News
9 ദിവസത്തെ ദുഃഖാചരണത്തിന് സമാപനം; കോണ്‍ക്ലേവ് മറ്റന്നാള്‍ മുതല്‍
പ്രവാചകശബ്ദം 05-05-2025 - Monday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ വിയോഗാര്‍ത്ഥം വത്തിക്കാനില്‍ നടന്നുവരികയായിരിന്ന ഒന്‍പതു ദിവസത്തെ ദുഃഖാചരണത്തിനും അനുസ്മരണ ബലിയര്‍പ്പണത്തിനും സമാപനം. ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്ക്കാരം നടന്ന ഏപ്രില്‍ 26നാണ് അനുസ്മരണ ദിവ്യബലിയര്‍പ്പണത്തിന് തുടക്കമായത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പാപ്പയെ ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കാനുള്ള ചുമതലയുള്ള 2025 പേപ്പല്‍ കോൺക്ലേവിലെ പ്രോട്ടോഡീക്കനായ കർദ്ദിനാൾ ഡോമിനിക്ക് മാംബർട്ടി ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു. കർത്താവിന്റെ സ്നേഹത്താൽ പ്രചോദിതനായി അവിടുത്തെ കൃപയാൽ ഫ്രാൻസിസ് മാർപാപ്പ, തന്റെ ദൗത്യത്തിൽ പരമാവധി വിശ്വസ്തത പുലർത്തിയിട്ടുള്ളത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണെന്നു കർദ്ദിനാൾ ഡൊമിനിക്ക് അനുസ്മരിച്ചു.
മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ഓർമ്മിപ്പിക്കുകയും, കരുണാമയനായ ക്രിസ്തുവിനെ, രക്ഷകനായ ക്രിസ്തുവിനെ, സുവിശേഷത്തിന്റെ സന്തോഷം എല്ലാ മനുഷ്യരോടും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഫ്രാന്‍സിസ് പാപ്പയുടെ ഔദ്യോഗിക പ്രബോധനങ്ങളിലും, യാത്രകളിലും, ജീവിതശൈലിയിലും അദ്ദേഹം സാക്ഷ്യം നല്‍കി. ഈസ്റ്റർ ദിനത്തിൽ ഈ ബസിലിക്കയിലെ അനുഗ്രഹങ്ങളുടെ ലോബിയിൽ നിന്നു എല്ലാറ്റിനുമുപരി ദൈവജനത്തെ അവസാനം വരെ സേവിക്കാനുള്ള ധൈര്യവും ദൃഢനിശ്ചയവും കാണിച്ചുവെന്നും കർദ്ദിനാൾ പറഞ്ഞു.
അതേസമയം ഇന്നും നാളെയും കോൺക്ലേവിനുള്ള അടുത്ത ഒരുക്കത്തിന്റെ ദിവസങ്ങളാണ്. കർദ്ദിനാളുമാർക്കു പരസ്‌പരം പരിചയപ്പെടാനും വീക്ഷണങ്ങൾ മനസിലാക്കാനുമുള്ള അവസരമായാണ് ഇതിനെ പൊതുവേ വിലയിരുത്തുന്നത്. കർദ്ദിനാളുമാരുടെ പൊതുസംഘങ്ങൾ ഈ ദിവസങ്ങളിൽ സമ്മേളനം തുടരുന്നുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും കൂടിയാലോചനകളും നടക്കും. ഇവയൊക്കെ കോണ്‍ക്ലേവില്‍ നിര്‍ണ്ണായക ഘടകങ്ങളായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
