News

ഫോണ്‍ ഉൾപ്പെടെ എല്ലാറ്റിനും നിയന്ത്രണം; കോണ്‍ക്ലേവിലെ നടപടി ക്രമങ്ങള്‍ അറിയേണ്ടതെല്ലാം

പ്രവാചകശബ്ദം 29-04-2025 - Tuesday

പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് ഇരുനൂറ്റിഅന്‍പതിലധികം അംഗങ്ങളുള്ള കർദ്ദിനാൾ സംഘത്തിലെ 80 വയസിൽ താഴെ പ്രായമുള്ള 135 കർദ്ദിനാളുമാർക്കാണ് വോട്ടവകാശമുള്ളത്. 72 രാജ്യങ്ങളിൽനിന്നുള്ള കർദ്ദിനാൾ ഇലക്ടേഴ്‌സിന്റെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നയാൾ തന്റെ തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകുകയും ചെയ്യുന്നതോടെയാണു മാർപാപ്പ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പൂര്‍ത്തിയാകുന്നത്. കും, ക്ലാവേ എന്നീ രണ്ടു ലത്തീൻ വാക്കുകൾ സംയോജിപ്പിച്ചതാണ് കോൺക്ലേവ് എന്ന പദം. 'താക്കോൽ സഹിതം' എന്നർത്ഥം. കർദ്ദിനാൾമാർ അകത്തു പ്രവേശിക്കു മ്പോൾ വാതിൽ പുട്ടുന്നതുകൊണ്ടാണ് ഈ പേര്.

നടപടി ക്രമം ‍

കോൺക്ലേവിനു മുന്നോടിയായി മേയ് ഏഴിനു രാവിലെ സെന്റ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദ്ദിനാൾ തിരുസംഘത്തിൻറെ തലവൻ കർദ്ദിനാൾ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദ്ദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന നടക്കും. "പ്രോ എലിജെൻദോ റൊമാനോ പൊന്തിഫീച്ചെ' എന്ന പേരിലാണ് കോൺക്ലേവിനു മുന്നോടിയായുള്ള ഈ വിശുദ്ധ കുർബാന അർപ്പണം അറിയപ്പെടുന്നത്. വിശുദ്ധ കുർബാനയെത്തുടർന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദിക്ഷണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈൻ ചാപ്പലിലേക്കു കാല്‍നടയായി നീങ്ങും.

അതീവ രഹസ്യ സ്വഭാവം ‍

ഫോണുൾപ്പെടെ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിസ് ഗാർഡുകളുടെ നിയന്ത്രണത്തിൽ ഏൽപ്പിച്ചതിനുശേഷം ദേഹപരിശോധനയ്ക്കുശേഷമാണ് അവർ കോൺക്ലേവിനായി ചാപ്പലിൽ പ്രവേശിക്കുക. ഇതോടെ ഡീൻ ചാപ്പലിന്റെ വാതിൽ അടയ്ക്കും. തുടർന്ന് പരിശുദ്ധാത്മാവിൻ്റെ വരദാനത്തിനായും മാർഗനി ർദേശത്തിനായും പ്രാർത്ഥിച്ചശേഷം പ്രതിജ്ഞയെടുക്കും. പിന്നീട് നടക്കുന്ന കോൺക്ലേവ് അതീവ രഹസ്യസ്വഭാവത്തോടെയായിരിക്കും.

പുതിയ മാർപാപ്പയെ തെരഞ്ഞെടുത്താൽ മാത്രമേ ചാപ്പലിൻ്റെ വാതിൽ തുറക്കൂ. അതുവരെ കർദ്ദിനാൾമാർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കര്‍ദ്ദിനാളുമാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ, ഏതെങ്കിലും തരത്തിലുള്ള പത്രങ്ങളോ മാസികകളോ സ്വീകരിക്കാനോ, റേഡിയോ /ടെലിവിഷൻ പ്രക്ഷേപണങ്ങൾ പിന്തുടരാനോ അനുവാദമില്ല.

കറുത്ത പുക ‍

കർദ്ദിനാൾ ഇലക്ടേഴ്‌സിന്റെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നയാളായിരിക്കും അടുത്ത പത്രോസിന്റെ പിന്‍ഗാമി. വോട്ടെണ്ണിയ ശേഷം, എല്ലാ ബാലറ്റുകളും കത്തിക്കുന്നു. ബാലറ്റ് അനിശ്ചിതത്വത്തിലാണെങ്കിൽ, സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ഒരു ചിമ്മിനി കറുത്ത പുക പുറപ്പെടുവിക്കുന്നു. മൂന്ന് ദിവസത്തെ വോട്ടെടുപ്പിന് ശേഷവും ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് ഒരു ധാരണയിലെത്താൻ വോട്ടർമാർ പരാജയപ്പെട്ടാൽ, പ്രാർത്ഥനയ്ക്കും സ്വതന്ത്ര ചർച്ചയ്ക്കും കർദ്ദിനാൾ പ്രോട്ടോ-ഡീക്കന്റെ (കർദിനാൾ ഡൊമിനിക് മാംബർട്ടി) നേതൃത്വത്തില്‍ ആത്മീയ വിചിന്തനത്തിനും ഒരു ദിവസം വരെ ഇടവേള അനുവദിക്കും.

ഇനി തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ പരസ്യമായ സമ്മതം നല്‍കിയില്ലെങ്കിലും വോട്ടെടുപ്പ് വീണ്ടും തുടരും. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയിൽ ഇരിക്കാൻ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാർപാപ്പയാവാൻ സമ്മതിക്കുകയാണെങ്കിൽ മുൻപുള്ള വിശുദ്ധന്മാരിൽ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക.

വെളുത്ത പുകയും സ്ഥിരീകരണവും ‍

മാർപാപ്പയെ തെരഞ്ഞെടുത്ത സന്തോഷവാർത്ത ലോകത്തോടു വിളംബരം ചെയ്ത് സിസ്റ്റൈൻ ചാപ്പലിലെ പുകക്കുഴലിൽനിന്നു വെള്ള പുക ഉയരുകയും സെന്റ് പീറ്റേ ഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങുകയും സ്വിസ് ഗാർഡുകൾ വത്തിക്കാൻ ചത്വ രത്തിൽ ബാൻഡ് വാദ്യവുമായി വലംവയ്ക്കുകയും ചെയ്യും. തുടർന്ന് കർദിനാൾ സംഘത്തിലെ മുതിർന്നയാൾ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയു ടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തും. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി അഭിസംബോ ധന ചെയ്യും. തൊട്ടുപിന്നാലെ പുതിയ മാർപാപ്പ തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും ആദ്യമായി ആശീര്‍വാദം നൽകുകയും ചെയ്യും.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »