News
പ്രാര്‍ത്ഥനകള്‍ സഫലം; ഭരണകൂട വേട്ടയാടലിന് ഇരയാക്കപ്പെട്ട കന്യാസ്ത്രീകള്‍ക്കു ജാമ്യം
പ്രവാചകശബ്ദം 02-08-2025 - Saturday
ബിലാസ്‌പുർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും വ്യാജമായി ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കു ഒടുവില്‍ ജാമ്യം. ജാമ്യാപേക്ഷയിൽ ബിലാസ്‌പുർ എൻഐഎ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപനം നടത്തിയത്. അറസ്റ്റിന് പിന്നാലെ ദുർഗ് ജയിലിൽ കഴിയുകയായിരുന്നു ഇവർ. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. അറസ്‌റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾ ജയിൽ മോചിതരാകുന്നത്. ഇന്നലെ പ്രാഥമിക വാദം കേട്ടെങ്കിലും വിധി പറയുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി സിറാജുദ്ദീൻ ഖുറേഷിയാണ് കേസ് പരിഗണിച്ചത്.
സിസ്‌റ്റർ വന്ദന ഫ്രാൻസിസിന്റെയും സിസ്റ്റര്‍ പ്രീതി മേരിയുടെയും ജാമ്യാപേക്ഷയിൽ സംസ്ഥാനം എതിർപ്പുന്നയിക്കില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിന്മേലാണ് ഇന്നലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അതേസമയം, കസ്റ്റഡിയിൽ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന് വേണ്ടി ഹാജരായ ദൗറാം ചന്ദ്രവംശി മറുപടി നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രീൻ ഗാർഡൻ സിസ്റ്റേഴ്‌സ് (എഎസ്എംഐ) എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹാംഗങ്ങളും അങ്കമാലി എളവൂർ ഇടവകാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഒരു ആദിവാസി ആൺകുട്ടിയുമുണ്ടായിരുന്നു. കത്തോലിക്ക കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്കു ചേരാൻ മാതാപിതാക്കളുടെ സമ്മതത്തോടെ പോയവരായിരുന്നു 19നും 22നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ.
മാതാപിതാക്കൾ എഴുതി നല്‍കിയ സമ്മതപത്രം ഇവരുടെ പക്കലുണ്ടായിരുന്നു. സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോം ടിക്കറ്റ് കൈവശമില്ലാതിരുന്ന പെൺകുട്ടികളെ ടിടിഇ തടഞ്ഞു. കന്യാസ്ത്രീകൾക്കൊപ്പം ജോലി ചെയ്യാൻ പോകുകയാണെന്ന് ചോദ്യം ചെയ്യലിനിടെ പെൺകുട്ടികൾ പറഞ്ഞെങ്കിലും തീവ്രഹിന്ദുത്വവാദികളായ ബജ്‌രംഗ്‌ദൾ പ്രവർത്തകര്‍ പ്രശ്നമുണ്ടാക്കുകയായിരിന്നു. തങ്ങൾ ക്രൈസ്‌തവരാണെന്നു പെൺകുട്ടികൾ അറിയിച്ചെങ്കിലും ഇവരെ ബലമായി ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് തീവ്ര ഹിന്ദുത്വവാദികളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നീതി നിഷേധത്തിനായി തീവ്രഹിന്ദുത്വവാദികളും ഭരണകൂടവും നടത്തുന്ന ഗൂഢ അജണ്ടയ്ക്കെതിരെ രാജ്യമെമ്പാടും കടുത്ത പ്രതിഷേധം ഉയര്‍ന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
