News
ക്യൂബ - യൂ.എസ് വിമാന യാത്രയിൽ ഫ്രാൻസിസ് മാർപാപ്പായുമായി പത്ര പ്രവർത്തകർ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം
ജേക്കബ് സാമുവേൽ 28-09-2015 - Monday
ക്യൂബയിൽ നിന്നും, വാഷിംഗ്ടൺ, ഡി.സിയുടെ വെളിയിലുള്ള ആൻഡ്രൂസ് സംയുക്ത സേനാവിമാനത്താവളത്തിലേക്കുള്ള ചൊവ്വാഴ്ചത്തെ യാത്രയിൽ വിമാനത്തിനുള്ളിൽ വച്ച് പോപ്പ് പത്രപ്രവർത്തകരുമായി നടത്തിയ സംഭാഷണം. സമൂഹത്തോടുള്ള സഭയുടെ ഉപദേശം, ക്യൂബയിലെ വ്യക്തി സ്വാതന്ത്ര്യം, ക്യൂബ-യു എസ് ബന്ധം എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്.
സെപ്റ്റംബർ 22-ലെ വിമാന യാത്രയിൽ, പോപ്പ് ഫ്രാൻസിസും പത്രപ്രവർത്തകരും തമ്മിൽ നടന്ന ചർച്ചയുടെ കയ്യെഴുത്ത് പകർപ്പാണ് താഴെ കൊടുത്തിരിക്കുന്നത്:-
റോസാ മിറിയം:- പരിശുദ്ധ പിതാവേ, ഈ യാത്രയിൽ അങ്ങയോടൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് ഒരു ബഹുമതിയും സന്തോഷമുളവാക്കുന്ന കാര്യവുമാണ്, ക്യൂബയുടെ മേലുള്ള അമേരിക്കയുടെ വ്യാപാര നിരോധനാജ്ഞയെ പറ്റിയുള്ള അങ്ങയുടെ വിചാരങ്ങൾ (എന്തൊക്കെയാണ്)? ഇതേപറ്റി അമേരിക്കൻ കോൺഗ്രസ്സിൽ സംസാരിക്കാൻ അങ്ങ് ഉദ്ദേശിക്കുന്നുണ്ടോ?
പോപ്പ് ഫ്രാൻസിസ്:- നിരോധനാജ്ഞ സന്ധി സംഭാഷണങ്ങളുടെ ഭാഗമാണ്. ഇത് പരസ്യമായ കാര്യമാണ്, അല്ലേ? രണ്ടു പ്രസിഡന്റുമാരും ഇത് പരാമർശീപ്പിച്ചുണ്ട് വഴിയുടെ നടുവിലുള്ള ഒരു പരസ്യമായ കാര്യമാണിത്, അവർ തേടിക്കൊണ്ടിരിക്കുന്ന നല്ല ബന്ധങ്ങളുടെ വഴിമദ്ധ്യേയുള്ളത്, അല്ലേ?
ഇത് നന്നായി പര്യവസാനിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്-ഇരു കൂട്ടർക്കും തൃപ്തികരമായ ഒരുടമ്പടി-ഒരു ഉടമ്പടി, അതെ? നിരോധനാജ്ഞകളെപറ്റി പരിശുദ്ധ സിംഹാസനത്തിന്റെ അഭിപ്രായം:- പൂർവ്വിക മാർപ്പാപ്പമാർ ഇതേപറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്, ഇപ്പോഴത്തെ ആൾ മാത്രമല്ല.
പല മറ്റു പ്രകാരത്തിലുള്ള നിരോധനങ്ങളുണ്ട്. ഇതേപറ്റിയുള്ള സഭയുടെ സമൂഹ്യ സിദ്ധാന്തം. ഞാൻ അതിനേക്കുറിച്ചാണ് പറയുന്നത്. അത് വളരെ കൃത്യവും നീതിപൂർവ്വവുമാണ്.
ഇനിയും യുഎസ് കോൺഗ്രസ്സിലെ കാര്യം, പ്രസംഗം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്ന് തീർത്ത് പറയാൻ എനിക്ക് പറ്റുകയില്ല, കുറേക്കൂടി മെച്ചമായിപ്പറഞ്ഞാൽ, ഈ വിഷയത്തെപറ്റി എങ്ങനെ സംസാരിക്കണമെന്ന് ഞാൻ നല്ലവണ്ണം ചിന്തിച്ചുകൊണ്ടേയിരിക്കുകയാണ്. വിശേഷിച്ച് ഈ വിഷയം മാത്രം കേന്ദ്രീകരിച്ച്-സഹവർത്തിത്വത്തിലെ പുരോഗതിയുടെ സൂചകമായുള്ള ഉഭയ കക്ഷി ഉടമ്പടിയുടെ വിഷയമായാലും, ബഹുരാഷ്ട്ര ഉടമ്പടിയുടെ വിഷയമായാലും. അതാണ് സൽബുദ്ധി.
പക്ഷെ ഈ പ്രശ്നം ദൃഢമായി..... ങാ, ഞാൻ ഓർക്കുന്നു.... കാരണം ഞാൻ തെറ്റായി ഒരു കാര്യം പറയാനാഗ്രഹിക്കുന്നില്ല. പക്ഷെ ഈ വിഷയം ദൃഢമായി സംസാരിക്കപ്പെട്ടിട്ടില്ല. ഇല്ല, എനിക്ക് തീർച്ചയാണ്, ശരിയാണല്ലോ?
റോസാ ഫ്ലോറസ്, CNN:- ഗുഡ് ആഫ്റ്റർനൂൺ, പരിശുദ്ധ പിതാവേ, ഞാൻ CNN-ൽ നിന്നുള്ള റോസാ ഫ്ലോറസ്. അങ്ങയെ കാണാനായി വന്ന അൻപതിലധികം വിമതരെ, ക്യൂബയിലെ വത്തിക്കാൻ എംബസ്സിയുടെ വെളിയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടതായി ഞങ്ങൾ മനസ്സിലാക്കുന്നു. ആദ്യത്തേതായി, ഈ വിമതരുമായി ഒരു കൂടിക്കാഴ്ച അങ്ങ് ആഗ്രഹിക്കുന്നുവോ? അടുത്തതായി, അങ്ങനെ അവരെ കാണാൻ സാധിക്കുമായിരുന്നെങ്കിൽ, അവരോട് എന്ത് പറയുമായിരുന്നു?
പോപ്പ് ഫ്രാൻസിസ്: വിശ്വസിക്കൂ, ഇങ്ങനെ ഉണ്ടായെന്ന് എനിക്കൊരു വിവരവും കിട്ടിയിട്ടില്ല, ഒരു വാർത്തയും എനിക്ക് കിട്ടിയിട്ടില്ല. ഇല്ല, എനിക്കറിഞ്ഞു കൂടാ. എനിക്ക് നേരിട്ട് അറിഞ്ഞു കൂടാ. ഈ രണ്ടു ചോദ്യങ്ങളും സാങ്കൽപികങ്ങളാണ്. കൂടിക്കാഴ്ച ഞാൻ ആഗ്രഹിക്കുന്നുവോ?.... സകല ജനങ്ങളുമായിട്ടുള്ള കൂടിക്കാഴ്ച എനിക്കിഷ്ടമാണ്. സകല മനുഷ്യരേയും ദൈവത്തിന്റേയും നീതിവ്യവസ്ഥയുടേയും സന്താനങ്ങളായിട്ടാണ് ഞാൻ കരുതുന്നത്.
രണ്ടാമതായി, മറ്റൊരാളുമായുള്ള ബന്ധം എപ്പോഴും നമ്മെ സമ്പന്നരാക്കുന്നതാണ്. താങ്കളുടെ ചോദ്യം കൈനോട്ടക്കാരന്റെ ഭാവിപ്രവചന ശാസ്ത്രം പോലെയാണങ്കിലും, ഇതാണ് എന്റെ മറുപടി:- എല്ലാവരേയും കാണുന്നത് എനിക്കിഷ്ടമാണ്. വിമതരെപ്പറ്റി ഞാൻ കൂടുതൽ സംസാരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുറേക്കൂടി വ്യക്തമായ കാര്യങ്ങൾ എന്നോട് ചോദിക്കാം.
