India - 2025
ഡോ. സെൽവരാജന്റെ മെത്രാഭിഷേക ചടങ്ങുകൾ 25ന്
19-03-2025 - Wednesday
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ നിയുക്ത സഹമെത്രാൻ ഡോ. സെൽവരാജന്റെ മെത്രാഭിഷേക ചടങ്ങുകൾ 25ന് ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. തിരുക്കർമങ്ങളിൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ, പുനലൂർ ബിഷപ്പ് ഡോ. സിൽവിസ്റ്റർ പൊന്നുമുത്തൻ തുടങ്ങിയവർ കാർമികരാവും.
പരിപാടികളിൽ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾദോ ജിറേലി, സിബിസിഐ പ്രസിഡൻ്റ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരുപത സഹായ മെത്രാൻ മാത്യുസ് മാർ പോളികോർപ്പസ് തുടങ്ങിയവർ ആശംസകളർപ്പിക്കും.മെത്രാഭിഷേക തിരുക്കർമങ്ങൾക്ക് കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളിൽ നിന്നുള്ള മുപ്പതിലധികം ബിഷപ്പുമാർ സഹകാർമികത്വം വഹിക്കും.
മുന്നു റിലധികം വൈദികരുൾപ്പെടെ പതിനായിരത്തോളം വിശ്വാസികളെ പ്രതീക്ഷിച്ചാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ എട്ടിനാണ് ജുഡീഷൽ വികാറായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്ന ഡോ. സെൽവരാജനെ നെയ്യാറ്റിൻകര രൂപതയുടെ സഹമെത്രാനായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. മെത്രാഭിഷേകത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മെത്രാഭിഷേക കമ്മിറ്റി ചെയർമാൻ മോൺ. ജി. ക്രിസ്‌തുദാസ് അറിയിച്ചു.