News - 2025

കോണ്‍ക്ലേവിലെ കണക്കുകള്‍ ഇങ്ങനെ..! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം

പ്രവാചകശബ്ദം 22-04-2025 - Tuesday

ഫ്രാന്‍സിസ് പാപ്പ ദിവംഗതനായതോടെ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാളുമാരും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഏപ്രിൽ 21ലെ കണക്കനുസരിച്ച് ജീവിച്ചിരിക്കുന്ന 252 കർദ്ദിനാൾമാരിൽ 135 പേർ 80 വയസ്സിന് താഴെയുള്ളവരാണ്. ഇവര്‍ക്കാണ് വോട്ടവകാശം. ഏറെ ശ്രദ്ധേയമായ വസ്തുത, 135 വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരില്‍ 83% പേരും ഫ്രാൻസിസ് മാർപാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയവരാണ്. 2013-ൽ തന്റെ മാര്‍പാപ്പ പദവി ആരംഭിച്ചതുമുതൽ, ഫ്രാൻസിസ് മാർപാപ്പ ഇതുവരെ കര്‍ദ്ദിനാള്‍മാര്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ ശുഷ്കാന്തി കാണിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്.

തിരുസഭയിലെ ഏറ്റവും മികച്ച ദൈവശാസ്ത്രജ്ഞനായിരിന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ തന്റെ കാലയളവില്‍ സൃഷ്ടിച്ച 18 കര്‍ദ്ദിനാളുമാര്‍ക്കും കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അവകാശമുണ്ട്. ആകെ വോട്ടിംഗ് പദവിയുടെ 15% ആണിത്. സീറോ മലബാര്‍ സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഏപ്രിൽ 19ന് 80 വയസ്സ് തികഞ്ഞതിനാൽ കോൺക്ലേവിൽ പങ്കെടുക്കാന്‍ അവസരമുണ്ടാകില്ല. ജോൺ പോൾ രണ്ടാമൻ പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 5 പേർ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

കർദ്ദിനാൾ ഇലക്‌ടേഴ്‌സ് കോളേജിലെ ഏറ്റവും മുതിർന്ന അംഗവും ബോസ്നിയ-ഹെർസഗോവിനയിലെ സരജേവോയുടെ മുൻ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻകോ പുൾജിക്കിന് സെപ്റ്റംബറിലാണ് 80 വയസ്സ് തികയുന്നതിനാല്‍ അദ്ദേഹം കോൺക്ലേവിൽ പങ്കെടുക്കും. 1994-ൽ ബാൽക്കൻ യുദ്ധത്തിന്റെ കൊടുമുടിയിൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാളായി നിയമിക്കുകയായിരിന്നു. ഘാനക്കാരനായ കർദ്ദിനാൾ പീറ്റർ ടർക്‌സൺ, ഹംഗേറിയൻ കർദ്ദിനാൾ പീറ്റർ എർഡോ, ക്രൊയേഷ്യൻ കർദ്ദിനാൾ ജോസിപ്പ് ബൊസാനിക്, ഫ്രഞ്ച് കർദ്ദിനാൾ ഫിലിപ്പ് ബാർബറിൻ എന്നിവരാണ് ജോണ്‍ പോള്‍ രണ്ടാമന്‍ നിയമിച്ചവരില്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാളുമാര്‍.

കോണ്‍ക്ലേവിന് വേണ്ടി പ്രാര്‍ത്ഥിക്കാം..! ‍


Related Articles »