ഇനിയും ക്യൂബയിലെ ഞങ്ങളുടെ എംബസ്സിയെപ്പറ്റിയാണങ്കിൽ, ഞാൻ ആരേയും അവിടെ വച്ച് കാണുകയ്യില്ലെന്ന് അവർക്ക് വ്യക്തമായി അറിയിപ്പുണ്ടായിരുന്നതാണ്, കാരണം വിമതർ മാത്രമല്ല, മറ്റ് വിഭാഗത്തിൽപ്പെട്ടവരും, ആ സംസ്ഥാനത്തിന്റെ മുഖ്യനും കാണാൻ അനുവാദം (ചോദിച്ചിരുന്നു) ഇല്ല, ഒരു രാഷ്ട്ര സന്ദർശനത്തിലാണ്, അപ്പോൾ അത് മാത്രം. വിമതരുമായോ, മറ്റാരെങ്കിലുമായോ ഒരു കൂടിക്കാഴ്ചക്ക് ഒരുങ്ങിയല്ല ഞാൻ പോയിരുന്നതെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
രണ്ടാമതായി, ചില ആളുകൾ, ഈ വിമതരിൽപ്പെട്ട ചില ആളുകളേയും ഫോണിൽ വിളിച്ച് കാണാൻ അനുവാദം ചോദിക്കാൻ പറഞ്ഞപ്പോൾ, അവിടത്തെ വത്തിക്കാൻ എംബസിയിലെ സ്ഥാനപതിയെ ഇത് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയതനുസരിച്ച്, അവരെയെല്ലാം വിളിച്ച്, കത്തീട്രൽ പള്ളിയുടെ വെളിയിൽ വച്ച് എല്ലാവർക്കും ആശംസ അർപ്പിക്കാമെന്ന് അവരെ അറിയിച്ചിരുന്നു. ഞാൻ അവിടെ വൈദികവൃത്തിയിലുള്ളവരെ കാണാനെത്തുമ്പോൾ അവരെയെല്ലാം കാണാനും സാധിക്കുമായിരുന്നു. അങ്ങനെ അവരെയെല്ലാം കാണുകയും ചെയ്തു.
പക്ഷെ, ആരു സ്വയം പരിചയപ്പെടുത്താത്തതിനാൽ, ആ കൂട്ടത്തിൽ, ഈ വിമതരും ഉണ്ടായിരുന്നുവോ എന്ന് എനിക്കറിഞ്ഞുകൂടാ. വീൽചെയറിലുണ്ടായിരുന്ന രോഗികളോട് ഞാൻ ‘ഹലോ’ എന്ന് പറഞ്ഞിരുന്നു......... അയ്യോ, ഞാൻ സ്പാനിഷ് ഭാഷയിലാണല്ലോ സംസാരിക്കുന്നത്, ങാ... വീൽചെയറിൽ ഇരുന്നവരെയെല്ലാം ഞാൻ ആശംസിച്ചു. ഒരു വളരെ ഹൃസ്വമായ ആശംസ നടത്തിക്കൊള്ളാൻ എംബസി അനുവദിച്ചവരെയെല്ലാം ഞാൻ ആശംസിച്ചു, പക്ഷെ വിമതരെന്ന് പരിചയപ്പെടുത്തിയ ആരേയും ഞാൻ കണ്ടില്ല.
(വിമതരെ കാണുമായിരുന്നെങ്കിൽ, അവരോട് എന്ത് പറയുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി ഓർമ്മിപ്പിച്ച പത്രപ്രതിനിധി റോസാ ഫ്ലോറാ എന്ന വനിതയോട്)
പോപ്പ് ഫ്രാൻസിസ്: ഓ, എന്റെ മകളെ, എന്ത് പറയുമായിരുന്നു എന്ന് എനിക്കറിഞ്ഞു കൂടാ (ചിരിക്കുന്നു) എല്ലാവർക്കും ഞാൻ നന്മ ആശംസിക്കുമായിരുന്നു, ആ സമയത്ത് മനസ്സിൽ എന്താണ് വരുന്നത് അതാണ് ഏതൊരാളും പറയുന്നത്..... ഭാവി വായിച്ചെടുക്കാനുള്ള കഴിവിന് താങ്കൾക്ക് നോബേൽ സമ്മാനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. (ചിരിക്കുന്നു)
സിൽവിയ പൊഗ്ഗിയോളി, NPR: രാഷ്ട്രം, ഫിഡൽ കാസ്ട്രോയുടെ അധികാരത്തിലായിരുന്ന ദശകങ്ങളിൽ, ക്യൂബയിലെ സഭ വളരെ കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. ഞാൻ അതിനെ പറ്റി ചോദിക്കാൻ ആഗ്രഹിക്കുന്നു. ഇതിൽ അൽപ്പമെങ്കിലും വ്യസനിക്കുന്ന ഒരു ഭാവം (ഫിഡലിൽ) പ്രകടമായിരുന്നെന്ന് കൂടിക്കാഴ്ചയിൽ അങ്ങേക്ക് തോന്നിയോ?
പോപ്പ് ഫ്രാൻസിസ്: വ്യസനം ഒരു ദൃഡബന്ധ വികാരമാണ്. അത് മനസ്സാക്ഷിയുടെ ഒരംശമാണ്. ഫിഡലുമായുള്ള കൂടിക്കാഴ്ചയിൽ, പേരു കേട്ട ജസ്സ്യൂട്ടുകളുടെ കഥകളാണ് ഞാൻ കൂടുതലും സംസാരിച്ചത്. കാരണം, അദ്ദേഹത്തിന്റേയും ഒരു നല്ല സുഹൃത്തായ ജസ്സ്യൂട്ട് ഫാ.ലൊറെൻറ്റേയുടെ ഒരു പുസ്തകമാണ് ഞാൻ സമ്മാനമായി കൊടുത്തത്; കൂടാതെ അദ്ദേഹത്തിന്റെ സമ്മേളനങ്ങളുടെ ഒരു C.Dയും. ഇവക്ക് പുറമെ, ഫാ.പ്രോൺസറ്റോയുടെ 2 പുസ്തകങ്ങളും കൊടുത്തു. ഇതെല്ലാം അദ്ദേഹം അഭിനന്ദിക്കുമെന്ന് എനിക്ക് തീർച്ചയാണ്.
ഈ വക കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചത്. ‘ലോഡറ്റോ സി’-എന്ന ചാക്രികലേഖനത്തെപ്പറ്റി ഞങ്ങൾ വളരെ അധികം സംസാരിച്ചു. പരിസ്ഥിതി വിഷയത്തിൽ അദ്ദേഹം വളരെ തൽപ്പരനയിരുന്നു. അത്യധികം ഔപചാരികമല്ലായിരുന്നു, മറിച്ച്, തികച്ചും സമയോചിതമായ പ്രതികരണങ്ങളായിരുന്നു ആ കൂടിക്കാഴ്ചയിൽ നിറഞ്ഞു നിന്നിരുന്നത്.
അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു, എന്റെ കൂടെയുണ്ടായിരുന്നവർ എന്റെ ഡ്രൈവർ ഉൾപ്പടെ, എല്ലാവരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അൽപം അകലെയായിരുന്നു, അവർക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ, എല്ലാവരും അവിടത്തന്നെ ഉണ്ടായിരുന്നു. ചാക്രികലേഖനത്തെപറ്റി ഞങ്ങൾ വളരെ അധികം സംസാരിച്ചിരുന്നു, കാരണം, അദ്ദേഹത്തിന് അതിൽ വളരെ ഉൾക്കണ്ഠയുണ്ടായിരുന്നു. പഴയകാല കാര്യങ്ങൾ ഞങ്ങൾ ഒട്ടും സംസാരിച്ചില്ല.
(കേൾക്കാൻ കഴിയാത്ത ഏതോ ഒരു ചോദ്യം പൊഗ്ഗോളീയിൽ നിന്നും)
പോപ്പ് ഫ്രാൻസിസ്:- അതെ, പഴയകാര്യങ്ങളിൽ, ജെസ്സ്യൂട്ടു കോളേജിനെ പറ്റി; എങ്ങനെയായിരുന്നു ജസ്സ്യൂട്ടുകാർക്ക് അദ്ദേഹത്തെ പ്രവർത്തനനിരതനാക്കുവാൻ സാധിച്ചത്? അക്കാര്യങ്ങളെല്ലാം സംസാരിച്ചു.
