News - 2024
ദൈവം പാപികളെ ശിക്ഷിക്കുന്നവനല്ല, മറിച്ച് രക്ഷിക്കുന്നവനും അവരോടു കരുണയുള്ളവനുമാണ്: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 08-09-2016 - Thursday
വത്തിക്കാന്‍: പിതാവായ ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലേക്ക് അയച്ചത്, പാപികളുടെ മേല്‍ ശിക്ഷാവിധി നടപ്പിലാക്കുവാന്‍ വേണ്ടിയല്ലെന്നും, നഷ്ടപ്പെട്ടു പോയ പാപികളെ കാരുണ്യത്താല്‍ സ്വീകരിക്കുവാനാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ച തോറും നടത്താറുള്ള തന്റെ പ്രതിവാര പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. വരാനിരിക്കുന്നവന്‍ നീ തന്നെയാണോ എന്ന്‍ അവിടുത്തോടു ചോദിച്ചറിയാന്‍ തടവിലായിരുന്ന സ്നാപകയോഹന്നാന്‍ തന്‍റെ ശിഷ്യരെ അയക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് പാപ്പ തന്റെ പ്രസംഗം നടത്തിയത്.
"ആദ്യം സ്‌നാപക യോഹന്നാന്‍ ദൈവത്തെ ചിത്രീകരിച്ചിരുന്നത് തെറ്റുകള്‍ ചെയ്യുന്നവരെ ശിക്ഷിക്കുന്ന ഒരു വ്യക്തിയായിട്ടാണ്. ഫലമില്ലാത്ത എല്ലാത്തിനേയും വെട്ടികളയുന്നവനാണ് ദൈവമെന്ന് യോഹന്നാന്‍ പ്രസംഗിച്ചു. എന്നാല്‍, ദൈവപുത്രന്‍ വന്നപ്പോള്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെ അത്ഭുതത്തിന്റെയും പ്രവര്‍ത്തികളാണ് അവിടുന്ന് പ്രവര്‍ത്തിച്ചത്. ഇതിനാലാണ് യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ അയച്ച് ഇത്തരം ഒരു ചോദ്യം ക്രിസ്തുവിനോട് ഉന്നയിക്കുന്നത്".
യേശുവിന്റെ പ്രത്യുത്തരം ഇങ്ങനെയാണ്, "നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാര്‍ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാര്‍ നടക്കുന്നു, കുഷ്ഠരോഗികള്‍ ശുദ്ധരാക്കപ്പെടുന്നു, ബധിരര്‍ കേള്‍ക്കുന്നു, മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എന്നില്‍ ഇടര്‍ച്ച തോന്നാത്തവന്‍ ഭാഗ്യവാന്‍". ഇവിടെ യേശുവിന്‍റെ വാക്കുകള്‍ സുവ്യക്തമാണ്. സാന്ത്വനവും രക്ഷയും പ്രദാനം ചെയ്തുകൊണ്ട് സകലരുടെയും മുന്നിലെത്തുന്ന പിതാവിന്‍റെ കാരുണ്യത്തിന്റെ ഉപകരണമാണ് താനെന്ന് ഈ മറുപടിയിലൂടെ അവിടുന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
പാപികളേയും വഴിതെറ്റി പോയവരേയും തന്നിലേക്ക് ചേര്‍ക്കുവാന്‍ വന്നവനാണ് ദൈവപുത്രന്‍. കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും മാത്രം പ്രതീകമാണ് അവിടുന്ന്. പാപികളോടുള്ള ഈ കാരുണ്യം ക്രിസ്തുവില്‍ വിശ്വസിക്കുന്നവരേയും അവന്റെ അനുയായികളേയും അപകീര്‍ത്തിപ്പെടുത്തുവാന്‍ വേണ്ടിയും ചിലര്‍ ഉപയോഗിക്കുന്നു. ദൈവപിതാവിന്റെ കാരുണ്യത്തിന് തടസം സൃഷ്ടിക്കുന്നവരായി നാം ഒരുകാലത്തും മാറരുതെന്നും അവിടുത്തെ കാരുണ്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നവരായി നാം മാറണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
കാല്‍ലക്ഷത്തോളം വിശ്വാസികളാണ് മാര്‍പാപ്പയുടെ പ്രസംഗം കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിച്ചേര്‍ന്നത്. മദര്‍തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംബന്ധിക്കുവാനായി വത്തിക്കാനില്‍ നേരത്തെ എത്തിയ ആയിരങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക