News - 2025
നൈജീരിയയില്‍ വീണ്ടും വൈദിക നരഹത്യ; യുവവൈദികന്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 22-09-2025 - Monday
അബൂജ: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയിൽ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. സെപ്റ്റംബർ 19ന് വൈകുന്നേരം തെക്കുകിഴക്കൻ നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ എൻസുക്ക കൗണ്ടിയിലെ ഇഹ-അലുമോണ-ഇഹ-എൻഡിയാഗു റോഡിൽവെച്ചാണ് സെന്റ് ചാൾസ് ഇടവക വികാരിയായിരുന്ന ഫാ. മാത്യു ഇയ എന്ന്‍ വൈദികന് വെടിയേറ്റത്. സായുധധാരികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരിന്നു.
വൈദികന്‍ തന്റെ ഇടവകയിലേക്ക് മടങ്ങുമ്പോൾ, മോട്ടോർ സൈക്കിളിലെത്തിയ രണ്ട് ആയുധധാരികള്‍ അദ്ദേഹത്തിന്റെ കാർ മറികടന്ന് ടയറുകൾക്കു നേരെ വെടിവച്ചു. വൈകാതെ കാർ നിർത്താൻ നിർബന്ധിച്ച ശേഷം, അടുത്തുനിന്ന് നിരവധി തവണ വെടിവെയ്ക്കുകയായിരിന്നു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല, മറിച്ച് കൃത്യമായി ലക്ഷ്യംവെച്ചുള്ള കൊലപാതകമായിരുന്നുവെന്ന് അധികൃതര്‍ വിലയിരുത്തി. വൈദികന്റെ കൊലപാതക വാർത്തയില്‍ എൻസുക്ക രൂപതയുടെ ചാൻസലർ ഫാ. കാജെറ്റൻ ഇയിഡോബി ദുഃഖം പ്രകടിപ്പിച്ചു.
വേദനയും ദുഃഖവും ഉളവാക്കുന്ന വാര്‍ത്തയാണിതെന്നും മരിച്ചവരുടെ പുനരുത്ഥാനത്തിനായുള്ള ഉറച്ച പ്രത്യാശയോടെ പ്രാര്‍ത്ഥന തുടരണമെന്നും അദ്ദേഹം പ്രതികരിച്ചു. കൊലയാളികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കൊലപാതകത്തിന് ഉത്തരവാദികളാണെന്ന് സംശയിക്കുന്ന 38 പേരെ അറസ്റ്റ് ചെയ്തു. വൈദികന്റെ ഘാതകരെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം നൈറ (ഏകദേശം €5,700) പാരിതോഷികം പോലീസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കത്തോലിക്ക വൈദികരെയും വിശ്വാസികളെയും ലക്ഷ്യമിട്ട് വലിയ ആക്രമണങ്ങളാണ് നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