ജിയാൻ ഗൈഡോ വെച്ചി,കൊരിയേരി ഡെല്ലാസേറാ:- പിതാവേ അങ്ങയുടെ വിചിന്തനങ്ങൾ, ലോക സാമ്പത്തിക വ്യവസ്ഥിതിയിലെ ചതിക്കുഴികൾ, അങ്ങയുടെ ഒഴിഞ്ഞു മാറൽ, ആയുധക്കള്ളക്കടത്ത് താൽപര്യങ്ങളെ ബാധിക്കുന്നു എന്ന അർത്ഥത്തിൽ ഭൂമിയുടെ സ്വയം നശീകരണ സാദ്ധ്യത, തുടങ്ങിയവയെ പറ്റി അങ്ങയുടെ ഈ യാത്ര തുടങ്ങുന്നതിന് മുമ്പായി, ചില ഭയാനകമായ വെളിപ്പെടുത്തലുകൾ പുറത്തു വന്നു. പ്രമാദമായ ചില ആഗോള മാദ്ധ്യമങ്ങൾ അത് ഉയർത്തിക്കാട്ടി. വടക്കേ അമേരിക്കൻ സമൂഹത്തിലെ ചില വിഭാഗങ്ങൾ അവരോട് തന്നെ ഒരു ചോദ്യം ചോദിച്ചിരിക്കുന്നു-പോപ്പിന് “കത്തോലിക്കത്തം” ഉണ്ടോ? ഒരു കമ്മൂണിസ്റ്റ് പോപ്പ് എന്നത് ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ഇപ്പോൾ “കത്തോലിക്കത്തം” ഇല്ലാത്ത പോപ്പ് എന്ന് പറയുന്ന ആളുകളാണുള്ളത്. ഇതിന്റെ എല്ലാം നടുവിൽ, എന്താണ് അങ്ങയുടെ ചിന്തകൾ?
പോപ്പ് ഫ്രാൻസിസ്: ഒരാകാംക്ഷാഭരിതനായ, വളരെ കത്തോലിക്കാസംസ്കൃതിയുള്ള ഒരു വനിത, ഒരിക്കൽ എന്റെ സ്നേഹിതനായ ഒരു കർദ്ദിനാളിന്റെ അടുക്കൾ ചെന്നു. വളരെ കർക്കശ്ശക്കാരി, എന്നാലും കത്തോലിക്കാഭാവം. അവർ അദ്ദേഹത്തോട് ചോദിച്ചു, ഒരു അന്തിക്രിസ്തുവിനെപ്പറ്റി ബൈബിളിൽ പറയുന്നുണ്ടല്ലോ, അത് ശരിയാണോ എന്ന്. ശേഷം അവർ അന്തിക്രിസ്തുവിനെപറ്റി വിശദമായി കർദ്ദിനാളിനോട് പറഞ്ഞു കൊടുത്തു; വെളിപാട് പുസ്തകത്തിലെ വിവരണങ്ങളും പറഞ്ഞു കൊടുത്തു. ഇല്ലേ? എന്നിട്ട് ചോദിച്ചു, “ഈ അന്തിക്രിസ്തുവാണോ ഒരു അന്തിപോപ്പ്” എന്ന്.
ഈ കർദ്ദിനാൾ എന്നോട് ചോദിച്ചു. ഈ സ്ത്രീ എന്തിനാണ് ഇത് ചോദിക്കുന്നത് എന്ന്. അവർ പറഞ്ഞ മറുപടി, “കാരണം, പോപ്പ് ഫ്രാൻസിസാണ് അന്തിക്രിസ്തുവെന്ന് എനിക്ക് തീർച്ചയാണ്”. അവർ എന്ത് കൊണ്ടാണ് ഇങ്ങനെ ചോദിച്ചത്? എന്ത് കൊണ്ടാണ് അവർക്ക് ഈ ആശയം ഉണ്ടായത്? “കാരണം, അദ്ദേഹം ചുവന്ന ഷൂസ് അല്ലല്ലോ ധരിക്കുന്നത്”. ഒരാൾ കമ്മൂണിസ്റ്റാണോ, അല്ലയോ എന്ന് തിരിച്ചറിയാനുള്ള മാർഗ്ഗം അതാണ്.
സഭയുടെ സാമൂഹ്യ സിദ്ധാന്തത്തിലെഴുതിയിരിക്കുന്നതീനപ്പുറം ഒന്നും തന്നെ ഞാൻ പറഞ്ഞിട്ടില്ല. മറ്റൊരു വിമാനയാത്രയിൽ ഒരു സഹപ്രവർത്തകൻ ഒരിക്കൽ എന്നോട് ചോദിച്ചത് ചില ജനകീയ സമരങ്ങൾക്ക് ഞാൻ പിന്തുണ കൊടുത്തിട്ടുണ്ടോ എന്നാണ്. അദ്ദേഹം ചോദിച്ചത് ഇപ്രകാരമാണ്: “സഭ അങ്ങ് ചെയ്യുന്നത് പിന്തുടരുമോ?” ഞാൻ പറഞ്ഞത്, “ഞാനാണ് സഭയെ പിന്തുടരുന്നത്” എന്നാണ്. ഇക്കാര്യത്തിൽ, എനിക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നില്ല. സഭയുടെ സമൂഹ്യ തത്വത്തിന് വിരുദ്ധമായി ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.
