News - 2024
കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ തടവുകാര്‍ക്കു വേണ്ടിയും ഭവനരഹിതര്‍ക്കു വേണ്ടിയും മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍
സ്വന്തം ലേഖകന്‍ 07-09-2016 - Wednesday
വത്തിക്കാന്‍: കരുണയുടെ ജൂബിലി വര്‍ഷത്തിലെ അവസാന മൂന്നു മാസങ്ങളില്‍ തടവില്‍ പാര്‍ക്കുന്നവര്‍ക്കും, ഭവനരഹിതര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും ദിവ്യബലിയും സംഘടിപ്പിക്കുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. ഈ മൂന്നു മാസങ്ങളില്‍ നടത്തേണ്ട വിവിധ പരിപാടികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തു വിട്ടത്. ഇതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തുവാനിരിക്കുന്ന വിദേശ സന്ദര്‍ശനങ്ങളുടെ തീയതിയും ഉള്‍പ്പെടും. നവംബര്‍ ആറാം തീയതി തടവില്‍ പാര്‍ക്കുന്നവര്‍ക്കു വേണ്ടിയും നവംബര്‍ 13-ാം തീയതി ഭവനരഹിതര്‍ക്കു വേണ്ടിയും പിതാവ് വിശുദ്ധ ബലി അര്‍പ്പിക്കും.
സെപ്റ്റംബര്‍ 25-ാം തീയതി മതബോധനം നടത്തുന്നവര്‍ക്കായി കരുണയുടെ ജൂബിലി വര്‍ഷം പ്രത്യേക കുര്‍ബാന പാപ്പ അര്‍പ്പിക്കും. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ രണ്ടാം തീയതി വരെ ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നുണ്ട്. മിഷന്‍ ഞായറായി ആചരിക്കുന്ന ഒക്ടോബര്‍ 16-ാം തീയതി ഏഴു വ്യക്തികളെ പിതാവ് വിശുദ്ധരായി പ്രഖ്യാപിക്കും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ വാഴ്ത്തപ്പെട്ട ആറു പുരുഷന്‍മാരെയും ഒരു സ്ത്രീയെയുമാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നത്. 1920-ല്‍ മെക്‌സികോയില്‍ നടന്ന 'ക്രിസ്റ്റിരോ' യുദ്ധത്തിനിടെ രക്തസാക്ഷിയായ 14 വയസുകാരന്‍ വാഴ്ത്തപ്പെട്ട ജോസ് സാന്‍ചെസ് ഡെല്‍ റിയോയും വിശുദ്ധരാക്കപ്പെടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ എട്ടാം തീയതി ലോകത്തിന്റെ വിവിധഭാഗങ്ങളിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കു വേണ്ടിയുള്ള സമ്മേളനത്തില്‍ പിതാവ് പങ്കെടുക്കും. ഒന്‍പതാം തീയതി പരിശുദ്ധ മാതാവിന്റെ സ്മരണയ്ക്കായി പിതാവ് വിശുദ്ധ ബലി അര്‍പ്പിക്കും. പ്രൊട്ടസ്‌റ്റെന്റ് റിഫോര്‍മേഷന്റെ 500-ാം വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനായി ഒക്ടോബര്‍ 31-നു പാപ്പ സ്വീഡനിലേക്ക് യാത്ര തിരിക്കും. നവംബര്‍ ഒന്നാം തീയതി വരെ സ്വീഡനിലായിരിക്കും പാപ്പയുണ്ടാകുക.
നവംബര്‍ നാലാം തീയതി കാലം ചെയ്ത ബിഷപ്പുമാരുടെയും കര്‍ദിനാളുമാരുടെയും ഓര്‍മ്മയെ ആചരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. കരുണയുടെ ജൂബിലി വര്‍ഷം സമാപിക്കുന്ന നവംബര്‍ മാസം 20-ാം തീയതി സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടക്കുന്ന സമാപന ചടങ്ങുകള്‍ക്കും വിശുദ്ധ ബലിക്കും ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുമെന്നും വത്തിക്കാന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക