News - 2025
റോമ നഗരത്തിന്റെ ആദരവും ലാറ്ററന്‍ ബസിലിക്കയിലെ സ്ഥാനമേറ്റെടുക്കലും നാളെ
പ്രവാചകശബ്ദം 24-05-2025 - Saturday
വത്തിക്കാന്‍ സിറ്റി: ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ജോണ്‍ ലാറ്ററന്‍ ബസിലിക്കയിൽ ഔദ്യോഗികമായി ലെയോ പതിനാലാമൻ പാപ്പായുടെ സിംഹാസന പ്രതിഷ്ഠ നാളെ ഞായറാഴ്ച നടക്കും. അതിനു മുന്നോടിയായി റോമ നഗരം പാപ്പായെ ഔദ്യോഗികമായി സ്വീകരിക്കും. നാളെ ഞായറാഴ്ച വൈകുന്നേരമാണ് ചടങ്ങുകൾ നടക്കുന്നത്. ചടങ്ങുകൾക്കായി ബസിലിക്കയിൽ എത്തുന്നതിനു മുൻപ്, റോമൻ നഗരത്തിന്റെ ഭരണസിരാകേന്ദ്രമായ, കംബിഥോല്യയിൽ വച്ച്, റോമ നഗരത്തിന്റെ മേയര്‍ റോബെർത്തോ ഗ്വാൾതിയേരി റോം നഗരത്തിന്റെ ആദരവ് പ്രകടിപ്പിച്ച് പാപ്പായെ സ്വീകരിക്കും. പ്രാദേശിക സമയം വൈകുന്നേരം 4.15 നാണ് നഗരം പാപ്പയ്ക്ക് ആദരവ് അർപ്പിക്കുന്നത്.
ഇതിന് ശേഷം ലെയോ പതിനാലാമൻ, റോം രൂപതയുടെ മെത്രാനെന്ന നിലയിൽ തന്റെ കത്തീഡ്രൽ ദേവാലയമായ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഔദ്യോഗികമായി സ്ഥാനമേൽക്കും. തുടർന്ന് വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ സ്ഥിതി ചെയ്യുന്ന ഔദ്യോഗിക സിംഹാസനത്തിൽ പാപ്പ ഉപവിഷ്ടനാകുന്ന ചടങ്ങും, വിശുദ്ധ ബലിയർപ്പണവും നടക്കും. ചടങ്ങുകൾ അവസാനിക്കുമ്പോൾ, ബസിലിക്കയുടെ മുഖമണ്ഡപത്തിൽ നിന്നുകൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്യുകയും, റോമൻ നഗരത്തെ ആശീർവ്വദിക്കുകയും ചെയ്യും.
റോമ നഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്നു വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക അറിയപ്പെടുന്നുണ്ട്. ബസിലിക്കകളില്‍ പ്രഥമ സ്ഥാനമുള്ള ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ അധിപന്‍, റോമ രൂപതയുടെ മെത്രാന്‍ കൂടിയായ പാപ്പയാണ്. റോം രൂപതയുടെ കത്തീഡ്രല്‍ ദേവാലയം വത്തിക്കാന്‍ നഗരത്തിനു പുറത്ത്, 7 കിലോമീറ്ററോളം അകലെയായാണ് സ്ഥിതി ചെയ്യുന്നത്. 460 അടി നീളവും, വീതി 240 അടിയുമുള്ള ദേവാലയം സ്നാപക യോഹന്നാന്‍റെ നാമത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
