News - 2025

കോണ്‍ക്ലേവിന് ഒരുക്കമായി കര്‍ദ്ദിനാള്‍ സംഘത്തിന്റെ എട്ടാമത് യോഗം ചേര്‍ന്നു

പ്രവാചകശബ്ദം 03-05-2025 - Saturday

വത്തിക്കാന്‍ സിറ്റി; മെയ് ഏഴിന് ആരംഭിക്കുന്ന കോണ്‍ക്ലേവിന് ഒരുക്കമായി ആഗോള കത്തോലിക്ക സഭയിലെ കർദ്ദിനാൾ സംഘത്തിൻറെ യോഗം വീണ്ടും ചേര്‍ന്നു. ഫ്രാൻസിസ് പാപ്പയുടെ മരണാനന്തരമുള്ള കർദ്ദിനാളന്മാരുടെ യോഗങ്ങളിൽ എട്ടാമത്തെ യോഗമാണ് ഇന്നലെ വെള്ളിയാഴ്ച നടന്നത്. നൂറ്റിഎണ്‍പതിലധികം കർദ്ദിനാളുന്മാർ ഇതിൽ പങ്കെടുത്തു. ഇതില്‍ 120 പേർ പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനു വോട്ടവകാശമുള്ളവരായിരിന്നു.

യുവജനങ്ങൾക്ക് സുവിശേഷം പകർന്നു നല്കൽ, പൗരസ്ത്യസഭകൾ, സുവിശേഷ വിനിമയവും സാക്ഷ്യവും ഇടവക മുതൽ എല്ലാ തലങ്ങളിലും എങ്ങനെ ഫലപ്രദമാക്കാം തുടങ്ങിയവ യോഗത്തിൽ ചർച്ചാവിഷയങ്ങളായി. കൂടാതെ സുവിശേഷ സാക്ഷ്യത്തിനു വിരുദ്ധമായ ലൈംഗിക ചൂഷണം, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പരാമർശിക്കപ്പെട്ടു. ആരാധനാക്രമത്തിൻറെ കേന്ദ്രസ്ഥാനം, കാനൻ നിയമത്തിൻറെ പ്രാധാന്യം, സിനഡാത്മകത, കൂട്ടായ്മ തുടങ്ങിയവയും ചര്‍ച്ചയായി. യോഗത്തില്‍ ഇരുപത്തിയഞ്ചു കർദ്ദിനാളുന്മാർ സംസാരിച്ചു.

ഫ്രാൻസിസ് പാപ്പയുടെ പുരോഗമനപരമായ കാൽപ്പാടുകൾ പിന്തുടരുന്ന ഒരു പാപ്പയെ കോൺക്ലേവ് തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽജിയേഴ്സിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജീൻ-പോൾ വെസ്കോ പറഞ്ഞു. കർത്താവ് ഇതിനകം തിരഞ്ഞെടുത്ത ഒരാളെ നമുക്ക് കണ്ടെത്തണം. നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാൻ കൂടുതൽ സമയമുണ്ട്. ശരിയായ സമയത്ത് കർത്താവ് ആഗ്രഹിച്ച പാപ്പയെ സഭയ്ക്ക് നൽകുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും കർദ്ദിനാൾ കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ക്ലേവിനായി സിസ്റ്റൈന്‍ ചാപ്പലില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »