News - 2025
നാളെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തണം: സിബിസിഐയുടെ ആഹ്വാനം
പ്രവാചകശബ്ദം 06-05-2025 - Tuesday
ന്യൂഡൽഹി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ആരംഭിക്കുന്ന നാളെ എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ ). രാജ്യത്തെ എല്ലാ ബിഷപ്പുമാരെയും, വൈദികരെയും, സന്യാസ സമൂഹങ്ങളെയും, വിശ്വാസികളെയും അഭിസംബോധന ചെയ്തു സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സര്‍ക്കുലറിലാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയിരിക്കുന്നത്.
വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ സഭയെ നയിക്കുന്നതിന് ക്രിസ്‌തുവിന്റെ യഥാർഥ ഇടയനും ജ്ഞാനിയും ധീരനുമായ ഒരു മാർപാപ്പയെ ലഭിക്കാൻ സഭാ മക്കൾ പ്രാർത്ഥിക്കണമെന്നു വാർത്തക്കുറിപ്പിലൂടെ സിബിസിഐ പ്രസിഡന്റ് ആവശ്യപ്പെട്ടു. കര്‍ദ്ദിനാള്‍ കോളേജിന് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിനായാണ് പ്രാർത്ഥിക്കേണ്ടത്. ഇത് ആഗോള കത്തോലിക്കാ സഭയ്ക്കും ഗൗരവമേറിയതും കൃപ നിറഞ്ഞതുമായ നിമിഷമാണെന്നു ആർച്ച് ബിഷപ്പ് എഴുതി.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വിശ്വാസവും പങ്കുവെയ്ക്കലും കൊണ്ട് നമ്മെ നയിക്കുന്ന ഒരു വിശുദ്ധനും, ജ്ഞാനിയും, ധീരനുമായ പാപ്പയെ യഥാർത്ഥ ഇടയനെ - നൽകി കർത്താവ് സഭയെ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം. വിശ്വാസികളെ ഇക്കാര്യം അറിയിക്കണമെന്നും പ്രാർത്ഥനാ കൂട്ടായ്മകള്‍ ഭക്തിയോടെയും ആദരവോടെയും നടത്തണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ നിർണായക സമയങ്ങളില്‍ ഭാരത കത്തോലിക്കാ സഭ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം ചേരുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
