News - 2025

അറുപതോളം രാജ്യങ്ങൾക്ക് ഒന്നര കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് പേപ്പൽ ഫൗണ്ടേഷൻ

പ്രവാചകശബ്ദം 03-05-2025 - Saturday

പെന്‍സില്‍വാനിയ: യുഎസ് ആസ്ഥാനമായുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സംഘടനയായ പേപ്പൽ ഫൗണ്ടേഷൻ അറുപതോളം രാജ്യങ്ങളിൽ, ഒരു കോടി നാൽപ്പതു ലക്ഷം ഡോളറിന്റെ സഹായങ്ങൾ പ്രഖ്യാപിച്ചു. അറുപതോളം രാജ്യങ്ങളിലായി 116 പദ്ധതികൾക്കാണ് ഇതുമൂലം സഹായങ്ങൾ ലഭിക്കുക. ക്രിസ്തുവിന്റെ സ്നേഹം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തിക്കാനുള്ള തങ്ങളുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ നിക്ഷേപങ്ങളെന്നു ഫൗണ്ടേഷന്റെ പ്രസിഡന്റ് എഡ്‌വേഡ്‌ ഫിറ്റ്സജരാൾഡ് പറഞ്ഞു.

വികസ്വര രാജ്യങ്ങളിൽ പരിശുദ്ധ പിതാവിന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയാണ് പേപ്പൽ ഫൗണ്ടേഷൻ. ശുദ്ധജല ലഭ്യത, സ്കൂളുകളുടെ നിർമ്മാണവും നവീകരണവും, പള്ളികളുടെയും സെമിനാരികളുടെയും പുനരുദ്ധാരണം, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ നിർമ്മിക്കൽ, പ്രായമായ പുരോഹിതരുടെ പരിചരണം എന്നിവ ഈ പിന്തുണയിൽ ഉൾപ്പെടുന്നതായി സംഘടന അറിയിച്ചു.

ദുർബലരെ പരിപാലിക്കുന്നതിനും സഭയെ ശക്തിപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളിൽ സുവിശേഷത്തിന്റെ പ്രത്യാശ പങ്കിടുന്നതിനുമുള്ള പ്രാർത്ഥനാപരമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് സഹായമെന്ന് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 42 രാജ്യങ്ങളിലായി 8,00,000 ലക്ഷം ഡോളറിന്റെ സഹായം സംഘടന ലഭ്യമാക്കിയിരിന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ, ഫ്രാൻസിസ് പാപ്പ എന്നിവരുടെ സമയങ്ങളിൽ 2,800-ലധികം പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 250 മില്യൺ ഡോളറിലധികം സംഘടന അനുവദിച്ചിട്ടുണ്ട്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »