India - 2026

വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ പരീക്ഷകള്‍; തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

പ്രവാചകശബ്ദം 24-03-2026 - Tuesday

ന്യൂഡൽഹി: എൻജിനിയറിംഗ് പ്രവേശന പരീക്ഷ (ജെഇഇ-മെയിൻ) ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. പെസഹാ വ്യാഴമായ ഏപ്രിൽ രണ്ട്, ദുഃഖശനി ദിവസമായ ഏപ്രിൽ നാല്, ഈസ്റ്റർ ദിവസമായ ഏപ്രിൽ അഞ്ച് തുടങ്ങി വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.

അടുത്തമാസം ആദ്യം ആരംഭിക്കുന്ന പരീക്ഷയുടെ സമയക്രമം ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇതിനു പുറമേ ആറ്, എട്ട് തീയതികളിൽ പേപ്പർ ഒന്ന് (ബിഇ, ബിടെക്) നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബിആർക്, ബി പ്ലാനിംഗ് എന്നിവയ്ക്കുള്ള പേപ്പർ രണ്ട് ഏപ്രിൽ ഏഴിന് നടത്തുമെന്നും എൻടിഎയുടെ പരീക്ഷ സമയക്രമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തേ ഏപ്രിൽ രണ്ട് മുതൽ ഒൻപത് വരെയുള്ള ദിവസങ്ങളിൽ പരീക്ഷ നടത്തുമെന്നായിരുന്നു എൻടിഎ അറിയിച്ചത്.

പെസഹ, ഈസ്റ്റർ ദിനങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്‌തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നു കത്തോലിക്ക കോൺഗ്രസ് പ്രസ്താവിച്ചു. സർക്കാർ അനുവാദമില്ലാതെ ഇത് നടക്കില്ല. ഓശാന തിരുനാളിന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പരിശീലനവും ഭര ണഘടനാപരമായ അവകാശം നിഷേധിക്കലാണ്. മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും ഒതുക്കേണ്ടതല്ല. തിരുന്നാൾ ദിനങ്ങളിൽ പലവിധ മാർഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തെ മുറിവേല്പിക്കുന്നതാണെന്നും കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ക്രൈസ്തവ വിശ്വാസികൾ അങ്ങേയറ്റം ഭക്തിയോടെ ആചരിക്കുന്ന പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ ദിനങ്ങളിൽ പ്രധാനപ്പെട്ട മത്സര പരീക്ഷകളും സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള തിരഞ്ഞെടുപ്പ് ട്രെയിനിങ് പ്രോഗ്രാമുകളും നിശ്ചയിച്ചിട്ടുള്ള അധികൃതരുടെ നടപടിയിൽ കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശുദ്ധ ദിനങ്ങളിൽ പരീക്ഷകളും മറ്റ് ഔദ്യോഗിക തിരക്കുകളും അടിച്ചേൽപ്പിക്കുന്നത് ഭരണ ഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും കെ‌സി‌വൈ‌എം ചൂണ്ടിക്കാട്ടി.


Related Articles »