News - 2025
ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയില്‍ വീണ്ടും പുരോഗതി
പ്രവാചകശബ്ദം 19-03-2025 - Wednesday
വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിലധികമായി ആശുപത്രിയില്‍ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഫ്രാൻസിസ് മാർപാപ്പയ്ക്കു രാത്രിയിൽ മെക്കാനിക്കൽ വെന്റിലേഷനും പകൽ സമയത്ത് ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയും നല്‍കുന്നത് ഡോക്ടർമാർ കുറച്ചതായി വത്തിക്കാൻ അറിയിച്ചു. തിങ്കളാഴ്ച രാത്രിയിൽ അദ്ദേഹത്തിന് മെക്കാനിക്കൽ വെന്റിലേഷന്റെ ആവശ്യം വന്നേയില്ലായെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. എന്നിരുന്നാലും മെക്കാനിക്കൽ വെന്റിലേഷൻ പൂർണ്ണമായും നിർത്തിവച്ചിട്ടില്ല.
ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് ശ്വാസനാള വീക്കത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പയെ റോമിലെ ജെമല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതലായി നടത്തിയ പരിശോധനകളില്‍ പാപ്പയുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന പാപ്പായുടെ ആരോഗ്യസ്ഥിതി ഇടയ്ക്ക് മോശമായെങ്കിലും പിന്നീട് മെച്ചപ്പെട്ടു. പാപ്പയുടെ സുഖപ്രാപ്തിക്കായുള്ള പ്രാർത്ഥനകൾ ലോകത്തിൻറെ എല്ലാഭാഗങ്ങളിലും തുടരുന്നുണ്ട്. ഈ നിയോഗാര്‍ത്ഥം വത്തിക്കാന്‍ ചത്വരത്തില്‍ അനുദിനം രാത്രി ജപമാല പ്രാര്‍ത്ഥന നടത്തുന്നതും തുടരുകയാണ്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
