News - 2025
പാക്ക് ഷെല്ലാക്രമണത്തിൽ കാശ്മീരിലെ കത്തോലിക്ക സ്‌കൂളിനും കോൺവെന്റിനും നാശനഷ്ടം
പ്രവാചകശബ്ദം 08-05-2025 - Thursday
ശ്രീനഗർ: പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയിൽ കത്തോലിക്ക സ്‌കുളിനും കോൺവെന്റിനും നാശനഷ്ടം. ഷെല്ലുകൾ പതിച്ച് വീടുകൾ തകർന്ന് പുഞ്ചിലെ ക്രൈസ്റ്റ് സ്‌കുളിലെ രണ്ടു വിദ്യാർഥികൾ മരിച്ചതായും ഇവരുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദികരും സിസ്റ്റേഴ്‌സും പ്രദേശവാസികളും ഭുഗർഭകേന്ദ്രത്തിൽ അഭയം തേടിയിരിക്കുകയാണെന്നും ജമ്മു ബിഷപ്പ് ഡോ. ഐവാൻ പെരേര പറഞ്ഞു.
ഇന്നലെ രാവിലെ ആറിനും ഏഴിനുമിടയിലാണ് ഷെല്ലുകൾ പതിച്ചത്. സിഎംഐ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ക്രൈസ്റ്റ് സ്‌കൂളിലും ഷെല്ല് പതിച്ചെങ്കിലും അവധിയായതിനാൽ അപകടം ഒഴിവായി. സ്ഥലത്തെ സിഎംസി കോൺവന്റ്റിനു നേർക്കും ഷെല്ലാക്രമണമുണ്ടായി. സംഭവത്തി ൽ കോൺവന്റിനു മുകളിലെ വാട്ടർ ടാങ്കും സോളാർ പാനലുകളും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ തകർന്നു.
പുലർച്ചെ 2.30 മുതൽ വൈദ്യുതിയും മൊബൈൽ ബന്ധവും നിലച്ചതിനാൽ ദുരിതത്തിലാണ്. സ്ഥിതിഗതികൾ സാധാരണനിലയിലാകാനും സമാധാനത്തിലേക്ക് തിരിച്ചുവരാനും എല്ലാവരുടെയും പ്രാർത്ഥനാസഹായം തേടുകയാണെന്നും ബിഷപ്പ് ഡോ. ഐവാൻ പെരേര കൂട്ടിച്ചേര്‍ത്തു. 2023-ലെ കണക്കുകള്‍ പ്രകാരം ജമ്മു ശ്രീനഗര്‍ കത്തോലിക്ക രൂപതയുടെ കീഴില്‍ 8783 കത്തോലിക്ക വിശ്വാസികളാണുള്ളത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
