News

113 കർദ്ദിനാളുമാർ വത്തിക്കാനിൽ; കോണ്‍ക്ലേവിന് ഒരുക്കമായി ഇന്നും യോഗം ചേര്‍ന്നു

പ്രവാചകശബ്ദം 24-04-2025 - Thursday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ ദിവംഗതനായതിന് ശേഷം കര്‍ദ്ദിനാള്‍ സംഘത്തിന്റെ മൂന്നാമത്തെ യോഗത്തിന് വത്തിക്കാന്‍ വേദിയായി. ഇന്നു വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കർദ്ദിനാൾ കോളേജ്, യോഗത്തില്‍ "സഭയെയും ലോകത്തെയും" കുറിച്ച് ചർച്ച നടത്തി. നിര്‍ണ്ണായകമായ പ്രീ-കോൺക്ലേവ് യോഗങ്ങളായാണ് ഇവയെ പൊതുവേ വിശേഷിപ്പിക്കുന്നത്. റോമിൽ നിലവില്‍ സന്നിഹിതരായിരിക്കുന്ന 113 കർദ്ദിനാളുമാർ നടത്തിയ യോഗം രണ്ടര മണിക്കൂർ നീണ്ടു. ഇന്നു രാവിലെ മൂന്നാമത്തെ പൊതുസഭയിൽ യോഗം ചേർന്ന കർദ്ദിനാൾമാരുടെ കോളേജ്, കോൺക്ലേവിന്റെ ആദ്യ ദിവസം ധ്യാന വിചിന്തനം നടത്താന്‍ കർദ്ദിനാൾ റനിയെരോ കാന്തലമെസ്സയെ നിയമിച്ചു.

1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റനിയെരോ കാന്തലമെസ്സ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അടുത്ത ആഴ്ചയുടെ ആരംഭത്തില്‍ ബിഷപ്പ്സ് ഡിക്കാസ്റ്ററി അംഗവും ആശ്രമാധിപനുമായ മോണ്‍. ഡൊണാറ്റോ ഒഗ്ലിയാരി ധ്യാനം നടത്തും. മാര്‍പാപ്പയുടെ മൃതസംസ്കാരം സംബന്ധിച്ച കൂടുതൽ ക്രമീകരണങ്ങൾ, ഒൻപത് ദിവസം നീണ്ട പാപ്പയുടെ ഔദ്യോഗിക ദുഃഖാചരണ ദിനങ്ങളില്‍ ബലിയര്‍പ്പിക്കേണ്ടവര്‍ സംബന്ധിച്ച കാര്യങ്ങളിലും ചര്‍ച്ച നടന്നു.

അതേസമയം കർദ്ദിനാൾ കോളേജിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാൾ ഇലക്ടറായ സാരജേവോയിലെ മുന്‍ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻകോ പുൾജിക്, കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് അതിരൂപത അറിയിച്ചു. രോഗബാധിതനായതിനെ തുടര്‍ന്നു ആശുപത്രിയിലായ അദ്ദേഹത്തിന് അനുകൂല മെഡിക്കൽ ഫലമാണ് ലഭിച്ചിരിക്കുന്നതെന്നും ശനിയാഴ്ച നടക്കുന്ന പാപ്പയുടെ മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെങ്കിലും കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നും സഭാനേതൃത്വം വ്യക്തമാക്കി. 2005-ൽ ബെനഡിക്ട് പതിനാറാമന്റെയും 2013-ൽ ഫ്രാൻസിസ് മാർപാപ്പയുടെയും തെരഞ്ഞെടുപ്പ് നടന്ന കോണ്‍ക്ലേവില്‍ അദ്ദേഹം പങ്കെടുത്തിരിന്നു.


Related Articles »