ഇത് വിശദീകരിക്കാം, ഒരു പക്ഷെ ഒരു വിശദീകരണം നടത്തിയപ്പോൾ അൽപ്പം ‘ഇടത്തോട്ട്’ ചായ്വ് ഉള്ളതായി തോന്നിയേക്കാം, അത് വിശദീകരണത്തിന്റെ പിശക് മൂലമാണ്. സാമ്പത്തികസർവ്വാധിപത്യത്തെ പറ്റിയുള്ള എന്റെ സിദ്ധാന്തമായ “ലൊഡറ്റോ സി”-യും എല്ലാം സഭയുടെ സിദ്ധാന്തം തന്നെയാണ് ആവശ്യമെങ്കിൽ, ഞാൻ വിശ്വാസ പ്രമാണം വായിക്കാം. ഞാൻ അതിനും തയ്യാറാണ്, എന്താ.
ജീൻ ലൂയിസ് ഡാ ലാ വൈയിസ്യരെ , AFP: ലാറ്റിൻ അമേരിക്കയിലേക്കുള്ള കഴിഞ്ഞ യാത്രയിൽ, സ്വതന്ത്രമുതലാളിത്തവ്യവസ്ഥയെ അങ്ങു നിശിതമായി വിമർശിച്ചല്ലോ. കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയെപറ്റിയുള്ള അങ്ങയുടെ വിമർശന ഉപന്യാസങ്ങൾ ക്യൂബയിൽ അത്ര ശക്തമായിരുന്നില്ല; മറിച്ച്, മൃദുവായിരുന്നു. എന്ത് കൊണ്ടാണ് ഈ വ്യത്യാസം?
പോപ്പ് ഫ്രാൻസിസ്: ക്യൂബയിൽ ഞാൻ ചെയ്ത പ്രസംഗങ്ങളെല്ലാം സഭയുടെ സാമൂഹ്യ സിദ്ധാന്തത്തിന് ഊന്നൽ കൊടുത്തിട്ടുള്ളവയായിരുന്നു. പക്ഷെ, തിരുത്തപ്പെടേണ്ട കാര്യങ്ങളുടെ മേൽ ഞാൻ ‘സുഗന്ധം പൂശുകയോ’, അവ മൃദുലപ്പെടുത്തുകയോചെയ്തിട്ടില്ല. താങ്കളുടെ ചോദ്യത്തിന്റെ ആദ്യ ഭാഗം, ഞാൻ എഴുതിയതിനുമപ്പുറം-നിശിതമായ-ചാക്രികലേഖനത്തിൽ, ‘ഇവാഞ്ഞലി ഗോഡിയ’ത്തിൽ , കാടുകയറിയ, സ്വതന്ത്ര മുതലാളിത്തം- ഞാൻ ഇങ്ങനെ പറഞ്ഞിട്ടില്ല. എല്ലാം അതിൽ എഴുതിയിട്ടുണ്ട്; അതിനപ്പുറം എന്തെങ്കിലും പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല, എന്നോട് പറയൂ. എന്താണോ എഴുതിയിട്ടുള്ളത്, അതാണ് ഞാൻ പ്രസംഗിച്ചീട്ടുള്ളത്; അത് ധാരാളം, ധാരാളം അ ത് മതിയാകും.
നെൽസൺ കാസ്ട്രോ, റേഡിയോ കോണ്ടിനെൻറ്റൾ : രണ്ടു കാര്യങ്ങളിൽ, വിമതരെസംബന്ധിച്ചതാണ് ചോദ്യം എന്തുകൊണ്ടാണ് അവരെ കാണേണ്ടതെന്ന് തീരുമാനിച്ചത്? അങ്ങയുടെ അടുത്തേക്ക് ഒരു തടവുകാരൻ എത്തിയപ്പോഴേക്കും, അറസ്റ്റുചെയ്യപ്പെട്ടു. ചോദ്യം ഇതാണ്; രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വഷണത്തിൽ കത്തോലിക്കസഭക്ക് ഒരു സ്ഥാനം ഉണ്ടോ?ക്യുബാ-- അമേരിക്ക ബന്ധം പുന:സ്ഥാപിക്കുന്നതിന് സഭ ഒരു പങ്ക് വഹിച്ചിരുന്നനിലക്ക്.ക്യൂബയിലെ വ്യത്യസ്ഥമായി ചിന്തിക്കുന്നവർക്ക്, സ്വാതന്ത്ര സംബന്ധമായ വിഷയം ഒരു പ്രശനം തന്നെയാണ്. ക്യൂബയിലെ കത്തോലിക്കാസഭയക്ക് ഇതിൽ ഒരു പങ്കുവഹിക്കാനുണ്ടെ ന്നുള്ളത് സഭാ തലവനായ അങ്ങയുടെ ചിന്തയിലുണ്ടോ?
