിച്ചില്ല. പകരം പ്രാർത്ഥന, വിശ്രമം, കുറച്ച് ജോലി എന്നിവയ്ക്കായി ദിവസം നീക്കിവെച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്ന് തിങ്കളാഴ്ച, മെഡിക്കൽ ബുള്ളറ്റിൻ ഉണ്ടാകില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