പോപ്പ് ഫ്രാൻസിസ്:- ആദ്യത്തേത്; ‘അവരെ’-എന്നത് ‘അവരെ’ കണ്ടില്ല. ഇല്ല, ഓരൊറ്റ വ്യക്തിയേയും ഞാൻ കണ്ടില്ല. അത് ഓരോരുത്തർക്കും ബാധകമാണ്. സംസ്ഥാനത്തലവൻ ഉണ്ടായിരുന്നു. ഞാൻ അവരോട് പറഞ്ഞു, “സാദ്ധ്യമല്ല”. തന്നെയുമല്ല, വിമതരുമായി എനിക്ക് ഒരേർപ്പാടുമില്ല. അവരുമായി ആകെയുള്ള സമ്പർക്കം ഞാൻ നേരത്തെ വിശിദീകരിച്ചുകഴിഞ്ഞല്ലോ.ഇവിടുത്തെ സഭ, അതായത്, ക്യൂബയിലെ സഭ, മാപ്പുകൊടുക്കേണ്ട ‘തടവുകാരുടെ’ പട്ടികതയ്യാറാക്കിയിരുന്നു; മൂവായിരത്തിലധികം തടവുകാർക്ക് മാപ്പുകൊടുത്തു; ബിഷപ്പുകോൺഫ്രൻസിന്റെ അദ്ധ്യക്ഷൻ അങ്ങനെയാണ് എന്നോട് പറഞ്ഞത്.
ഫാ. ഫെഡറികോലൊംബാർഡി:- 3000-ലധികമുണ്ടായിരുന്നു.
പോപ്പ് ഫ്രാൻസിസ്:- 3000-ലധികമുണ്ടായിരുന്നു; മ റ്റുള്ളവരുടെ കേസുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാപ്പുകൊടുക്കേണ്ട തടവുകാരുടെ കാര്യത്തിൽ ഇവിടെ ക്യൂബയിലുള്ള സഭ പ്രവർത്തനബദ്ധമാണ്. ഉദാഹരണത്തിന്, ആരോ എന്നോട് പ റ ഞ്ഞു, “ ഈ ജീവപര്യന്തതടവുശിക്ഷ അവസാനിപ്പിച്ചാൽ വളരെ നന്നായിരിക്കും”.
വ്യക്തമായി പറഞ്ഞാൽ, ജീവപര്യന്തതടവുശിക്ഷ കപടവേഷം ധരിച്ച മരണശിക്ഷ തന്നെയാണ്. ഓരോ ദിവസവും അവിടെ കിടന്ന് മരിക്കാതെ മരിച്ചുകൊണ്ടിരിക്കുകയാണ്; മോചനമെന്ന മോഹം ലവലേശമില്ലാതെ. ഇത് വെറും സാങ്കൽപ്പികസിദ്ധാന്തം, മറ്റൊന്ന്, ഒന്നോ രണ്ടോ വർഷത്തേക്ക് ഒരു പൊതുമാപ്പ് നൽകുന്നു എന്നതാണ് വേറൊരു സിദ്ധാന്തം.
എന്നാൽ സഭ ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ മോചിതരായ 3000 പേരും സഭയുടെ പട്ടികയിൽപെട്ടവരാണെന്ന് ഞാൻ പറയുന്നില്ല. ഇല്ല, സഭ പട്ടിക ഉണ്ടാക്കി, എത്ര പേരുടേതാണന്ന് അറിഞ്ഞു കൂടാ, അത് ഉണ്ടാക്കുന്നത് തുടരുകയും ചെ യ്യും.
റോജല്ലോ മോറാ താഗ്ലി, Telemundo: (ഒരു ചെറിയ കാലത്തിനകം, പല മാർപ്പാപ്പമാരും ക്യൂബ സന്ദർശിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചു കൊണ്ട്) പരിശുദ്ധ പിതാവേ, ക്യൂബാ ഏതൊ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുകയാണോ? ഒരു രോഗിയാണോ?
പോപ്പ് ഫ്രാൻസിസ്: ഇല്ല, ഇല്ല. ആദ്യമായി ജോൺപോൾ രണ്ടാമൻ തന്റെ ഐതിഹാസിക സന്ദർശനം നടത്തി; അത് ഒരു സ്വാഭാവിക സംഭവം. സഭയെ കടന്നാക്രമിച്ചു കൊണ്ടിരുന്ന രാജ്യങ്ങൾ ഉൾപടെ, നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. അതു പോലെ അല്ലായിരുന്നു ഇത്. രണ്ടാമത്തേതായിരുന്നു പോപ്പ് ബനഡിക്ടിന്റേതും. അത് സാധാരണക്രമത്തിന്റെ ഉള്ളീൽ പെട്ടതായിരുന്നു. എന്നാൽ എന്റേത് ഒരു വിധത്തിൽ യാദൃശ്ചികമായതാണ്, കാരണം, ഞാനാദ്യം പദ്ധതിയിട്ടത് മെക്സിക്കോ വഴി യുഎസ്സിലേക്ക് പോകാനാണ്. അതായിരുന്നു ആദ്യത്തെ ആശയം, അല്ലേ സിയുദാദു ജവാരസ്?
പക്ഷെ, ഗ്വാദലൂപ്പെയിലെ മാതാവിനെ കാണാതെ മെക്സിക്കോ വഴി പോകുക എന്നാൽ, (മുഖത്ത്) ഒരടി കിട്ടേണ്ട കാര്യമാണ്. അപ്പോൾ ഇങ്ങനെ സഭവിച്ചു, ഇങ്ങനെ സംഭവിച്ചു പോയതാണ്. അങ്ങനെ, അത് മുന്നോട്ട് നീങ്ങി, ഇങ്ങനെയാണ് അവസാനിച്ചത്. കഴിഞ്ഞ ഡിസംബർ 17-ന്, ഏറെക്കുറേ എല്ലാം സംഘടിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തി, ഏകദേശം ഒരു വർഷം കൊണ്ടുള്ള ഏർപ്പാട്; അപ്പോഴാണ് ഞാൻ പറഞ്ഞത്, “ഇല്ല, ഞാൻ ക്യൂബ വ്ഴിയാണ് യുഎസ്സിലേക്ക് പോകുന്നത്”, എന്നും. ഇക്കാരണത്താലാണ് ഞാൻ ഇപ്രകാരം തിരഞ്ഞെടുത്തത്; അല്ലാതെ മറ്റു രാജ്യങ്ങൾക്കില്ലാത്ത ഒരു പ്രത്യേകരോഗം ഈ രാജ്യത്തിനുള്ളത് കൊണ്ടല്ല.
ഈ മൂന്ന് സന്ദർശനങ്ങളേയും ഞാൻ വ്യാഖ്യാനിക്കുന്നില്ല, ഞാനടക്കമുള്ള പോപ്പുമാർ സന്ദർശിച്ചിട്ടുള്ള കാരണത്താൽ. ഉദാഹരണമായി, ബ്രസീലും മറ്റു രാജ്യങ്ങളും കൂടുതലായി സന്ദർശിച്ചിട്ടുണ്ട്. ജോൺപോൾരണ്ടാമൻ മൂന്നോ നാലോ തവണ ബ്രസീൽ സന്ദർശിച്ചിട്ടുണ്ട്; ബ്രസീൽ പ്രത്യേകമായി രോഗബാതിധയല്ലായിരുന്നു. ക്യൂബയിലെ ക്രിസ്തീയ സമൂഹത്തോടും ജനങ്ങളേയും കാണാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. കുടുംബങ്ങളുമായുള്ള ഇന്നത്തെ സംഗമം വളരെ നല്ലതായിരുന്നു.
വളരെ സുന്ദരമായിരുന്നു സ്പാനിഷ് ഭാഷയിൽ ൻഞാ സംസാരിച്ചതിൽ, ഖേദിക്കുന്നു. നിങ്ങൾക്ക് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ അധികം നന്ദി!
